അഭിമന്യുവിന്റെ കൊലയും തീവ്രവാദ സംഘങ്ങളും

Posted on: July 4, 2018 10:03 am | Last updated: July 4, 2018 at 10:03 am
SHARE

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യൂവിന്റെ കൊലപാതകം കേരളീയ സമൂഹത്തില്‍ ചൂവടുറപ്പിക്കുന്ന മതതീവ്രവാദത്തിന്റെ ഭീഷണിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആര്‍ എസ് എസിനെപോലെ മത-സാമുദായിക ധ്രുവീകരണം ലക്ഷ്യവെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം. ജനാധിപത്യത്തിനും മതനിരപേക്ഷതക്കുമെതിരായി നിലയുറപ്പിച്ചിരിക്കുന്ന എല്ലാവിധ മതതീവ്രവാദ ക്രിമിനല്‍ സംഘങ്ങളും നാടിനെ കലാപങ്ങളിലേക്കും വര്‍ഗീയ ധ്രുവീകരണത്തിലേക്കും നയിക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ പേരില്‍ കലാപങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും കലയാക്കി മാറ്റിയവരാണ് അഭിമന്യുവിനെ നിഷ്ഠൂരമായി ഇല്ലാതാക്കിയത്.
ഇത്തരം കൊലയാളി സംഘങ്ങള്‍ക്കെതിരായി മതവിശ്വാസികള്‍ ഉള്‍പ്പെടെ മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. ജനങ്ങളുടെ ഐക്യവും പ്രതിരോധവും ഇത്തരം ശക്തികള്‍ക്കെതിരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇരുട്ടിന്റെ മറവില്‍ കൊലക്കത്തികളുമായി ചാടി വീഴുന്ന കൊലയാളി സംഘങ്ങള്‍ക്കെതിരായ രാഷ്ടീയ ജാഗ്രതയാണ് ഇന്ന് സമൂഹം ആവശ്യപ്പെടുന്നത്. ക്രൂരതയെ ജീവിതമൂല്യമാക്കാന്‍ പഠിപ്പിക്കുന്ന വര്‍ഗീയശക്തികള്‍ മനുഷ്യ സംസ്‌കൃതിയുടെ തന്നെ ശത്രുക്കളാണ്. എല്ലാ തരത്തിലുമുള്ള മതവര്‍ഗീയവാദികള്‍ ഭാഷയിലെ സൗഹൃദാര്‍ഥങ്ങളെ നഷ്ടപ്പെടുത്തുകയും സംശയത്തിന്റെയും അപരമതവിദേ്വഷത്തിന്റെയും സംസ്‌കാരത്തെ മനുഷ്യമനസ്സുകളിലേക്ക് കുത്തിക്കയറ്റുകയും ചെയ്യുന്നവരാണ്.
അത്തരം സംഘങ്ങളെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാന്‍ ജനാധിപത്യവാദികള്‍ക്കാവണം. ആഗോള രാഷ്ടീയ ഇസ്‌ലാമിസത്തിന്റെ ശൃംഖലകളുമായി ചേര്‍ന്നാണ് എന്‍ ഡി എഫ് തുടങ്ങി പല പേരുകളില്‍ രംഗപ്രവേശം ചെയ്തിട്ടുള്ള ഈ മതതീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഐ എസ് സൈനിക മുന്നണികളിലേക്കുള്ള റിക്രൂട്ട്‌മെന്റടക്കം സാമ്രാജ്യത്വപ്രോക്തമായ ഭീകരവാദ ദൗത്യമാണ് ഈ സംഘങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക ദര്‍ശനത്തെയും പ്രബോധക ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ചാണ് മതത്തെയും മതവിശ്വാസികളെയും സംരക്ഷിക്കാനെന്ന വ്യാജേന ജനാധിപത്യ പുരോഗമന ശക്തികള്‍ക്കെതിരെ സായുധ വിന്യാസം ഈ ക്രിമിനല്‍ സംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അധ്യാപകന്റെ കൈവെട്ടുന്നതും വിദ്യാര്‍ഥിയുടെ നെഞ്ച് കുത്തി കീറി കൊല ചെയ്യുന്നതും.

ദൈവത്തിന്റെയും മതത്തിന്റെയും കാവലാളുകളാണ് തങ്ങളെന്നാണ് ഇവര്‍ സ്വയം പ്രഖ്യാപിക്കുന്നത്. മഹല്ല് പോലീസുകാരായിട്ടാണ് ഇവര്‍ കേരളത്തില്‍ തങ്ങളുടെ രക്ഷകദൗത്യം നിര്‍വഹിച്ചു തുടങ്ങിയത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയും അത് സൃഷ്ടിച്ച ന്യൂനപക്ഷ മതവിശ്വാസികള്‍ക്കിടയിലെ അരക്ഷിതത്വവും ഉപയോഗപ്പെടുത്തിയാണ് ഇവര്‍ രക്ഷകവേഷം കെട്ടിയത്. കേരളത്തില്‍ നിന്ന് ഇപ്പോഴും ആഗോള ഭീകരവാദത്തിന്റെ സൈനിക മുന്നണികളിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ ചിലര്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍; ‘നരകത്തില്‍ നിന്നും ഞങ്ങള്‍ സ്വര്‍ഗത്തിലെത്തിയിരിക്കുന്നു. ഇനി അനേ്വഷിക്കരുത്’ എന്നാണത്രെ കുറിച്ചിരിക്കുന്നത്!
ഇന്ത്യയും കേരളവും നരകമാണെന്ന് പറഞ്ഞ് യുദ്ധം ചെയ്യാന്‍ പോയവരാണ് ഈ യുവതീയുവാക്കള്‍. സിറിയയിലെയും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ഐ എസ് മുന്നണിയിലേക്ക് യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന വിവരവും സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്‌ലാമിന്റെ ലോകവ്യവസ്ഥ സൃഷ്ടിക്കാന്‍ ഇന്ത്യയും കേരളവും വിട്ടുപോകുന്നവര്‍ അറബ് നാടുകളില്‍ നിന്നും മാലിക്ദിനാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിച്ച നാടാണിതെന്ന കാര്യം മറന്നുപോകുകയാണ്. ചരിത്രബോധമില്ലാത്ത മതാന്ധരാണ് എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളിലെയും ചാവേറുകളായി തീരുന്നത്.

സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഇസ്‌ലാം കേരളക്കരയില്‍ എത്തിച്ചത്. കമ്യൂണിസ്റ്റുകാരെയും അപരമതസ്ഥരെയും ശത്രുക്കളായി പ്രഖ്യാപിച്ച് ഇസ്‌ലാമിന്റെ ലോകവ്യവസ്ഥ സ്ഥാപിക്കണമെന്ന് വാദിക്കുന്നവര്‍ ഇസ്‌ലാമിന്റെ ദര്‍ശനത്തെയും പ്രബോധക ചരിത്രത്തെയും സംബന്ധിച്ച് അറിവില്ലാത്തവരാണ്. ലോകത്തെല്ലായിടത്തുമുള്ള എല്ലാ മതതീവ്രവാദികളും മതരാഷ്ട്രവാദികളും ഒരുപോലെ ചരിത്രബോധം നഷ്ടപ്പെട്ടവരാണ്. എല്ലാ മതതീവ്രവാദികളും തലച്ചോറിനുപകരം രക്തംകൊണ്ട് ചിന്തിക്കുന്നവരാണ്. വിചാരങ്ങള്‍ക്ക് പകരം വികാരങ്ങളാണ് അവരെ നയിക്കുന്നത്.

ആഗോള തീവ്രവാദത്തിന്റെ ഇന്ത്യന്‍ പതിപ്പുകളായിട്ടാണ് എന്‍ ഡി എഫ് തുടങ്ങിയ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് സൂചിപ്പിച്ചല്ലോ. ഇസ്‌ലാമിന്റെ വ്യവസ്ഥയും ജീവിതസരണിയും സ്ഥാപിക്കാനെന്ന വ്യാജേന കൊലപാതകങ്ങളും അക്രമണങ്ങളും വര്‍ഗീയകലാപങ്ങളും ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചത്. ആര്‍ എസ് എസിനെപോലെ എന്‍ ഡി എഫും വര്‍ഗീയ സംഘടനയാണെന്ന് തുറന്നുകാണിച്ചതതോടെയാണ് കേരളത്തില്‍ പലയിടത്തും സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതും വധിക്കപ്പെട്ടതും.

