ഗൗരി ലങ്കേഷ് വധം: ഗൂഢാലോചനയില്‍ നാല് ഉന്നത തീവ്ര ഹിന്ദു നേതാക്കളും

Posted on: July 5, 2018 9:38 am | Last updated: July 5, 2018 at 10:24 am
SHARE

ബെംഗളൂരു: ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ തീവ്ര ഹിന്ദുത്വ സംഘടനയിലെ നാല് ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചന. വിരമിച്ച സൈന്യാധിപന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസില്‍ അറസ്റ്റിലായവരുടെ ഹിറ്റ്‌ലിസ്റ്റിലുള്ള സംസ്ഥാനത്തെ മറ്റ് പുരോഗമന വാദികളെ കൊലപ്പെടുത്താന്‍ ഇവര്‍ ഉള്‍പ്പെട്ട സംഘം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഢാലോചനയുടെയും ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ് ഐ ടി.
അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കൊലപാതകത്തില്‍ പ്രധാനമായും നാല് സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിലേക്ക് എത്താന്‍ സഹായകമായ തെളിവുകളും എസ് ഐ ടിക്ക് ലഭിച്ചു.

പൂനെ സ്വദേശിയായ അമോല്‍ കലേ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് വിശദമായി ചോദ്യം ചെയ്യുന്നത്.
ഗൗരി ലങ്കേഷ് നടത്തിയ വിവിധ പ്രഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ കാണിച്ചുകൊടുത്താണ് അമോല്‍ കലേയെ കൊലപാതക കൃത്യത്തില്‍ പങ്കാളിയാക്കിയത്. ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയ ഗൗരി ലങ്കേഷിനെ വധിക്കണമെന്ന നിര്‍ദേശമാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് അമോല്‍ കലെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഈ സംഘം രാജ്യത്തെ പുരോഗമന വാദികളായ 36 പേരെ വധിക്കാന്‍ പദ്ധതിയിട്ടതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് ഈ വിവരമുണ്ടായിരുന്നത്. ഇതില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നും പത്ത് പേര്‍ കര്‍ണാടകയില്‍ നിന്നുമുള്ളവരുമാണ്. ഭൂരിഭാഗവും വനിതാ ആക്ടിവിസ്റ്റുകളാണ്. കെ എസ് ഭഗവാനും ഗിരീഷ് കര്‍ണാടും ഈ പട്ടികയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here