റേഷന്‍ കാര്‍ഡ്: ഇ-പോസ് കാലത്തും വരിനില്‍ക്കണോ?

പ്രധാനപ്പെട്ട ചോദ്യം ഈ മാസം 16ന് പുതിയ സോഫ്റ്റ് വെയര്‍ അനുസരിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നിരിക്കേ, അതിനിടയില്‍ എന്തിനാണ് ജൂണ്‍ 25 മുതല്‍ നേരിട്ട് റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികളിലേക്ക് കടന്നത് എന്നതാണ്. അതായത് നാല ്‌വര്‍ഷത്തോളം നിര്‍ത്തിവെച്ച അപേക്ഷ സ്വീകരിക്കല്‍ പുനാരാരംഭിക്കുമ്പോള്‍ അത് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായ ശേഷം മാത്രം മതിയായിരുന്നില്ലേ? ജൂലൈ 16ന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ശരിയാകുമെന്നിരിക്കേ, എന്തിനാണ് അതിനിടയില്‍ കുറച്ചുദിവസം കടലാസില്‍ അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനമെടുത്തത്. പുതിയ കാര്‍ഡിനായി റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് ഇതൊക്കെ വില്ലേജ് ഓഫീസുകളില്‍ നിന്ന് ശരിയാക്കേണ്ടതുണ്ട്. റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് ജനങ്ങള്‍ ഏതാണ്ട് മുക്തമായി ക്കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും വരിനിര്‍ത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.
Posted on: July 3, 2018 8:51 am | Last updated: July 3, 2018 at 11:22 am
SHARE

നാല് വര്‍ഷത്തെ ഇടവേളക്കു ശേഷം പുതിയ റേഷന്‍ കാര്‍ഡിനും തെറ്റുകള്‍ തിരുത്താനും പുതിയ ആളുകളെ ചേര്‍ക്കാനുമുള്ള അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. നിലവിലുള്ള കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ നാല് വര്‍ഷവും ഇത്തരം കാര്യങ്ങളൊക്കെ സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ത്തിവെച്ചിരുന്നത്. നിലവിലുള്ള കാര്‍ഡുകള്‍ പുതുക്കുന്ന ജോലികളൊക്കെ ഏതാണ്ട് തീരുകയും പുതുക്കലിന്റെ അവസരത്തില്‍ ഫോട്ടോയെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം കൊടുക്കുകയും അതനുസരിച്ച് അവര്‍ക്ക് ഈ മാസം കാര്‍ഡുകള്‍ നല്‍കാനിരിക്കുകയുമാണ്. അതിനിടയിലാണ് ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്കും മറ്റും അപേക്ഷ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സൗകര്യമായിട്ടില്ല. അതിന് ഈ മാസം 16 വരെ കാത്തിരിക്കണം. മാസങ്ങള്‍ക്കു മുമ്പു തന്നെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു അറിയിപ്പ് വന്നതാണ്.
ഇവിടെ പ്രധാനപ്പെട്ട ചോദ്യം ഈ മാസം 16ന് പുതിയ സോഫ്റ്റ് വെയര്‍ അനുസരിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നിരിക്കേ, അതിനിടയില്‍ എന്തിനാ ജൂണ്‍ 25 മുതല്‍ നേരിട്ട് റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികളിലേക്ക് കടന്നത് എന്നതാണ്. അതായത് നാല് വര്‍ഷത്തോളം നിര്‍ത്തിവെച്ച അപേക്ഷ സ്വീകരിക്കല്‍ പുനരാരംഭിക്കുമ്പോള്‍ അത് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായ ശേഷം മാത്രം മതിയായിരുന്നില്ലേ? ജൂണ്‍ 23ന് ശനിയാഴ്ചയാണ് ജൂണ്‍ 25ന് പുതിയ കാര്‍ഡിനും മറ്റുമുള്ള അപേക്ഷകള്‍ സപ്ലൈ ഓഫീസുകള്‍ വഴി സ്വീകരിക്കുമെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ജൂലൈ 16ന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ശരിയാകുമെന്നിരിക്കേ, എന്തിനാണ് അതിനിടയില്‍ കുറച്ചുദിവസം കടലാസില്‍ അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനമെടുത്തത്. ഇതുമൂലം ജനങ്ങള്‍ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ? പുതിയ കാര്‍ഡിനായി റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് ഇതൊക്കെ വില്ലേജ് ഓഫീസുകളില്‍ നിന്ന് ശരിയാക്കേണ്ടതുണ്ട്. ജൂണ്‍ 23ന് അറിയിപ്പു വന്നിട്ട് ജൂണ്‍ 25ന് അപേക്ഷിക്കാന്‍ ഇതൊക്കെ എവിടുന്ന് ശരിയാക്കും. ജൂണ്‍ 23 ശനിയാഴ്ചയും 25 തിങ്കളാഴ്ചയും. ഇതിനിടയില്‍ പ്രവൃത്തിദിനങ്ങള്‍ വേറെയില്ലതാനും. ഇങ്ങനെയൊക്കെ സാധാരണക്കാരനെ ബുദ്ധിമുട്ടിച്ച് റേഷന്‍ കാര്‍ഡ് കൊടുക്കേണ്ടതുണ്ടോ? ഏതായാലും നാല് വര്‍ഷത്തോളം കാത്തിരുന്ന സ്ഥിതിക്ക് അത് ഈ സോഫ്റ്റ്‌വെയര്‍ ശരിയായിട്ട് മതിയായിരുന്നില്ലേ?
അപേക്ഷ സ്വീകരിക്കുന്നുവെന്നറിഞ്ഞതോടെ ജനങ്ങള്‍ പരക്കം പായുകയാണ്. എല്ലാ താലൂക്ക് ഓഫീസുകളിലും ജനങ്ങളുടെ നീണ്ട വരി. ഈ മഴയത്ത് ഇങ്ങനെ വരിനില്‍ക്കാന്‍ മാത്രം എന്തു തെറ്റാണ് ജനങ്ങള്‍ ചെയ്തത്. റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് ജനങ്ങള്‍ ഏതാണ്ട് മുക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും വരിനിര്‍ത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.

ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കി കടലാസില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാറിനും അത് കോടികളുടെ ബാധ്യതയുണ്ടാക്കുന്നുണ്ട്. മാത്രമല്ല, അപേക്ഷിക്കാനായി ജനങ്ങള്‍ക്കും കൂടുതല്‍ പണവും സമയവും നഷ്ടമാകുന്നുമുണ്ട്. അതിനുപുറമേ, ഇപ്പോള്‍ കടലാസ് വഴി നല്‍കുന്ന അപേക്ഷകള്‍ സോഫ്റ്റ്‌വെയര്‍ ശരിയായതിനുശേഷം മാത്രമേ കമ്പ്യൂട്ടറുകളിലേക്ക് ചേര്‍ക്കുകയുമുള്ളൂ. ഇങ്ങനെ ഡാറ്റകള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്താന്‍ നിരവധി പേരുടെ പ്രയത്‌നവും ആവശ്യമായി വരും. നേരെ മറിച്ച്, ഓണ്‍ലൈനായിട്ടായിരുന്നുവെങ്കില്‍ ഡാറ്റ കമ്പ്യൂട്ടറിലേക്ക് ചേര്‍ക്കുന്ന പണി താലൂക്ക് ഓഫീസുകളില്‍ വരില്ലായിരുന്നു. സോഫ്റ്റ്‌വെയര്‍ അനുസരിച്ചുള്ള അപേക്ഷ സ്വീകരിക്കാന്‍ വെറും 20 ദിവസം മാത്രം അവശേഷിക്കവേ, എന്തിനാണ് ഇങ്ങനെ ഒരു ഏര്‍പ്പാടിന് സിവില്‍ സപ്ലൈസ് വകുപ്പ് മുതിര്‍ന്നതെന്നത് ചില ചിന്തകള്‍ക്ക് വഴിവെക്കുന്നുണ്ട്.
ഇങ്ങനെ ലഭിക്കുന്ന കടലാസ് അപേക്ഷകളിലെ ഡാറ്റകള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തേണ്ട വലിയ ഒരു ജോലി കരാര്‍ നല്‍കേണ്ടിവരും. അതുവഴി ആര്‍ക്കെങ്കിലും വല്ല ഗുണവും ലഭിക്കുന്നുണ്ടോ? അതിനായിരിക്കുമോ പൊതുജനത്തെ പെരുവഴിയിലാക്കി ഇങ്ങനെ എടുത്തുചാടി റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. അല്ലെങ്കിലും റേഷന്‍ കടകളില്‍ വരെ ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഇങ്ങനെ കടലാസുകളില്‍ അപേക്ഷയുമായി വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകുന്നത് ഈ ഐ ടി യുഗത്തില്‍ അഭികാമ്യമാണോ? ഭരണരംഗത്ത് ഇ-ഗവേണന്‍സ് ഉപയോഗപ്പെടുത്തുക എന്ന നയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിന് ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ?

