Connect with us

National

ഗോരക്ഷാ ഗുണ്ടാ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ ഒരു വിഭാഗം നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.ഗോരക്ഷാ അക്രമത്തിന് ഇരകളാക്കപ്പെടുന്നവരെ മതവുമായി ബന്ധപ്പെടുത്തരുതെന്നും കോടതി താക്കീത് ചെയ്തു. ആള്‍ക്കൂട്ട ആക്രമണങ്ങളോ ഗോ രക്ഷയുടെ പേരിലുള്ള അതിക്രമത്തിനോ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുതെന്നും ഇരയാകുന്നയാള്‍ “ഇര” തന്നെയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഒരു വ്യക്തിക്കും നിയമം കൈയ്യിലെടുക്കാനുള്ള അവകാശമില്ല. അത്തരം സംഭവങ്ങള്‍ നിരീക്ഷിക്കേണ്ടതും തടയേണ്ടതും സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ത്തവ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോരക്ഷ ഗുണ്ടാക്രമണ കേസില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇത്തരം നിരീക്ഷണം നടത്തിയത്. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി 29 സംസ്ഥാനങ്ങള്‍ക്കും ഏഴു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കെല്ലാം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടു കൂടി വീണ്ടും ആക്രമണങ്ങളും പരാതികളും ഫയല്‍ ചെയ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Latest