സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം

Posted on: July 3, 2018 8:11 am | Last updated: July 2, 2018 at 9:13 pm

സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണമാണ് മഹാരാഷ്ട്രയിലെ റെയിന്‍പാഡയില്‍ ഞായറാഴ്ച ആള്‍ക്കൂട്ടം അഞ്ച് പേരെ തല്ലിക്കൊല്ലാനിടയാക്കിയത്. ധുലെ ജില്ലയിലെ റെയിന്‍പാഡയില്‍ ബസില്‍ വന്നിറങ്ങിയ അഞ്ച് പേരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയതാണന്ന ധാരണയില്‍ ആളുകള്‍ അവര്‍ക്ക് നേരെ ക്രൂരമായ മര്‍ദനം അഴിച്ചു വിടുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രദേശത്തു സജീവമാണെന്ന് ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണത്തിന്റെ ഫലമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികള്‍ അക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പശ്ചിമ ബംഗാള്‍, അസം, ത്രിപുര, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലായി 14 പേരെയാണ് വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരായി ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്.

വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാനും സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു. 2013ലെ മുസാഫര്‍നഗര്‍ കലാപത്തിനിടയാക്കിയത് ഇത്തരം തെറ്റായ പ്രചാരണങ്ങളായിരുന്നു. സംഘ്പരിവാര്‍, സലഫിസ്റ്റ് ഭീകര സംഘടനയായ ഐ എസ് തുടങ്ങിയവ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. 2012 ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ വ്യാപകമായി മടങ്ങാനിടയാക്കിയതും സാമൂഹിക മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണ്. രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഇവ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കോട്ടയം കടപ്ലാമറ്റം സ്വദേശി പി കെ സലീം സാമൂഹിക മാധ്യമങ്ങളുടെ ദുഷ്പ്രചാരണം മൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ മറക്കാറായിട്ടില്ല. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യവെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ക്ഷീണിതനായിരിക്കുന്ന സലീമിന്റെ ഫോട്ടെയെടുത്ത് ചിലര്‍, മദ്യപിച്ചു ലക്കുകെട്ടിരിക്കയാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കമന്റുകളും ട്രോളുകളുമായി നവമാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തു. തെറ്റിദ്ധരിച്ച അധികൃതര്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിഷയം കോടതിയിലെത്തിയപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെട്ട കോടതി തിരിച്ചെടുക്കാനാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സലീമിന് സര്‍വീസില്‍ തിരിച്ചുകയറാനായത്. അമ്പലപ്പുഴ ബിനുക്കുട്ടന്റെ ഭാര്യ ബിജിത ആത്മഹത്യ ചെയ്യാനിടയാക്കിയത് കുടുംബവൈരാഗ്യത്തിന്റെ പേരില്‍ ബന്ധുവായ യുവാവ് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച അപവാദ പ്രചാരണമായിരുന്നു. പുത്തന്‍ ശാസ്ത്ര സാങ്കേതിക സാധ്യതകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരങ്ങളാണിതെല്ലാം.
ഇരുതല മൂര്‍ച്ചയുണ്ട് സാമൂഹിക മാധ്യമങ്ങള്‍ക്ക്. അവക്ക് സംരക്ഷിക്കാനും ഹിംസിക്കാനും കഴിയും. സമൂഹത്തിന് ഒട്ടേറെ നന്മകളും ഗുണങ്ങളും അതിലൂടെ ലഭ്യമാകുന്നു. നിര്‍ധനര്‍ക്ക് വീടുനിര്‍മാണം, വിവാഹ ധനസഹായം, രോഗകള്‍ക്ക് രക്തദാനം, പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പേര്‍ക്ക് കൈത്താങ്ങായിട്ടുണ്ട് സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങള്‍. ഉപകാരപ്രദമാകുന്ന ആശയങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാനും ഇവ സഹായകമാണ്. സര്‍ഗാത്മകവും കിയാത്മകവുമായ ഒട്ടേറെ ചര്‍ച്ചകളും സംവാദങ്ങളും അതുവഴി നടക്കുന്നു. അഴിമതിയും തട്ടിപ്പും തുറന്നുകാണിക്ക പ്പെടുന്നുണ്ട്. അതേസമയം വ്യാജപ്രചരണത്തിനും മതനിന്ദക്കും വ്യക്തിഹത്യക്കും പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു.

സാമൂഹിക മാധ്യമങ്ങളെ ഈവിധം കയറൂരിവിടുന്നത് അപകടമാണ്. ഈ രംഗത്ത് നിയന്ത്രണം അനിവാര്യമാമെന്നാണ ്‌റെയിന്‍പാഡ കൂട്ടക്കൊലയും സമാന സംഭവങ്ങളും വിളിച്ചോതുന്നത്. ഇതിനിടെ സുപ്രീം കോടതിയും ഇക്കാര്യം ഭരണകൂടത്തെ ഓര്‍മിപ്പിച്ചിരുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, സ്‌കൈപ്പ് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നതായി വാട്‌സ്ആപ്പ് പ്രൈവസി പോളിസി കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയുമുണ്ടായി. സാമൂഹിക മാധ്യമങ്ങള്‍ വഴി ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുവെന്ന പേരിലാണ് സര്‍ക്കാറിന്റെ ഈ നീക്കം. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാകരുത്. അധികാര കേന്ദ്രങ്ങളുടെയോ സമ്പന്ന വര്‍ഗത്തിന്റെയോ അനിഷ്ടം ഭയന്ന് പൊതുധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന പല കാര്യങ്ങളെയും ഭരണകൂട ഭീകതകളെയും പൊതുസമൂഹത്തെ അറിയിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണ.് ജനാധിപത്യ സമൂഹത്തില്‍ അത് അനിവാര്യവുമാണ്. സദുദ്ദേശ്യപരവും ജനനന്മ ലക്ഷ്യമാക്കിയുള്ളതുമാകണം ഏതു നിയന്ത്രണവും.