ഏതായാലും നാല് കൊല്ലം കാത്തിരുന്ന സ്ഥിതിക്ക് ഒരു 20 ദിവസം കൂടി കാത്തിരിക്കാമായിരുന്നില്ലേ? അപ്പോള്‍ ഇതിനുപിന്നില്‍ ചില കള്ളക്കളികള്‍ ഉണ്ടെന്നുതന്നെ വേണം കരുതാന്‍. ഇപ്പോള്‍ പുതിയ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുമെന്നറിയിച്ച ദിവസം തന്നെ ജൂലൈ 16ന് പുതിയ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുമെന്ന് അറിയിപ്പ് കൊടുത്താല്‍ എത്രമാത്രം സൗകര്യപ്രദമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ജൂലൈ 16 വരെ ദിവസത്തിനിടക്ക് ജനങ്ങള്‍ക്ക് താമസ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വില്ലേജ്-പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ശരിയാക്കാന്‍ സാവകാശം ലഭിക്കുമായിരുന്നു. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ സ്വന്തമായിട്ട് തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നല്ലോ.
അതിന് കഴിയാത്തവര്‍ക്ക് അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാമായിരുന്നു. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുകയാണെങ്കില്‍ വെറും രണ്ടു ദിവസം കൊണ്ട് കാര്‍ഡ് ലഭിക്കുമെന്നാണ് പറയപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല, ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വകുപ്പ് പറയുന്നുണ്ട്.

നിലവില്‍ 25 രൂപയാണ് അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി നല്‍കേണ്ടത്. ഈ തുക വര്‍ധിപ്പിക്കണമെന്ന അവരുടെ ആവശ്യം നിലനില്‍ക്കുന്നുണ്ട്. ഇനി ഈ തുക വര്‍ധിപ്പിച്ചാലും ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഈ നടപടികള്‍ പൂര്‍ത്തിയാക്കാമായിരുന്നു. രേഖകളുടെ പകര്‍പ്പെടുക്കലും അതിന് പുറമെ അപേക്ഷ തയ്യാറാക്കലുമടക്കം പണച്ചെലവും സമയനഷ്ടവും വരുത്തുന്നതാണീ നടപടി. ഒരു കാര്‍ഡില്‍ നിന്ന് പേര് വെട്ടിമാറ്റി മറ്റൊരു കാര്‍ഡിലേക്ക് ചേര്‍ക്കേണ്ട ആവശ്യത്തിന് പലപ്പോഴും ഒന്നിലധികം താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ടിയും വരും. ഇതെല്ലാം ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതോടെ തീരുമായിരുന്നു. അതിനനുസരിച്ചുള്ള സോഫ്റ്റ് വെയറാണ് സിവില്‍സപ്ലൈസ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിനൊന്നും കാത്തുനില്‍ക്കാതെയുള്ള ധൃതിപിടിച്ചുള്ള ഈ പരിപാടി ഇടനിലക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമെന്നല്ലാതെ ജനങ്ങള്‍ക്ക് കുറേ പണനഷ്ടവും സമയനഷ്ടവും മാത്രമേ സമ്മാനിക്കുന്നുള്ളൂ.

കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ കാലങ്ങളായി ചില റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കാനേ ഇത്തരം നടപടികള്‍കൊണ്ട് സാധിക്കൂ. തീര്‍ത്തും ഒഴിവാക്കാമായിരുന്ന ഒരു നടപടിയായിരുന്നു ഇതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇ-പോസ് മെഷീന്‍ വന്നതോടെ റേഷന്‍ കടകളില്‍ നടന്നുകൊണ്ടിരുന്ന തട്ടിപ്പുകള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ കഴിഞ്ഞിട്ടുണ്ട്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മുതലെടുത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില നിലക്കെങ്കിലും ഇപ്പോഴും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. എങ്കില്‍പോലും വ്യാപകമായ തട്ടിപ്പിന് തടയിടാന്‍ ഇ-പോസ് മെഷീന്‍ സഹായകമായിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇങ്ങനെ വഴിമുട്ടിയ തട്ടിപ്പുകാര്‍ക്ക് ഏണി വെച്ചുകൊടുക്കുന്ന നടപടിയായി ഇപ്പോഴത്തെ അപേക്ഷ സ്വീകരിക്കല്‍ എന്നാരെങ്കിലും സന്ദേഹിച്ചാല്‍ കുറ്റം പറയാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here