ജെസ്‌നയുടെ കൂടുതല്‍ സിസിടിവി ദ്യശ്യങ്ങള്‍ ലഭിച്ചു; ദ്യശ്യങ്ങളില്‍ ആണ്‍ സുഹ്യത്തും

Posted on: July 4, 2018 10:49 am | Last updated: July 4, 2018 at 4:44 pm
SHARE

പത്തനംതിട്ട: വെച്ചൂച്ചിറയില്‍നിന്നു കാണാതായ ജെസ്‌നയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതച് അന്വേഷണത്തില്‍ നിര്‍ണായകമകുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 22നു വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജെസ്‌നയെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍, മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളില്‍ ജെസ്‌നയെ കാണാന്‍ സാധിക്കുന്നുണ്ട്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. പോലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്.

കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജെസ്‌നയാണ് ദൃശ്യങ്ങളില്‍. ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജെസ്‌നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജെസ്‌നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആണ്‍ സുഹൃത്തിനെയും ചില സഹപാഠികള്‍ തിരിച്ചറിഞ്ഞു.

രാവിലെ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ദൃശ്യങ്ങളിലെ സാധ്യതകള്‍ പ്രകാരം മുണ്ടക്കയത്ത് ജെസ്‌ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പോലീസ് സംശയിക്കുന്നു. ഇനി ജെസ്‌ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും എത്തി പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കും. പുതിയ ദ്യശ്യങ്ങള്‍ അന്വേഷണത്തിന് ദിശകാട്ടുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here