Connect with us

Articles

മലയാള സിനിമയിലെ ഒരമ്മയും കുറെ അപ്പന്മാരും

Published

|

Last Updated

വിശ്വാസങ്ങളുടെയല്ല അന്ധവിശ്വാസങ്ങളുടെ കൂടാണ് സിനിമ എന്ന പുത്തന്‍ മതം. പ്രത്യേകിച്ചും മലയാളത്തിലെ താരരാജാക്കന്മാരുടെ സിനിമ. കോടികളാണ് മുടക്കുമുതല്‍. മുടക്കുന്ന കോടികളുടെ പലമടങ്ങ് ബുദ്ധിയുറക്കാത്ത ഇവിടുത്തെ ചെറുപ്പക്കാരുടെ പോക്കറ്റില്‍ നിന്നും സമാഹരിക്കാമെന്ന ലക്ഷ്യത്തോടെയാണ് സിനിമ വ്യവസായം നിലനില്‍ക്കുന്നത്. വെള്ളിത്തിര എന്ന സാങ്കല്‍പ്പിക സ്വര്‍ഗത്തിലെ ദൈവങ്ങളും ദേവതകളുമാണ് നടീനടന്മാര്‍. ഇവരില്‍ ഒരു ദൈവം ഒരു ദേവതയെ കൂലിക്കാളെവെച്ച് പീഡിപ്പിച്ചതിന്റെ കഥയാണ് സിനിമക്കുള്ളിലെ മറ്റൊരു സിനിമ പോലെ ജനം കണ്ടുകൊണ്ടിരിക്കുന്നത്. നടന്‍ നിരപരാധിയാണെന്ന് ഒരുകൂട്ടര്‍. അല്ല അപരാധിയെന്ന് മറ്റൊരു കൂട്ടര്‍. എന്തായാലും നടന്‍ ഇരുമ്പഴിയെണ്ണുകയും ഗോതമ്പുണ്ട തിന്നുകയും ചെയ്ത കാഴ്ച പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു.
നിരപരാധിത്വം തെളിയിക്കുന്നതിനു മുമ്പ് നടനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിലാണ് നടിമാരുടെ ആക്ഷേപം. ആര്‍ക്കായിരുന്നു ഇതിനിത്ര ധൃതി? ചോദ്യം പ്രസക്തമാകുന്നു. താരാധിപത്യത്തിന്റെ ആ ലോകത്ത് എന്തു ന്യായം എന്തന്യായം അവര്‍ക്കു തോന്നുന്നതാണ് അവരുടെ ന്യായം. പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മോഹന്‍ലാല്‍ പോലും ജാള്യത അഭിനയിച്ചു. വിദേശത്തായ അദ്ദേഹം നാട്ടില്‍ മടങ്ങിവന്നിട്ടുവേണം ബാക്കി അഭിനയം കൂടി മാലോകര്‍ക്കു കണ്ടുരസിക്കാന്‍. അമ്മയെന്ന ഈ താരസംഘടനയെ കാലാകാലം മേയ്ക്കുന്ന അപ്പന്മാരുടെ ആദ്യത്തെ വെട്ടുകൊണ്ടത് മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ നെഞ്ചത്തായിരുന്നു. ദിലീപിനെ പുറത്താക്കിയപ്പോള്‍ ഉണ്ടായ കോലാഹലം ഒന്നും തിലകനെ പുറത്താക്കിയപ്പോള്‍ കേട്ടില്ല. ദിലീപിന്റേത് പെണ്‍ വിഷയമായിരുന്നെങ്കില്‍ തിലകനെതിരെ പറയാനുണ്ടായിരുന്നത് കേവലം സംഘടനാപരമായ അച്ചടക്കലംഘനമായിരുന്നു. അച്ചടക്കം ഇരുമ്പുലക്കയാണല്ലോ അതുവളയ്ക്കാന്‍ ഒരു ഫാസിസ്റ്റ്‌സംഘടനയും അതിലെ അംഗങ്ങളെ അനുവദിക്കുകയുമില്ല. എന്തച്ചടക്കം പറഞ്ഞാലും സ്വന്തം ഫാന്‍സ് അസോസിയേഷനുകളുണ്ടാക്കി കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറുമാന്തിക്കുന്നതില്‍ ഈ മഹാനടന്മാരും പിന്നിലല്ല. അവരുടെ പടങ്ങളെ ഹിറ്റാക്കുന്നത് ഈ ഫാനുകളാണെന്നവര്‍ വിശ്വസിക്കുന്നു. ഫാനുകളെ ഇളക്കിവിട്ട് തെരുവില്‍ കൂത്താട്ടം നടത്തിച്ചിട്ട് അവരെ ശാസിക്കുക എന്ന മറ്റൊരഭിനയവും ഇവരുടെ ഇടയില്‍ പതിവാണ്. അഭിനയം അതാണല്ലോ എല്ലാം! ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് ഭ്രാന്ത് വന്നാല്‍ അവരെ ഭ്രാന്താലയത്തില്‍ അടക്കാം. ഒരാള്‍ക്കൂട്ടത്തിനാകെ ഭ്രാന്ത് പിടിച്ചാല്‍ നോക്കിനില്‍ക്കാനല്ലേ കഴിയൂ. മോഹന്‍ലാലിന്റെ കോലം കത്തിച്ചതിനും അതിനെതിരെയും ഫാന്‍സ് അസോസിയേഷനുകള്‍ തെരുവില്‍ കൂത്താടുന്നതിന്റെ ചിത്രവും നമ്മള്‍ കണ്ടു.

സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചാണ് വുമണ്‍കലക്ടീവ് ഇന്‍ സിനിമ എന്ന പെണ്‍പുലികളുടെ പ്രതിഷേധം. wcc എന്നാല്‍ ലോകസഭകൗണ്‍സില്‍ (വേള്‍ഡ് കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് എന്നു ധരിച്ചുവെച്ചവര്‍ അതു തിരുത്തികൊള്ളുക. ഇനിമേല്‍ അതു സിനിമാനടികളുടെ മാത്രം ഒരു സംഘടനയാണ്. ചുരുക്കത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഈ കാക്കരശ്ശിനാടകം അമ്മയുടെ അപ്പന്മാര്‍ക്കും ആണ്‍മക്കള്‍ക്കും എതിരെ കുറെ പെണ്‍മക്കള്‍ നടത്തുന്ന പ്രതിഷേധം ആണ്. ഇതില്‍ സര്‍ക്കാര്‍ ആരുടെ ഭാഗത്ത് നില്‍ക്കും എന്നതാണ് മറ്റൊരു പൊതിയാതേങ്ങ. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന അതിര്‍ത്തിതര്‍ക്കം എന്നു പണ്ടു ഇ എം എസ് പറഞ്ഞതുപോലെ ഒഴിഞ്ഞുമാറാന്‍ കൊടിയേരിക്കോ പിണറായിക്കോ കഴിയില്ല. സുധാകരന്‍ മന്ത്രിയും വൃന്ദാകാരാട്ടും ഒക്കെ ചിലവെടികള്‍ പൊട്ടിച്ചെങ്കിലും ഇടതുപക്ഷം ആകെ ആശയക്കുഴപ്പത്തിലാണ്. കാരണം അവരുടെ മൂന്നു കിടിലന്‍ സഖാക്കളാണ് അമ്മയുടെ അപ്പന്മാര്‍. അവരാണെങ്കില്‍ ഒന്നും വിട്ടുപറയുന്നുമില്ല. മുഖത്തുനോക്കിയാല്‍ ആരും ചിരിച്ചുപോകുന്ന ഇന്നസെന്റ്. കുറ്റം പറയരുതല്ലൊ ആ പേരു സൂചിപ്പിക്കുന്നതുപോലെ അത്രമേല്‍ ഇന്നസ്സന്‍സ് ആണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തെ കോണ്‍ഗ്രസോ ബി ജെ പിയോ റാഞ്ചി എം പി ആക്കുന്നതിനുമുമ്പ് തങ്ങളുടെ സ്വന്തം എം പി ആക്കിയതില്‍ സി പി എം വിജയിച്ചു. ഒരു എം പി എന്നു പറഞ്ഞാല്‍ ചില്ലറമൊതലുവല്ലതും ആണോ? ഇനിശേഷിച്ച മറ്റു രണ്ടു പേര്‍ പാര്‍ട്ടിയുടെ കരുതല്‍ നിക്ഷേപം ആയ എം എല്‍ എമാരാണ്. മുകേഷും ഗണേഷ്‌കുമാറും. ഇടതുകാലും വലതുകാലും ഒരുപോലെ സ്വാധീനം ഉള്ളവരായതിനാല്‍ അവരെവിടെ എപ്പോള്‍ എങ്ങനെ ചവിട്ടും എന്നൊരു കണ്ണ് എപ്പോഴും അവര്‍ക്കുമേല്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നറിയാവുന്നതിനാലാണ് നടികര്‍ തിലകത്തെ തിരിച്ചെടുത്തതിനെതിരെയുള്ള പെണ്‍കൂട്ടായ്മക്കുപിന്തുണ കൊടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇപ്പോഴത്തെ ഈ അഴകുഴമ്പന്‍ നയം സ്വീകരിക്കുന്നതെന്നു തോന്നുന്നു. തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ കൊണ്ട് മലയാളിയുടെ കാതുമാത്രം അല്ല ബുദ്ധിയും ചിന്താശേഷിയും അടച്ചുകളഞ്ഞ മറ്റൊരു മഹാനടന്‍ ബി ജെ പി പാളയത്തിലൂടെ രാജ്യസഭയില്‍ പ്രവേശിച്ചു. ഇപ്പോഴത്തെ ഈ സിനിമ വിവാദത്തില്‍ താനീ നാട്ടുകാരനെ അല്ലെന്ന ഭാവത്തിലായിരുന്നല്ലൊ, സുരേഷ്‌ഗോപി എം പി മാധ്യമങ്ങളോടു പ്രതികരിച്ചത്.
സിനിമാനടന്മാരുടെയും നടികളുടെയും രാഷ്ട്രീയ പ്രവേശം തമിഴന്മാര്‍ക്കും തെലുങ്കന്‍ മാര്‍ക്കും ഇടയില്‍ എളുപ്പമായതു പോലെ മലയാളികള്‍ക്കിടയില്‍ എളുപ്പമായിരിക്കില്ല എന്ന കണക്കുക്കൂട്ടല്‍ പിഴക്കുന്ന ലക്ഷണമാണ് കാണുന്നത്. ഇവിടെയും പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയില്‍ താരാരാധന അത്രമേല്‍ പ്രബലമാണ്.

കലാകാരന്മാരാണിവരെന്നാണ് സങ്കല്‍പം. കലാകാരന്‍ ഒരേസമയം രാഷ്ട്രീയക്കാരനും കലാകാരനുമായി പ്രത്യക്ഷപ്പെടുന്നതിലെ വൈരുധ്യം അധികം ആരും ചര്‍ച്ച ചെയ്തു കണ്ടില്ല. അവസരങ്ങളെ മുതലാക്കുന്ന കലയാണ് രാഷ്ട്രീയം ((politics is an art of oppurtunity)
) എന്നൊരു നിര്‍വചനവും രാഷ്ട്രീയത്തിനാരോ നല്‍കിയിട്ടുണ്ട്. തന്നിന്ത്യന്‍ സമൂഹത്തെ ഇത്രമേല്‍ അരാഷ്ട്രീയവത്കരിച്ചതില്‍ സിനിമ വഹിച്ച പങ്ക് ഒരു ഗവേഷണ വിഷയം തന്നെയാക്കാവുന്നതാണ്. നീലകോളര്‍ (തൊഴിലാളി വര്‍ഗം) പാര്‍ട്ടികള്‍, വെള്ളകോളര്‍ (ബ്യൂറോ ക്രാറ്റുകള്‍) പാര്‍ട്ടികളായും പിന്നീടവ സെലിബിറ്റികളുടെ പാര്‍ട്ടികളായും മാറുന്ന കാഴ്ചയാണ് സിനിമാതാരങ്ങള്‍ക്ക് രാഷ്ട്രീയ മേല്‍ക്കോയ്മയുള്ള നാടുകളില്‍ കണ്ടുതുടങ്ങിയിരിക്കുന്നത്. സെലിബിറ്റികള്‍ക്കു വേണ്ടി ഭരണം നടത്തുന്ന നാട്ടില്‍ ജനാധിപത്യം കേവലം ഏട്ടിലെ പശുവായി മാറുന്നു. സംഘടിച്ച് ശക്തരാവുക എന്ന സാമാന്യ ജനത്തിന്റെ മുദ്രാവാക്യം ബ്യൂറോക്രാറ്റുകളും സെലിബിറ്റികളും ചേര്‍ന്ന് തട്ടിയെടുത്ത് സ്വന്തമാക്കിയിരിക്കുന്നു. ഇവരുടെ സംഘടനാശേഷിക്കു മുമ്പില്‍ സാമാന്യജനത്തിനു അടിയറവു പറയേണ്ടിവന്നിരിക്കുന്നു. ഈ സെലിബിറ്റികളെ കണ്ണാടിക്കൂട്ടിലെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന സ്വര്‍ണമത്സ്യങ്ങളെന്നാണ് അന്തരിച്ച പ്രൊഫസര്‍ എം എന്‍ വിജയന്‍ ഒരു പ്രബന്ധത്തില്‍ വിശേഷിപ്പിച്ചത്. അക്വേറിയത്തിലെ വളര്‍ത്തുമീനുകള്‍ കടലിലെ മത്സ്യങ്ങള്‍ക്കു മേല്‍ ആധിപത്യം വഹിക്കുന്ന വിചിത്രകാഴ്ചയാണിത്. ഏതൊരുതരം സ്വേച്ഛാധിപത്യ വാഴ്ചകള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ സെലിബിറ്റി വാഴ്ച വഴിവെക്കുന്നു എന്നാണ് ലോകചരിത്രം നല്‍കുന്ന പാഠം.

സിനിമക്കാരുടെ സംഘടന അമ്മയായാലും ഡബ്ലിയു സി സി ആയാലും അതൊരു പ്രൊഫഷനല്‍ ബോഡിയാണോ ട്രേഡ് യൂനിയനാണോ എന്നുവ്യക്തമല്ല. രണ്ടിന്റെയും കൂടിച്ചേരലാണെന്ന് പറയുമായിരിക്കും. പ്രമുഖ നടന്‍ ജോയി മാത്യു പറയുന്നത് ഇതില്‍ ക്ലാസ്-1 അംഗങ്ങളും ക്ലാസ്-4 അംഗങ്ങളും ഉണ്ടെന്നാണ്. അദ്ദേഹം അതില്‍ വെറുമൊരു ക്ലാസ് ഫോര്‍ ആണത്രെ. ക്ലാസ്-4 ല്‍ നിന്നും ക്ലാസ്-1 ആയി പ്രൊമോഷന്‍ ലഭിച്ചാല്‍ അഭിപ്രായത്തിന് മാറ്റം വരുമോ എന്നറിയില്ല. ദിവസക്കൂലിക്കു പണിയെടുക്കുന്ന ലൈറ്റ് ബോയ്‌സും ട്രോളി ഉരുട്ടുന്ന കുശിനിപണിക്കാരും ചെറുകിട സാങ്കേതികവിദഗ്ധരും എല്ലാം സിനിമയുടെ ഭാഗമാണ്. അവരനുഭവിക്കുന്ന ചൂഷണത്തിന് അയവുവരുത്താന്‍ ട്രേഡ് യൂനിയന്‍ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതിന് കുറ്റം പറയാനാവുകയില്ല. എന്നാല്‍ അതല്ല മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഗണേശ്കുമാറും ഒക്കെ സംഘടന ഉണ്ടാക്കി വിലസുന്നത്. ഒരു സംഘടനയുടെയും പിന്‍ബലം കൂടാതെ നടന്നുപോകുന്ന വഴികളില്‍ സ്വന്തം പാദമുദ്രകള്‍ പതിപ്പിക്കാന്‍ ശേഷിയുള്ളവരാണവര്‍. സ്വന്തം കഴിവുകളെക്കുറിച്ചുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ് ഇവരുടെ ഈ സംഘടനാ ഭ്രാന്ത്. തനിക്കു ശേഷം പ്രളയം, പിന്നാലെവരുന്നവരുടെ അവസരം നഷ്ടപ്പെടുത്തുക തങ്ങള്‍ അംഗീകരിക്കുന്ന