Connect with us

National

സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യ നാടുകടത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ നാടുകടത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍. നായിക്കിനെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് കയറ്റിവിടുമെന്ന് മലേഷ്യന്‍ പോലീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദ മതപ്രഭാഷണങ്ങളുടെ പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് രക്ഷതേടിയാണ് സാക്കിര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടിയത്. സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നീക്കം തുടങ്ങിയിരുന്നു.

സാക്കിര്‍ നായിക്കിന്റെ ചില മതപ്രഭാഷണങ്ങള്‍ ആളുകളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് എതിരെ ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുമായി സാക്കിര്‍ നായിക്കിന് ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു.

അതേസമയം, തന്നെ നാടുകടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സാക്കിര്‍ നായിക്ക് പ്രതികരിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ ഇന്ത്യയിലേക്ക് വരികയുള്ളൂവെന്നും സഹായി വഴിനല്‍കിയ പ്രതികരണത്തില്‍ സാക്കിര്‍ നായിക്ക് പറഞ്ഞു.