പ്രാര്‍ഥനകള്‍ സഫലം; ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളും കോച്ചിനേയും കണ്ടെത്തി; എല്ലാവരും സുരക്ഷിതര്‍

Posted on: July 2, 2018 9:42 pm | Last updated: July 3, 2018 at 9:46 am

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട പന്ത്രണ്ടംഗ യുവ ഫുട്‌ബോള്‍ ടീം അംഗങ്ങളും ഇവരുടെ കോച്ചിനേയും കണ്ടെത്തി. എല്ലാവരും സുരക്ഷിതരാണ്. ഒമ്പത് ദിവസംനീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവര്‍ ഗുഹയില്‍ അകപ്പെട്ടത്.

ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹ്ക്കുള്ളില്‍ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹാമുഖത്തുനിന്നു നാല് കിലോമീറ്റര്‍ അകത്താണു കുട്ടികളും കോച്ചും കുടുങ്ങിയത്. മുങ്ങല്‍ വിദഗ്ധരും വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ഗുഹക്കകത്തെ വെള്ളം ഒഴിഞ്ഞുപോകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗതയിലാകുകയായിരുന്നു. വെള്ളത്തില്‍ മുങ്ങികിടക്കുന്ന ഗുഹയിലേക്കു സമാന്തരപാത നിര്‍മിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല.