കലാലയങ്ങളെ കൊലക്കളമാക്കരുത്

Posted on: July 4, 2018 9:46 am | Last updated: July 4, 2018 at 9:46 am
SHARE

അഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ക്യാമ്പസിലെ വിദ്യാര്‍ഥി സംഘട്ടനത്തില്‍ ഒരു വിദ്യാര്‍ഥി സംസ്ഥാനത്ത് കൊല്ലപ്പെടുന്നത്. വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ നേരത്തെ പതിവു സംഭവമായിരുന്നെങ്കിലും ഇടക്കാലത്ത് ഏറെ കുറഞ്ഞിരുന്നു. സംഘര്‍ഷം ഉടലെടുത്താല്‍ തന്നെ അടിപിടിയിലൊതുങ്ങും. തിങ്കളാഴ്ച എറണാകുളം മഹാരാജാസ് കോളജില്‍ എസ് എഫ് ഐയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന ക്യാമ്പസ് ഫ്രണ്ടും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കുത്തേറ്റു മരണത്തിലാണ് അവസാനിച്ചത്. മഹാരാജാസില്‍ വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടങ്കിലും ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിയുന്നത് ആദ്യമാണ്. കൂട്ടുകാരനായ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്.
സംസ്ഥാനത്ത് 2013-ലാണ് ഇതിനു മുമ്പ് കലാലയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. ആ വര്‍ഷം ജൂലൈ ആറിന് കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹൈസ്‌കൂളില്‍ എ ബി വി പിക്കാരനായ സച്ചിന്‍ ഗോപാലും (21) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിശാല്‍ വി കുമാറും കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളിലും അക്രമികള്‍ ക്യാമ്പസ് ഫ്രണ്ടുകാരാണെന്നാണ്് പോലീസ് റിപ്പോര്‍ട്ട്.

ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് നവാഗതര്‍ക്ക് സ്വാഗതമോതുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച സംഘര്‍ഷം ഉടലെടുത്തത്. എസ് എഫ് ഐ ബുക്ക് ചെയ്ത കവാടത്തില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ബോര്‍ഡും വെക്കണമെന്നാവശ്യപ്പെട്ട് അവര്‍ സംഘടിച്ചെത്തി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. എങ്കിലും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതെ സ്ഥലത്ത് തുടര്‍ന്നു. എസ് എഫ് ഐ വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനായി പോയ സമയത്ത് അവര്‍ പോസ്റ്റര്‍ പതിച്ചു. അതറിഞ്ഞു അഭിമന്യു ഉള്‍പ്പെടെയുള്ളവര്‍ ഹോസ്റ്റലില്‍ നിന്നെത്തി ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമായി. അതിനിടെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പക്ഷത്തുണ്ടായിരുന്ന ചിലര്‍ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് അഭിമന്യുവിനെയും മറ്റും അക്രമിക്കുകയായിരുന്നുവന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. നെഞ്ചില്‍ കുത്തേറ്റ അഭിമന്യു അര മണിക്കൂറിനകം മരിച്ചു. അഭിമന്യുവിന്റെ ഹൃദയത്തിനാണ് കുത്തേറ്റത്. അര്‍ജുന്റെ കരളിനും.
അക്രമം നടത്തിയവരില്‍ കോളജില്‍ പഠിക്കുന്ന ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലം പുറത്തുനിന്ന് വന്നവരായിരുന്നു. വടിയും കത്തിയുമായെത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ഒരുക്കത്തോടെയാണ് അവര്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ക്യാമ്പസുകളില്‍ ഉടലെടുക്കുന്ന മിക്ക സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും സ്വഭാവം ഇതാണ്. പുറത്തു നിന്നുളളവരാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്.

പലപ്പോഴും പുറത്തുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശാനുസാരമായിരിക്കും കുഴപ്പങ്ങള്‍ക്ക് തുടക്കമിടുന്നത്. പ്രശ്‌നം മൂര്‍ച്ഛിക്കുന്നതോടെ അണിയറക്ക് പിന്നിലുള്ളവര്‍ എല്ലാ സജ്ജീകരണങ്ങളുമായി കടന്നു വരികയും ആയുധപ്രയോഗം നടത്തുകയും ചെയ്യും. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നല്ല പാടവമുള്ളവരാണ് മഹാരാജാസ് കോളജില്‍ അഭിമന്യുവിനെയും അര്‍ജുനിനെയും കുത്തിയത്. ഒരു പ്രൊഫഷനല്‍ സംഘത്തിന് മാത്രമേ ഇത്ര വിദഗ്ധമായി കുറ്റകൃത്യം ചെയ്യാനാവൂ എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി പോലീസ് അറിയിച്ചു. മഹാരാജാസില്‍ നിന്ന് 100 മീറ്റര്‍ മാത്രം ദൂരമുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ പോലും അഭിമന്യുവിന്റെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കഴിയാതിരുന്നത് ഇതുകൊണ്ടാണത്രെ. ഇപ്പോള്‍ പിടിയിലായ വിദ്യാര്‍ഥികളല്ലാതെ വിദഗ്ധരായ പ്രൊഫഷനല്‍ കൊലയാളി സംഘം തന്നെ പാതകത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ ബലമായ സംശയം. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാല്‍ പോലീസ് അവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ അരൂര്‍ വടുതല സ്വദേശി നാട് വിട്ടതായും പൊലീസ് സംശയിക്കുന്നു.
അഭിമന്യു വധത്തിന്റെ അനന്തര ഫലമെന്തായിരിക്കുമെന്ന കാര്യത്തില്‍ കേരളീയ സമൂഹം ആശങ്കയിലാണ്. ക്യാമ്പസുകളെ കലാപ ഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങളെ ശക്തമായി തടയേണ്ടതുണ്ട്. ഇത് പോലീസിന്റെ മാത്രമല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൊതുസമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണ്. വിദ്യാര്‍ഥികളെ നിക്ഷിപ്ത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കരുവാക്കുന്ന പ്രവണത രാഷ്ട്രീയ കക്ഷികള്‍ ഉപേക്ഷിക്കണം. അതോടൊപ്പം നിയമപരമായ നിരോധനത്തെ അതിജീവിക്കാനായി രാഷട്രീയ കുപ്പായമണിയുന്ന തീവ്രവാദ സംഘടനകളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here