Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ 1,849 ആനക്കൊമ്പ് കഷ്ണങ്ങള്‍ പിടികൂടി

Published

|

Last Updated

പിടിച്ചെടുത്ത ആനക്കൊമ്പ് കഷ്ണങ്ങള്‍

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആനക്കൊമ്പ് കള്ളക്കടത്തു നടത്തുന്ന സംഘത്തെ പിടികൂടി. ദുബൈ വിമാനത്താവളത്തില്‍ പോലീസ് കണ്ട് കെട്ടിയത് 1849 ആനക്കൊമ്പ് കഷ്ണങ്ങള്‍. ദുബൈ കസ്റ്റംസ് അധികൃതരുടെ സഹകരണത്തോടെയാണ് കള്ളക്കടത്തു സംഘത്തെ വലയിലാക്കിയത്.
ഒരു ആഫ്രിക്കന്‍ രാജ്യത്തു നിന്നെത്തിയ യാത്രക്കാരന്റെ ബാഗില്‍ ബോക്‌സുകളില്‍ ഒളിപ്പിച്ച നിലയിലാണ് ആനക്കൊമ്പുകള്‍ ഉണ്ടായിരുന്നത്. ആനക്കൊമ്പ് കഷ്ണങ്ങള്‍ക്ക് കറുപ്പ് പൈന്റടിച്ച് ഷൂ ബോക്സെന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു കള്ളക്കടത്തു ശ്രമമെന്ന് ദുബൈ പോലീസിന് കീഴിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലഹേജ് പറഞ്ഞു.

ഉദ്യോഗസ്ഥരെ കബളിപ്പിച്ചു ആനക്കൊമ്പുകള്‍ കടത്തുന്നതിനായിരുന്നു പദ്ധതി. അതേസമയം, സംശയം തോന്നിയ പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ഏഷ്യന്‍ രാജ്യത്തേക്ക് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരനില്‍ നിന്നാണ് കൊമ്പുകള്‍ കണ്ടെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിശിഷ്യാ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നതിനുള്ള പ്രധാന ട്രാന്‍സിറ്റ് പോയിന്റായാണ് ദുബൈ വിമാനത്താവളത്തെ കാണുന്നത്. അതിനാല്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്തു ശ്രമങ്ങളും ധാരാളമാണ്.

അന്താരാഷ്ട്ര തലത്തില്‍ ആനക്കൊമ്പ് വ്യാപാരത്തെ തടയിടാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി ദുബൈ പോലീസും ജാഗരൂകരാണെന്ന് അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കൈമാറിയെന്നും അധികൃതര്‍ പറഞ്ഞു.