മാറാട്കൂട്ടക്കൊല സമൂഹമനഃസാക്ഷിയെ പിടിച്ചുകുലുക്കിയതാണ്. പത്തനംതിട്ടയിലും പുനലൂരിലും താനൂരിലും തിരൂരിലുമെല്ലാവര്‍ കലാപം ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. സദാചാര പോലീസിംഗും അപരമത വിദ്വേഷവും പടര്‍ത്തുന്ന നിരവധി ക്രിമിനല്‍ പ്രവര്‍ത്തികള്‍ സംസ്ഥാനത്തുടനീളം അവര്‍ നടത്തിയിട്ടുണ്ട്. സങ്കുചിത രാഷ്ട്രീയ താത്പര്യത്തില്‍ നിന്ന് വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ മേലങ്കിയണിയുകയും ചെയ്യുന്നതാണ് ഗെയ്ല്‍, ദേശീയപാത പ്രശ്‌നങ്ങളില്‍ കണ്ടത്.
മനുഷ്യാവകാശ സംഘടനകളും ഫാസിസ്റ്റ്‌വിരുദ്ധ വേദികളും ഒരുക്കി കൂലിക്കെടുക്കപ്പെട്ട ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും അണിനിരത്തി തങ്ങളുടെ തീവ്രവാദരാഷ്ട്രീയത്തിന് പൊതു അംഗീകാരമുണ്ടാക്കിയെടുക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങള്‍ ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ആര്‍ എസ് എസിന്റെ മറുപുറം കളിക്കുന്ന ആഗോളഭീകരവാദത്തിന്റെ കുട്ടിസംഘങ്ങളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം ബുദ്ധിജീവികള്‍ക്കുണ്ട്.
ഇസ്‌ലാം എന്ന വാക്ക് അര്‍ഥമാക്കുന്നത് അത് സമാധാനത്തിന്റെ മതമാണെന്ന കാര്യമാണ്. ഇതാണ് സിറിയയിലും ഇറാഖിലും യെമനിലുമെല്ലാം കുരുതിക്കളങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരവാദികള്‍ ഓര്‍ക്കാതെ പോകുന്നത്. അരാജകവും യുക്തിരഹിതവുമായ ബഹുദൈവ വിശ്വാസത്തിലും വിഗ്രഹാരാധനയിലും ആമഗ്നരായ അറേബ്യന്‍ ഗോത്രജീവിതത്തെ നവീകരിക്കാനും സാമൂഹികമായി ഉയര്‍ത്താനുമാണ് മുഹമ്മദ്‌നബി ശ്രമിച്ചത്. ചൂതാട്ടവും വ്യഭിചാരവും മദ്യാസക്തിയും ജീര്‍ണിതമാക്കിയ അറബ് ജനസമൂഹങ്ങളെ ഹൃദയംകൊണ്ട് അടുപ്പിക്കാനാണ് മുഹമ്മദ്‌നബി തന്റെ പ്രബോധനങ്ങളിലൂടെ ശ്രമിച്ചത്. എന്നാലിന്ന് രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ വിദേ്വഷത്തിന്റെയും ക്രോധത്തിന്റെയും മൂല്യങ്ങളാണ് ധര്‍മപ്രഭാഷണങ്ങളെന്ന പേരില്‍ അപക്വമതികളായ യുവമനസ്സുകളിലേക്ക് വമിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ അറബ് ജീവിതത്തെ സംസ്‌കരിക്കുകയും മാനവീകരിക്കുകയും ചെയ്ത നബിയുടെ മഹാദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായ അരാജകവും വിധ്വംസകവുമായ ആശയാദര്‍ശങ്ങളാണ് യുവമനസ്സുകളിലേക്ക് ആഗോളഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ നിരന്തരമായി പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ഐ എസ് ഭീഷണിയെയും എന്‍ ഡി എഫ് തീവ്രവാദത്തെയും ചൂണ്ടിക്കാട്ടി മുസ്‌ലിം വിരുദ്ധമായ വികാരം സൃഷ്ടിക്കാന്‍ ആര്‍ എസ് എസും ബി ജെ പിയും നടത്തുന്ന നീക്കങ്ങളെ അങ്ങേയറ്റം ജാഗ്രതയോടെ ജനാധിപത്യശക്തികള്‍ കാണേണ്ടതുണ്ട്. എല്ലാ ദുരന്തങ്ങളെയും വര്‍ഗീയവത്കരിക്കുക എന്നത് എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെയും മത തീവ്രവാദികളുടെയും നിന്ദാകരമായ ചരിത്രമാണ്. മതനിരപേക്ഷ ജനാധിപത്യവാദികള്‍ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രബുദ്ധമെന്നും മതനിരപേക്ഷമെന്നും കരുതുന്ന കേരളം പോലുള്ള ഒരു സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കണം. യുവതീയുവാക്കളെ ആഗോള ഭീകരവാദത്തിലേക്കും മതതീവ്രവാദത്തിലേക്കും റിക്രൂട്ട്‌ചെയ്യുന്ന ഏജന്‍സികളും പ്രത്യയശാസ്ത്രകേന്ദ്രങ്ങളും ഏതാണെന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here