Connect with us

Ongoing News

വിനയത്തിനെന്തൊരു വിനയം

Published

|

Last Updated

പ്രൗഢമായ മുഖഭാവം. അടുത്ത് ചെന്നാലോ മനസ്സലിയിക്കുന്ന പെരുമാറ്റം. നീണ്ട നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മതാധ്യാപനം നടത്തുന്ന മുദര്‍രിസ്. അതും മുപ്പത് വര്‍ഷം ഒരേ നാട്ടില്‍. അവിഭക്ത സമസ്തയുടെ ജില്ലാ പ്രസിഡന്റായിരുന്നു വയനാട് പി ഹസന്‍ മുസ്‌ലിയാര്‍ ബാഖവി. പിളര്‍പ്പുണ്ടായി ഒരു പക്ഷത്ത് നിന്നപ്പോഴും ആര്‍ക്കും അദ്ദേഹത്തോട് കെറുവ് കാണിക്കാന്‍ കഴിയുമായിരുന്നില്ല. ആ സാത്വിക ഭാവം എല്ലാ ഈറകളെയും തോല്‍പ്പിക്കുന്നതായിരുന്നു. വിയോജിപ്പുകള്‍ക്കതീതമായി ആദരണീയനാണ് ഹസനുസ്താദ്.
ആ വലിയ പണ്ഡിതനെ അറിയുന്നവര്‍ക്ക് ആദ്യം മനസ്സില്‍ വരുന്നത് ആ എളിമയാണ്. മനസ്സ് കവരുന്ന സ്വഭാവം. അവധാനതയോടെയുള്ള സൂക്ഷ്മമായ സമീപനം. എന്നാലോ ഇസ്സത്തിനൊരു ഇടിവ് വരികയാണെങ്കില്‍ അതിനോട് രാജിയില്ല. ആത്മാഭിമാനം കളഞ്ഞ് കഴിയാനൊന്നും ഹസന്‍ ഉസ്താദിനെ ആരും പ്രതീക്ഷിക്കരുത്.

വയനാട്ടിലെ സുഹൃത്ത് പറഞ്ഞതാണ് കാര്യം. പുതിയ വീടെടുക്കുമ്പോള്‍ പ്ലാനിനെ കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ആദ്യം ഉയര്‍ന്ന അഭിപ്രായങ്ങളിലൊന്ന് ഹസനുസ്താദിന് സൗകര്യമുള്ള രൂപത്തിലാകണം എന്നതായിരുന്നു. ഉസ്താദ് യാത്രക്കിടയിലും മറ്റുമായി പലപ്പോഴും കയറുന്ന വീടായിരുന്നു അത്. വേറൊരു കുടുംബവീടിന്റെ പ്ലാനില്‍ പോലും സ്വന്തം സ്‌കെച്ച് അടയാളപ്പെടുത്താന്‍ കഴിയുന്നിടത്താണ് ഈ പണ്ഡിതന്റെ സ്വാധീനം. ഇതര സമുദായക്കാര്‍ക്കും ഉസ്താദിനെ വേണം. പണി തുടങ്ങുമ്പോള്‍ കോണ്‍ട്രാക്ടര്‍ സുമേഷ് വിളിക്കും. ഉസ്താദ് പ്രാര്‍ഥിക്കണം. ക്രൈസ്തവ സുഹൃത്തുക്കള്‍ക്കും ഉസ്താദ് വലിയ കാര്യമാണ്. വ്യക്തിജീവിതത്തിലൂടെ എങ്ങനെ പ്രബോധനം നടത്താമെന്ന് ഇവിടെയൊരാള്‍ ജീവിച്ചു കാണിച്ചുകൊടുക്കുന്നു.
കാര്‍ഷിക കുടുംബത്തില്‍ ജനനം, മാതാവ് എന്ന അനുഭവം അറിയാത്ത ജീവിതം, വിദ്യ തേടിയുള്ള യാത്രകള്‍, ഉപരിപഠനം കഴിഞ്ഞ് ആധ്യാത്മിക വഴിയിലേക്കെന്ന ആലോചന, കുടുംബം, നീണ്ട കാലത്തെ അധ്യാപനം, മുസ്‌ലിം സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍, പണ്ഡിതന്മാരോടും സൂഫികളുടോമുള്ള അടുപ്പം, വയനാട്ടിലെ വറുതിയും ജീവിതവും കുടിയേറ്റങ്ങളും തുടങ്ങി ഉസ്താദ് ജീവിതം പറയുന്നു. തീരെ ആര്‍ഭാടമില്ലാത്ത ആ വാക്കുകളിലൂടെ…

