ഓണവും പെരുന്നാളും: പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി

Posted on: July 4, 2018 10:32 am | Last updated: July 4, 2018 at 11:55 am

തിരുവനന്തപുരം: ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ വിമാനകമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവരെ ചൂഷണം ചെയ്യുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍ .മധ്യവേനലവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്ന പ്രവാസികളെ പിഴിയുന്ന ശീലം വിമാന കമ്പനികള്‍ തുടരുന്നു. ഈ മാസം അഞ്ചിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് 25,000 മുതല്‍ അറുപതിനായിരം രൂപവരെ നല്‍കണം.ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ ദുബായി, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് -റിയാദ് ഫ്‌ളൈറ്റില്‍ പരമാവധി നിരക്ക് 70,200 രൂപ.പ്രവാസികളെ കൊള്ളയടിക്കുന്നതില്‍ എയര്‍ ഇന്ത്യയും പിന്നിലല്ല. സെപ്റ്റംബര്‍ 29ന് കോഴിക്കോട് -ബഹറൈന്‍വിമാനനിരക്ക് 60,348. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ മുതലാക്കിയതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.