തിരക്കഥയെ സിനിമയാക്കാവൂ. തങ്ങള്‍ അഭിനയിച്ചാലേ സിനിമ വിജയിക്കൂ എന്നൊക്കെയുള്ള ധാര്‍ഷ്ട്യം വളര്‍ത്തിയെടുക്കാനാണ് നാട്ടിലെ ബുദ്ധിയുറക്കാത്ത ചെറുപ്പക്കാരെ കൊണ്ട് സ്വന്തം പേരിന്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കി ചരടുവലി നടത്തുന്നത്. യാതൊരു നീതിബോധവും ഇല്ലാത്ത തരത്തില്‍ പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങിക്കുക, സംഭാവനകള്‍ സംഘടനയിലൂടെ മാത്രം എന്നു പറഞ്ഞ് പിരിവിനുവരുന്നവരെ പടിക്കു പുറത്ത് നിറുത്തുക, നികുതിവെട്ടിപ്പ്, ആനക്കൊമ്പ് ശേഖരണം ഇവക്കൊക്കെ നേരേ കണ്ണടക്കാന്‍ ഉദ്യോഗസ്ഥരെയും ഗവണ്‍മെന്റിനെയും സ്വാധീനിക്കുക ഇങ്ങനെ ബഹുവിധ പരിപാടികളാണ് ഇത്തരം സംഘടനകളുടെ രഹസ്യഅജന്‍ഡ. നിര്‍മാതാവ് കുത്തുപാളയെടുത്താലും സിനിമ എട്ടുനിലയില്‍ പൊട്ടിയാലും പ്രതിഫലകാര്യത്തില്‍ വിട്ടുവീഴ്ചയൊന്നുമില്ല. തങ്ങളല്ലെങ്കില്‍ തങ്ങളുടെ മക്കള്‍ എന്ന നിലപാടാണ് പലര്‍ക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അടിസ്ഥാനദൗത്യം മറന്ന് ഇവര്‍ക്ക് കുടപിടിച്ച് കൊടുക്കുന്നത് ഇവരുടെ ആരാധകരുടെ പത്തുവോട്ടുകിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്നുകരുതിയാണ്.ഇത്തരക്കാരെ തിരഞ്ഞ് പിടിച്ച് എം പിയും എംഎല്‍ എയും ഒക്കെ ആക്കിയിട്ട് ആര്‍ക്കെന്തുപ്രയോജനം?
സമീപ വര്‍ഷങ്ങളില്‍ മലയാളത്തില്‍ പോലും എത്രയോ നല്ല സിനിമകള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും സ്‌കൂള്‍ ഓഫ് ഡ്രാമായിലും ഒക്കെ പഠിച്ച് കലയുടെ മര്‍മം ഗ്രഹിച്ച പ്രതിഭാധനരായ ഇവരുടെ പല സൃഷ്ടികള്‍ക്കും തിയേറ്റര്‍ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. വന്‍ തുക മുടക്കി പരസ്യം നല്‍കാനോ പരസ്യം നല്‍കല്‍ വഴി മാധ്യമങ്ങളെ സ്വാധീനിക്കുവാനോ ശേഷിയില്ലാത്ത ഇവരുടെ കലാസൃഷ്ടികള്‍ വിദേശരാജ്യങ്ങളിലെ ചലച്ചിത്രമേളകളിലും ഇന്റര്‍നെറ്റുകളിലും കുടുങ്ങി ജനശ്രദ്ധ ലഭിക്കാതെ പൊലിഞ്ഞുപോകുന്നു. പലരും പ്രഥമസംരംഭത്തോടെ പെട്ടിമടക്കി രംഗം വിടുന്നു.