? ചെറുപ്പത്തില്‍ നിന്ന് തുടങ്ങാം, ഉസ്താദ് മലപ്പുറത്തുകാരനാണ് അല്ലേ

മലപ്പുറം കരുവാരക്കുണ്ട് നീലാഞ്ചേരി. കുറച്ചേ പഠിച്ചിട്ടിള്ളൂ. അന്ന് ഓത്ത് പുരയിലാണ് തുടക്കം. മൊയ്തീന്‍ കുട്ടി മൊല്ല എന്ന് വിളിക്കും. മൂപ്പരാണ് ഉസ്താദ്. പള്ളി അടുത്തായത് കൊണ്ട് ഇടക്കൊക്കെ പള്ളീല് അങ്ങനെ പോയിക്കൊണ്ടിരിക്കും. ചെറിയ കുട്ടിയാണല്ലോ. ഉസ്താദുമാരൊക്കെ സ്‌നേഹം കാണിക്കും. ഞാന്‍ ഓത്ത് പള്ളീല് പഠിച്ചുകൊണ്ടിരിക്കുമ്പൊ ജ്യേഷ്ഠന്‍ ദര്‍സില്‍ ചേര്‍ന്നു. ഞാന്‍ നിസ്‌കാരക്കണക്കില്‍ അസറിന്റെ ദുആ പഠിക്കുകയാണ്. അന്ന് ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ നിസ്‌കാരക്കണക്കാണ്. ഞാന്‍ വഖ്തിന്റെ ദുആകള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജ്യേഷ്ഠന്‍ ദര്‍സില്‍ പോയത്. പള്ളീലെ ഉസ്താദുമാര്‍ “ജ്യേഷ്ഠന്‍ മോയ്‌ല്യാരായി, നീ മൊല്ലയായി നടക്കാണോ” എന്ന് തമാശ പറഞ്ഞത് എനിക്ക് ഭയങ്കര സങ്കടമായി. ഞാന്‍ ദര്‍സില്‍ ചേരാന്‍ തീരുമാനിച്ചു. തൊട്ടടുത്ത ഒരു മഹല്ലില്‍ ഓതാന്‍ പോയി. അവിടെ ഇശാ മഗ്‌രിബിന്റെ ഇടയില്‍ പഠിക്കും. അന്ന് സ്‌കൂള്‍ തുടങ്ങിയിട്ടില്ല. ശേഷം സ്‌കൂളില്‍ ചേര്‍ന്നു. 58ലാണ് സ്‌കൂള്‍ കഴിഞ്ഞത്. പിന്നെ വീണ്ടും ദര്‍സിലേക്ക് പോയി. കുറേ ഉസ്താദുമാരുണ്ട്. നാട്ടില്‍ നിന്നിരുന്ന ഏലംകുളത്ത് കോയ മുസ്‌ലിയാര്‍. അതിന് മുമ്പ് കാപ്പില്‍ ഉബൈദുല്ല ഉസ്താദ് നാട്ടിലുണ്ടായിരുന്നു. ഖതര്‍ന്നദ വരെ അവരുടെ അടുത്ത് നിന്ന് ഓതി. നഹ്‌വിലൊക്കെ ഒരു ബന്ധം കിട്ടിയത് ഉസ്താദിന്റെ അടുത്ത് നിന്നാണ്. പ്രാസംഗികനൊക്കെ ആയിരുന്നു. ചേകന്നൂരിനെതിരെ ഖണ്ഡിച്ച കഴിവുള്ള ആള്‍. കോയ ഉസ്താദ് മഞ്ഞപ്പെട്ടി എന്ന സ്ഥലത്തേക്ക് നീങ്ങി. വിദേശികളായ കുട്ടികള്‍ക്കൊപ്പം ഞാനും അങ്ങോട്ട് പോയി. ഒന്ന് ഒന്നര കൊല്ലം ഓതി. വല്യുമ്മാക്ക് അസുഖമായത് കൊണ്ട് കുറേ ഓത്ത് നഷ്ടപ്പെട്ടിരുന്നു. അല്‍ഫിയ തലക്കന്ന് ഓതണം എന്ന് ഉസ്താദിനോട് പറഞ്ഞു. അതവിടെ സൗകര്യപ്പെട്ടില്ല. ആ സമയത്ത് തന്നെ ഉസ്താദ് ദൂരെ ഒരു സ്ഥലത്തേക്ക് നീങ്ങി. അക്കാരണത്താല്‍ ഞാന്‍ എടപ്പലം മാനു ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു. നല്ല ഫഖീഹാണ്. അഞ്ചാറ് കുട്ട്യേളേ ഉള്ളൂ. വല്യ പള്ളിയാണ്. കുട്ടികള്‍ നാട്ടില്‍ പോകും വ്യാഴാഴ്ചയായാല്‍. പേടിയാ അന്ന്. ജിന്ന് ഒക്കെ ഉണ്ടാകും, അശരീരി കേള്‍ക്കും എന്ന് ആളുകള്‍ പറയും. കൂടെ കുട്ടികള്‍ ഇല്ലാത്ത ഒരു വിഷമം ഉണ്ട്. ക്ലാസില്‍ ചോദ്യമൊക്കെ ഞാന്‍ തന്നെ ചോദിക്കണം. ഞാന്‍ ഇല്ലാതെ കിതാബ് നീങ്ങൂല. പിന്നെ എനിക്ക് തോന്നി ഒന്നുകൂടി മാറണം എന്ന്. കിടങ്ങഴി ഉസ്താദ് കോട്ടുമല ദര്‍സ് നടത്തുകയാണ്. അവിടെ ചെന്നപ്പൊ മൊയ്തീന്‍ കുട്ടി ഉസ്താദ് ആ നാട്ടുകാരനാണ്. ഉസ്താദിന്റെ അടുത്ത് ഓതുകയാണ്. മൂപ്പരെ ഏല്‍പ്പിച്ചു തന്നു. അങ്ങനെ അല്‍ഫിയ ഒരു ബൈത്തും ഒഴിഞ്ഞുപോകാതെ കിട്ടി. പിന്നെ ഏകദേശം എല്ലാ ദര്‍സും കിടങ്ങഴി ഉസ്താദിന്റെ അടുത്ത് തന്നെ. തഫ്‌സീറ് മുതല്‍ തുടങ്ങി. തഫ്‌സീറ് തുടങ്ങിത്തന്നത് ഒ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരായിരുന്നു. സ്വഹീഹുല്‍ ബുഖാരി സദഖത്തുല്ല ഉസ്താദാണ് തുടങ്ങിത്തന്നത്. കിടങ്ങഴി ഉസ്താദിന്റെ ഉസ്താദാണല്ലോ ആ ബന്ധത്തിന്. കോട്ടുമലേന്ന് ഉസ്താദ് പാങ്ങിലേക്ക് പോന്നു. പാങ്ങ്ന്ന് മൈലപ്പുറത്തേക്ക്. മൈലപ്പുറത്ത് നിന്ന് കരുവാരക്കുണ്ടിലേക്ക്. കരുവാരക്കുണ്ട്ന്ന് മാമ്പുഴക്ക് പോയപ്പൊ ഞങ്ങള് ബാഖിയാത്തിലേക്ക് പോയി. എഴുപത് എഴുപത്തി ഒന്നില്. എഴുപത്തി ഒന്നില്‍ വെല്ലൂരില്‍ നിന്ന് പിരിഞ്ഞു. അക്കൊല്ലം തന്നെ റമസാനിക്ക് കണിയാമ്പറ്റക്ക് ദര്‍സ് നടത്താന്‍ പോന്നു. പിന്നെ എളേറ്റില്‍, വെളിമണ്ണ, വെള്ളമുണ്ട.

? നീണ്ട 30 കൊല്ലമാണ് വെള്ളമുണ്ടയില്‍ മുദര്‍റിസായി കഴിഞ്ഞത്. ഒറ്റപ്പെട്ട ഒരനുഭവമാണ് അതെന്ന് പറയാം.

