പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ജീവനൊടുക്കി; പോലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

Posted on: July 4, 2018 7:53 pm | Last updated: July 5, 2018 at 9:53 am

കോട്ടയം: പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികള്‍ ജീവനൊടുക്കി. വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന സ്വര്‍ണപ്പണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയിലാണ് പോലീസ് ഇരുവരേയും ചോദ്യം ചെയ്തത്. ചങ്ങനാശേരി സ്വദേശിയും അഭിഭാഷകനുമായ സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എ സജി കുമാറിന്റെ സ്ഥാപനത്തിലെ സ്വര്‍ണപ്പണിക്കാരനായിരുന്നു സുനില്‍. ജ്വല്ലറികള്‍ക്ക് സ്വര്‍ണാഭരണം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സുനില്‍ ജോലി ചെയ്തുവരികയായിരുന്നു. സ്ഥാപനത്തില്‍ നിന്ന് 75 പവന്‍ സ്വര്‍ണം കളവു പോയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സജി കുമാര്‍ ഇത് സംബന്ധിച്ച് ചെങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച പോലീസ് ദമ്പതികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. ഇതിന് പിന്നാലെയാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ പോലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് സുനിലിനെ ക്രൂരമായി മര്‍ദിച്ചെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.