വിരലിലെണ്ണാവുന്ന ഏതാനും നടന്മാരും പണച്ചാക്കുകളായ ചില നിര്‍മാതാക്കളും ലാഭത്തില്‍ മാത്രം കണ്ണുള്ള തീയ്യേറ്ററുടമകളും ഒത്തുചേര്‍ന്നുള്ള ഒരുതരം വിഷലിപ്ത കൂട്ടുകെട്ടായി നമ്മുടെ മുഖ്യധാരാ സിനിമാലോകം അധഃപതിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ ദോഷഫലം അനുഭവിക്കേണ്ടിവരുന്നത് പ്രധാനമായും പൊതു സമൂഹമാണ്. നമ്മുടെ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ പകല്‍ സിനിമക്കുള്ള തള്ളിക്കയറ്റത്തില്‍ എപ്പോഴും മുന്‍നിരക്കാരായി പ്രത്യക്ഷപ്പെടാറുള്ളത് കോളേജ് വിദ്യാര്‍ഥികളാണ്. വല്ല പുസ്തകവും വായിച്ചും ക്ലാസ്സില്‍ അടങ്ങിയൊതുങ്ങിയിരുന്ന് പഠിച്ചും വിവരമുണ്ടാക്കേണ്ട പ്രായവും സമയവും നമ്മുടെ ചെറുപ്പക്കാര്‍ തിയേറ്ററുകളിലെ അരണ്ട വെളിച്ചത്തില്‍ ഇരുന്ന് അലറിവിളിച്ചും ആക്രോശിച്ചും സ്വപ്‌നം കണ്ടും പാഴാക്കി കളയുന്നു. അടുത്ത കാലം വരെയും ഈ വിഷയത്തില്‍ ആണ്‍കുട്ടികള്‍ക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ അതുമാറി. ആണും പെണ്ണും സമത്വം കൈവരിച്ച് കഴിഞ്ഞു. മിക്ക ക്യാമ്പസുകളിലും ലോക സിനിമയുടെ നല്ല പാക്കേജുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കോളജ് യൂനിയന്‍ ഫണ്ട് ചെലവഴിച്ച് മികച്ച രീതിയില്‍ ആണ്ടുതോറും ചലച്ചിത്രോത്സവങ്ങള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഉണ്ട്. പക്ഷേ, വിദ്യാര്‍ഥികള്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുകയോ അധ്യാപകര്‍ അവരെ അതിനു സഹായിക്കുകയോ ചെയ്യുന്നില്ല എന്നതാണ് അനുഭവം.
എന്തുതന്നെയായാലും അമ്മയുടെ ഈ പെണ്‍മക്കള്‍ കരുത്താര്‍ജിക്കുകയാണ്. സിനിമയിലെ ആണ്‍വാഴ്ചയും മൂല്യച്യുതിയും പൊതുസമൂഹത്തിലേക്ക് ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചുകഴിഞ്ഞു. അടുത്തകാലത്ത് ഹിറ്റായ ഒരു മലയാള ചലച്ചിത്രഗാനമുണ്ടല്ലോ.”എന്റമ്മേടെ ജിമിക്കികമ്മല്‍, എന്റപ്പന്‍ കട്ടോണ്ടുപോയേ, എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചുതീര്‍ത്തേ.”ഭാര്യയുടെ കമ്മല്‍ മോഷ്ടിച്ച് വിറ്റിട്ട് ബ്രാണ്ടികുടിക്കുന്ന അപ്പന്മാരെ മലയാളിക്ക് പരിചിതമാണ്. എന്നാല്‍ അപ്പന്റെ ബ്രാണ്ടിക്കുപ്പി കുടിച്ചുതീര്‍ക്കുന്ന അമ്മമാര്‍ ഭാവിയുടെ ഒരു ഭീഷണിയാണ്. അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന പേരില്‍ ഈ പാട്ടിനു വിവിധ വ്യാഖ്യാന സാധ്യതകള്‍ ഒരുക്കുന്ന ഒരു നല്ല ചെറുകഥ എം മുകുന്ദന്‍ എഴുതിയത് ചിലരെങ്കിലും വായിച്ചിരിക്കും. മുകുന്ദന്റെ കഥയിലെ പെണ്‍കുട്ടിയുടെ അടക്കാനാവാത്ത മോഹമായിരുന്നു രണ്ട് ജിമിക്കിക്കമ്മല്‍. ക്ലാസിലെ മറ്റുകുട്ടികളുടെ ജിമിക്കിക്കമ്മല്‍ കണ്ടിട്ടുള്ള മോഹമായിരുന്നു