എന്റെ സ്വഭാവം എന്ന് പറഞ്ഞാല്‍ ഒരു സ്ഥലത്ത് അടങ്ങി നില്‍ക്കുക. നീങ്ങേണ്ട ഒരു കാരണം വന്നാല്‍ അന്നേരം പോകുക. ഉസ്താദ് പറഞ്ഞിട്ടുണ്ട്, ഭൗതിക സൗകര്യം നോക്കി മാറരുത്. ദീനിയ്യായ പുരോഗതി ഉണ്ടെങ്കില്‍, പത്ത് കുട്ടികളെ സ്ഥാനത്ത് 20 കുട്ടികളെ ദര്‍സ് കിട്ടുകയാണെങ്കില്‍ അതൊരു പുരോഗതിയാണല്ലോ. പിന്നെ അഭിമാന പ്രശ്‌നം. നമ്മളെ ഇസ്സത്ത് കുറവ്. കിടങ്ങഴി ഉസ്താദ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബാഖിയാത്തില്‍ നിന്നും പറഞ്ഞിട്ടുണ്ട്. ഫള്ഫരി കുട്ടി മുസ്‌ലിയാര്‍ ബാഖിയാത്തില്‍ നമ്മുടെ ഉസ്താദാണ്. ശൈഖ് ഹസന്‍ ഹസ്‌റത്ത് പ്രന്‍സിപ്പാളും. എപ്പോഴും പറയും. ആ തത്വം നമ്മള് സ്വീകരിച്ചുപോന്നു. പോരുന്നത് വരെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ അങ്ങനെ പോന്നു.

? കരുവാരക്കുണ്ട് നീലാഞ്ചേരിക്കാരനാണല്ലോ, വയനാട്ടിലേക്ക് വരാനുണ്ടായ സാഹചര്യം എന്തായിരുന്നു.

നമ്മുടെ മുബല്ലിഗ് എ സി എസ് ബീരാന്‍ മുസ്‌ലായിരുടെ നാട്ടില്‍ ഓതിയതിന്റെ പേരില്‍, ആ ബന്ധത്തിന്റെ പേരില്‍. മൂപ്പര് ഓരോ സ്ഥലത്ത് വയള് പറഞ്ഞ് പള്ളിയും മദ്‌റസയും ദര്‍സും ഉണ്ടാക്കലാണല്ലോ. കണിയാമ്പറ്റ വന്ന് വയള് പറഞ്ഞ് പത്ത് കുട്ടികള്‍ക്കും ഒരു മുദര്‍രിസിനും സൗകര്യം ഒരുക്കിവെച്ചു. അതിലേക്ക് നമ്മളെ വിളിച്ചു.

? പുറത്ത് നിന്ന് നോക്കിയാല്‍, വയനാട്ടിലെ കാര്യങ്ങള്‍ തോട്ടംതൊഴിലാളികളും കര്‍ഷകരും കഷ്ടപ്പെടുന്നവരും ഒക്കെയാണെന്ന് തോന്നും അല്ലേ

ഇവിടെ എല്ലാ കൂട്ടരും ഉണ്ട്. ചില ഭാഗങ്ങളിലൊക്കെ നല്ലോണം കഷ്ടപ്പെടുന്നവരുണ്ട്. അല്ലാത്തവരും ഒരുപാടുണ്ട്. വെള്ളമുണ്ട ഭാഗത്ത് പഴയ നാദാപുരത്തിന്നൊക്കെ വന്നവരാണ്. പഴയ കുടുംബങ്ങളാണ്. അവിടെ തന്നെ പെറ്റു വളര്‍ന്നവരാണ്. ഒരു തലമുറ കഴിഞ്ഞവരാണ്. നാദാപുരം കല്ലാച്ചിന്നൊക്കെ വന്നവരാണ് കുറേ ആള്‍ക്കാര്.

