Connect with us

Editorial

ഡി ജി പി നിയമനം കേന്ദ്രത്തിന് വിടുമ്പോള്‍

Published

|

Last Updated

സംസ്ഥാന പോലീസ് മേധാവി നിയമനം കേന്ദ്ര സര്‍ക്കാറിന്റ നിയന്ത്രണത്തിലുള്ള യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് (യു പി എസ് സി) വിട്ട സുപ്രീംകോടതി ഉത്തരവില്‍ കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ആശങ്കയിലാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ അവഗണിക്കപ്പെടാനും കേന്ദ്രത്തില്‍ പിടിപാടുള്ളവര്‍ക്ക് എളുപ്പത്തില്‍ പോലീസ് തലപ്പത്തെത്താനും ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല അധികാരങ്ങളിലും കേന്ദ്രം പിന്‍വാതിലിലൂടെ കടന്നുകയറുന്ന ഒരു സാഹചര്യമാണ് നിലവിലുളളത്. ബി ജെ പി ഇതര പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിലാണ്. ഡി ജി പി നിയമനം സംബന്ധിച്ച കോടതി ഉത്തരവ് കേന്ദ്ര, സംസ്ഥാന ബന്ധം കൂടുതല്‍ വഷളാക്കുമോ എന്ന് ആശങ്കയുണ്ട്.
പോലീസ് മേധാവിമാരെ നിയമിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ നേരിട്ടു നിയമിക്കുന്നതിനു പകരം, താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക അവര്‍ യു പി എസ് സിക്ക് അയക്കണമെന്നും യു പി എസ് സി തിരഞ്ഞെടുത്ത് തിരിച്ചയക്കുന്ന മൂന്നു പേരില്‍ ഒരാളെ സംസ്ഥാനം ഡി ജി പിയായി നിയമിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഒരു ഡി ജി പിയെ നിയമിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കു രണ്ട് വര്‍ഷത്തെ കാലാവധി നല്‍കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വിരമിക്കുകയാണെങ്കില്‍ മാത്രമേ ഈ കാലാവധിയില്‍ മാറ്റം വരുത്താന്‍ പാടുള്ളൂ.

പോലീസ് സേനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രകാശ് സിംഗ് കേസിലെ (2006) സുപ്രീംകോടതി വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പ്രകാശ് സിംഗ് കേസിലെ മാര്‍ഗനിര്‍ദേശങ്ങളെ ബാധിക്കും വിധം ഏതെങ്കിലും സംസ്ഥാനങ്ങള്‍ നിയമങ്ങളോ ചട്ടങ്ങളോ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അവ മരവിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്‍കാല ചരിത്രം, സര്‍വിസ് എന്നിവ പരിശോധിച്ച ശേഷം നിര്‍ദേശിക്കുന്ന മൂന്നു പേരില്‍ ഒരാളെയായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ ഡി ജി പിയായി നിയമിക്കേണ്ടത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യമായ നടപടിക്രമങ്ങളിലൂടെയാകണം നിയമനം. നിലവിലെ പോലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പേ സംസ്ഥാനങ്ങള്‍ പട്ടിക കൈമാറണം. ഉദ്യോഗസ്ഥരുടെ സേവനകാലാവധി, പരിചയസമ്പത്ത്, മറ്റു യോഗ്യതകള്‍ എന്നിവ പരിഗണിച്ചാണ് യു പി എസ് സി മൂന്നുപേരുടെ പട്ടിക നിര്‍ദേശിക്കേണ്ടത് തുടങ്ങിയവയാണ് കോടതി നിര്‍ദേശങ്ങള്‍. അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ മാനദണ്ഡങ്ങള്‍ പാലിച്ചത്.

ഡി ജി പി നിയമനം യു പി എസ് സിക്ക് വിടുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. ക്രിമിനല്‍, അഴിമതി പശ്ചാത്തലമുള്ളവരെ ഒഴിവാക്കപ്പെടുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഡി ജി പി കസേര നേടുന്ന പ്രവണത ഇല്ലാതാകും. രാഷ്ട്രീയക്കാരെ ഭയക്കാതെ ഡി ജി പിക്ക് രണ്ട് വര്‍ഷം നിയമപ്രകാരം പ്രവര്‍ത്തിക്കാനാകും. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറുകളുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് നിയമനത്തില്‍ മുഖ്യമാനദണ്ഡം. അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ നിയമനം ഉദാഹരണം. ബി ജെ പി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച ദവഷെര്‍പയെയാണ് യു പി സര്‍ക്കാര്‍ പോലീസ് തലപ്പത്ത് നിയമിച്ചത്. 2008-2012 കാലത്ത് ബി ജെ പിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവെന്നതായിരുന്നു യോഗി ആദിത്യനാഥ് കണ്ട പ്രധാന യോഗ്യത. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലക്ക് മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥന്റെ നിയമനത്തില്‍ ഇത്തരത്തില്‍ രാഷ്ട്രീയം മാനദണ്ഡമാക്കുന്നത് അവസാനിപ്പിക്കേണ്ടതു തന്നെയാണ്. അതേസമയം സുപ്രീം കോടതി ജഡ്ജിയുടെ പദവിയുള്ള യു പി എസ് സി അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. മാത്രമല്ല, യു പി എസ് സി തയാറാക്കുന്ന പാനലില്‍ ഉള്‍പ്പെടാന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ ബി) ക്ലിയറന്‍സ് അനിവാര്യമായതിനാല്‍ കേന്ദ്രത്തിന് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ നിഷ്പ്രയാസം ഒഴിവാക്കാനുമാകും. കേന്ദ്രത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളും വര്‍ഗീയ അജന്‍ഡകളും മാനിക്കാന്‍ തയാറുള്ള സംഘ്പരിവാര്‍ അനുഭാവികളായ ഉദ്യോഗസ്ഥരായിരിക്കും പാനലില്‍ സ്ഥലം പിടിക്കുകയെന്നതാണ് അനന്തരഫലം. ഇതുവഴി മതന്യൂനപക്ഷങ്ങള്‍ക്കും ബി ജെ പിയുമായി രാഷ്ട്രീയ ശത്രുതയിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസില്‍ നിന്ന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ ഡി ജി പി നിയമനത്തിലെ സുപ്രീം കോടതി മാര്‍ഗരേഖ ഗുണത്തേക്കാളേറെ ദോഷകരമായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടതി നിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ ഭേദഗതിയാവശ്യപ്പെടാമെന്ന് വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി പറയുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പുനഃപരിശോധനാ ഹരജി നല്‍കാമെന്നത് ആശ്വാസകരമാണ്.

Latest