അഭിമന്യുവിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Posted on: July 2, 2018 8:42 pm | Last updated: July 3, 2018 at 9:45 am
SHARE

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു (20)വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ കൂടി പോലീസ് പിടികൂടി. എസ്ഡിപിഐ പ്രവര്‍ത്തകരായ ഖാലിദ്, സനദ് എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ, ആലുവ സ്വദേശി ബിലാല്‍, കോട്ടയം സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ ആകെ 15 പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വടുതല സ്വദേശിയും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ആണ് മുഖ്യപ്രതിയെന്നും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് അഭിമന്യുവിനെ ക്യാമ്പസിനുള്ളില്‍ വെച്ച് കുത്തിക്കൊന്നത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനിനും കുത്തേറ്റിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.