? ഇവിടുത്തെ അവസ്ഥ വേറൊന്നാണ്, സ്ത്രീകളൊക്കെ കുറേ ആളുകള്‍ പണിക്ക് പോകലാണല്ലോ, അവര്‍ക്കിടയിലെ ദഅ്‌വാ പ്രവര്‍ത്തനമൊക്കെ എങ്ങനെയാണ്

തോട്ടത്തില്‍ ജോലിക്ക് പോകുന്നവര്‍ പ്രത്യേകിച്ചും. അങ്ങനെയുള്ളവര്‍ അധികവും വന്ന് താമസിച്ചവരാണ്. ദര്‍സിയ്യായി കൂടുന്നത് കൊണ്ട് അത്രയങ്ങട്ട് അടുത്തറിയാന്‍ കഴിയല്‍ കുറവാണ്. എന്നാലും കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. ആദ്യ കാലത്തൊക്കെ വയള് നല്ലോണം പറഞ്ഞിരുന്നു. കോയ ഉസ്താദ് വയള് ഏറ്റാല്‍ ഒന്നോ രണ്ടോ ദിവസം എന്നെ വിടും. ശരീകാണ് എന്നൊക്കെ പറഞ്ഞ്. എം കെ എം കോയ ഉസ്താദ്. അത് എന്റെ സഹപാഠിയായിരുന്നു. ഇപ്പം പിന്നെ ചെറുപ്പക്കാരൊക്കെ ഉണ്ടല്ലോ. അപ്പൊ ഉദ്ഘാടനം കൊണ്ട് മതിയാക്കുകയും ചെയ്യും.

? ഭക്ഷണത്തിന് വീട്ടില്‍ പോകുകയല്ലേ ചെയ്തിരുന്നത് കുട്ടികള്‍.

ദര്‍സില്‍ എല്ലാ കുട്ടികളും ചെലവിന് പോകും. ജോലിക്ക് പോകുന്ന വീട്ടുകാരാണെങ്കില്‍ എല്ലാം തയ്യാറാക്കി വെക്കും. അവര്‍ക്ക് വലിയ താത്പര്യമാണ്. പിന്നെ വെള്ളമുണ്ട ഒന്നും അങ്ങനെ സ്ത്രീകള്‍ പണിക്ക് പോകല്‍ ഇല്ല. എസ്റ്റേറ്റ് ഏരിയയിലൊക്കെ നല്ലണം പണിക്ക് പോകും. അവിടെയാണ് പറഞ്ഞത്.

? വയനാട്ടിലേക്ക് വരണം എന്നൊരു ചിന്ത എങ്ങനെ വന്നു

എന്നെ ക്ഷണിച്ചത് ഇങ്ങോട്ടാണല്ലോ. ചെന്നപ്പം അവര്‍ക്ക് എന്നേയും ഇഷ്ടപ്പെട്ടു. എനിക്ക് അവരെയും ഇഷ്ടപ്പെട്ടു. കണിയാമ്പറ്റ എന്ന് പറഞ്ഞാല്‍ ഭയങ്കരാണ്. അവിടൊരു വീട് നമ്മളെ വീട് പോലെയാണ്. അസുഖം മുമ്പേ ഉള്ളത് കൊണ്ട് ഭക്ഷണത്തിന് പഥ്യമാണ്. അവരോട് ഞാന്‍ പറഞ്ഞു, കുരുമുളകിന്റെതേ പറ്റൂ കറി. അതുപോലെ വേറെ ചിലതും. ഇത് പറഞ്ഞപ്പൊ കുഞ്ഞിമായിന്‍ ഹാജി പറഞ്ഞു: “അങ്ങനെയാണെങ്കില്‍ ഉസ്താദിന് പല വീട്ടിന് ചെലവായാ ശരായാകൂല. നാട്ടുകാര് എല്ലാരും ചെലവിന് കൊടുത്താല്‍ ഒരു ദിവസം പഥ്യം ഉണ്ടാകും ഒരു ദിവസം ഉണ്ടാകൂലാ. അതുകൊണ്ട് നിങ്ങള് ഇവിടെ നിക്കന്ന കാലത്തോളം നമ്മള്‍ക്ക് ഇവിടെ നിന്ന് കഴിക്കാം.” പള്ളീല്‍ ആരെങ്കിലും വന്നാല്‍ പറഞ്ഞയക്കാന്‍ പറ്റുമെങ്കില്‍ പറഞ്ഞയച്ചോളീ, അല്ലെങ്കില്‍ അങ്ങോട്ട് കൊടുത്തയക്കാം” അതാണ് അവരുടെയൊക്കെ ഒരു സമീപനം.

(അവസാനിച്ചിട്ടില്ല)

Latest