അത്. കമ്മലിനുള്ള ഡിമാന്റ് അപ്പന്റെ മുന്നിലും അമ്മയുടെ മുന്നിലും മാറിമാറി അവതരിപ്പിച്ചു. പുകവലിയും മദ്യപാനവും ഒന്നുമില്ലാത്ത കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആദര്‍ശശാലിയാണ് അച്ഛന്‍. കമ്മല്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു മകളുടെ ഭീഷണി. മിടുമിടുക്കി, സുന്ദരിക്കുട്ടി, മകളുടെ ബുദ്ധിയിലും മികവിലും പഠനസാമര്‍ഥ്യത്തിലും അതിരുകടന്ന അഭിമാനവും സന്തോഷവും അനുഭവിച്ച ആളായിരുന്നു അവളുടെ അച്ഛന്‍. അവളുടെ ആഗ്രഹനിവര്‍ത്തിക്കായി എന്തുത്യാഗം സഹിച്ചും കമ്മല്‍ വാങ്ങിക്കൊടുക്കണമെന്ന തീരുമാനവും അല്‍പ്പവരുമാനക്കാരനായ ആ പാവം റിട്ടേര്‍ഡ് സര്‍ക്കാറുദ്യോഗസ്ഥന്‍ എടുത്തിരുന്നു. അവളുടെ അമ്മക്കാകട്ടെ മോളുടെ അച്ഛനെക്കുറിച്ചുള്ള വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു.”മോളേ ഇന്റച്ഛന്‍ ഒന്നിനും കൊള്ളാത്തവനാ. ആടിനെ മേയിക്കുന്നതു പോലെ ഇന്റച്ഛനെ ഇതുവരെ ഞാന്‍മേയിച്ചു നടന്നു. അതോണ്ടാ മ്മള് അന്നത്തിനു മുട്ടില്ലാതെ കയീന്നത്.”അപ്പനില്‍ നിന്ന് അമ്മയിലേക്കും അമ്മയില്‍ നിന്ന് അപ്പനിലേക്കുമുള്ള ദൂരം മകള്‍ കൃത്യമായി മനസ്സിലാക്കി. ജിമിക്കിക്കമ്മലിന് വേണ്ടിയുള്ള ആര്‍ത്തിയും അതു നിറവേറ്റിയില്ലെങ്കില്‍ തൂങ്ങിച്ചാകുമെന്ന മകളുടെ ഭീഷണിയും അമ്മ അവഗണിച്ചു. അച്ഛനെയാകട്ടെ മകളുടെ അലട്ടല്‍ വല്ലാതെ വിവശനാക്കി. ഒടുവില്‍ മകളെ ആത്മഹത്യയില്‍നിന്ന് രക്ഷപെടുത്താന്‍ സ്‌നേഹനിധിയായ ആ പിതാവ് കൊള്ളപ്പലിശക്കാരനോട് പണം കടം മേടിച്ച് കമ്മല്‍ വാങ്ങിക്കൊടുത്തു. പക്ഷേ ഒടുവില്‍ ആ പിതാവ് അയാളുടെ കിടക്കമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ചത്തു. എന്തൊരു ഭീകരമായ പര്യവസാനം. മുകുന്ദന്റെ കഥയിലെ ജിമിക്കികമ്മല്‍ നമ്മുടെ ഇടയില്‍ വളര്‍ന്നുവരുന്ന ഉള്ളുപൊള്ളയായ സൗന്ദര്യസങ്കല്പത്തിന്റെയും അര്‍ഥശൂന്യമായ വ്യാമോഹങ്ങളുടെയും പ്രതീകമാണ്. ശീര്‍ഷകത്തില്‍ സൂചിപ്പിക്കുന്ന ബ്രാണ്ടിക്കുപ്പി പുരുഷന്റെ ജീവിതലഹരിയുടെ പ്രതീകമാണ്. അത്യന്താധുനികകാലത്തെ നമുക്കിടയിലെ ദാമ്പത്യബന്ധങ്ങള്‍ എങ്ങനെ ശിഥിലമാകുന്നു? ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും പരസ്പരം തിന്നുതീര്‍ക്കുന്നു. അതല്ലേ കാരണം. മലയാളിക്ക് ഇതിനുള്ള പ്രചോദനം പകര്‍ന്നു നല്‍കുന്നതില്‍ ഇവിടുത്തെ മുഖ്യധാരാ സിനിമ ചില്ലറ സംഭാവനകളല്ല നല്‍കിയത്. ഇതുകൂടി ചേര്‍ത്തുവെച്ചു വേണം അമ്മയുടെ ആണ്‍മക്കളും പെണ്‍മക്കളും തമ്മില്‍നടന്നുവരുന്ന വാക്‌പോരിനെ വിലയിരുത്താന്‍. ഇരകളെയും വേട്ടക്കാരെയും ഒരേപോലെ ലാളിക്കുന്ന അമ്മ. എന്തൊരു നല്ല സങ്കല്പം!

---- facebook comment plugin here -----

Latest