Connect with us

Cover Story

വേദനയിലാണ് ആനന്ദത്തിന്റെ വേരുകള്‍

Published

|

Last Updated

“ആകാശത്തിലെ നക്ഷത്രം കണക്കെ സ്‌നേഹം തുളുമ്പുന്ന മാതൃ ഹൃദയം… അതെനിക്കൊന്ന് ആസ്വദിക്കാന്‍ ഭാഗ്യം ഇല്ല… ഓര്‍മ വെച്ച നാള്‍ മുതല്‍ ഉമ്മയേയോ ഉപ്പയേയോ സഹോദരങ്ങളേയോ സ്വന്തമെന്ന് പറയാന്‍ ഭാഗ്യമില്ലാത്തവളാണ് ഞാന്‍… ഉള്ളിലെ ഗര്‍ത്തങ്ങളില്‍ പതിയിരിക്കുന്നു, ആ ഉറവ വറ്റിയ സ്വപ്‌നങ്ങള്‍… ആ ഇരുള്‍ മൂടിയ മനസ്സിന്റെ താഴ്‌വരയില്‍ വെളിച്ചമേകി
എന്നെ പോറ്റി വളര്‍ത്തിയ എന്റെ ഉമ്മ (കുഞ്ഞാമിന ഉമ്മ) തന്നെയാണ് എന്റെ പൊന്നുമ്മ…”
****

തലശ്ശേരി വടക്കുമ്പാട് പോസ്റ്റോഫീസിന് എതിര്‍വശമുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ നടന്നാല്‍ അജ്മലിന്റെയും ഷാബാനയുടെയും കവിത പോലുള്ള ജീവിതം കാണാം; അവളുടെ എഴുത്ത് പോലെത്തന്നെ. ആ റോഡരികിലെ റഹ്മാലയം നിവാസില്‍ ഷാബാന ഇന്ന് അജ്മലിന്റെ കൈകളില്‍ സുരക്ഷിതയാണ്. 27 വയസ്സായി അവള്‍ക്ക്. സാധാരണ കുടുംബ ജീവിതമാണെങ്കിലും നിമിത്തങ്ങളുടെ മുറിയാത്ത ചങ്ങലക്കണ്ണി കാണാം. കണ്ണീരലയിപ്പിക്കുന്ന ആ കഥ കേട്ടാല്‍ മനസ്സിലാകും ആ ജീവിതത്തിന്റെ പുതിയ മധുരം.

ഓലക്കുടിലില്‍ വിരുന്നെത്തിയ കൈക്കുഞ്ഞ്

ചെറുവത്തൂരിലെ കുഞ്ഞാമിന ഉമ്മക്ക് ചെറു പ്രായത്തിലേ നല്ലപാതി നഷ്ടപ്പെട്ടതാണ്. വിധവയായുള്ള അവരുടെ ജീവിതം തുടങ്ങിയിട്ട് കാലമേറെയായി. ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലിലാണ് താമസം. തൊട്ടടുത്ത് തന്നെ മറ്റൊരു ഓല ഷെഡ് അവര്‍ വാടകക്ക് കൊടുക്കാറുമുണ്ട്. ഈ ഓലഷെഡില്‍ ഒരു പുരുഷനും സ്ത്രീയും ഒരു പെണ്‍കുഞ്ഞിനെയുമായി വന്ന് വാടകക്ക് താമസിച്ചു. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം കൈക്കുഞ്ഞിനെ കുഞ്ഞാമിന ഉമ്മയെ ഏല്‍പ്പിച്ച ശേഷം അവര്‍ പറഞ്ഞു, കുഞ്ഞിനെയൊന്ന് നോക്കണം, ഞങ്ങളിപ്പോ വരാം. ആ പോക്ക് അനന്തമായിരുന്നു. പിന്നെ ആ കുഞ്ഞിന്റെ സംരക്ഷണം കുഞ്ഞാമിനയുമ്മയുടെ കൈകളിലായി. തന്റെ ഏക മകനൊപ്പം ആരാരുമില്ലാത്ത പൊന്നുമോളേയും ആ ഉമ്മ പോറ്റി വളര്‍ത്തി. പശുവിനെ വളര്‍ത്തി പാല്‍ വിറ്റായിരുന്നു കുഞ്ഞാമിനയുമ്മയുടെ ജീവിതം. ആ ജീവിതത്തില്‍ ഒരംഗമായി സ്‌നേഹനിധിയായ ആ ഉമ്മയുടെ കൈകള്‍ കോര്‍ത്തുപിടിച്ച് പെണ്‍കുഞ്ഞ് വളര്‍ന്നു. അവളെ അവര്‍ ഷാബാന എന്ന് പേരിട്ടു. ഷാബാനക്ക് സ്‌കൂള്‍ പ്രായമായി. അവളുടെ കൈ പിടിച്ച് തൊട്ടടുത്ത കൈതക്കാട് എ യു പി സ്‌കൂളില്‍ ആ ഉമ്മ കൊണ്ടുവിട്ടു. പൊന്നുമോളെ സ്‌കൂള്‍ പടിക്കല്‍ കാത്തിരുന്ന ഉമ്മയുടെയരികത്തേക്ക് അവള്‍ പാഞ്ഞുവന്നു, ആ ഉമ്മ അണച്ചുകൂട്ടി അവളെ വീട്ടിലേക്ക് കൊണ്ടുപോയി. അവള്‍ക്ക് സ്‌കൂളും പരിസരവുമൊക്കെ പരിചിതമായതോടെ വീടിനടുത്തുള്ള കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിലേക്കും മദ്‌റസയിലേക്കുമൊക്കെ വിടാന്‍ തുടങ്ങി.

ഏറെ കാലങ്ങള്‍ക്കു ശേഷം അന്ന് ഉപേക്ഷിച്ചുപോയയാളും സ്ത്രീയും തിരിച്ചു വന്നു, കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. അപ്പോഴേക്കും ഷാബാനയും കുഞ്ഞാമിനയുമ്മയും ഒരു മാതാവിന്റെയും മകളുടെയും ബന്ധത്തിന്റെയത്ര വളര്‍ന്നിരുന്നു. കുഞ്ഞാമിനയുമ്മക്ക് അവളെ വിട്ടുകൊടുക്കാനാകില്ല, അവള്‍ക്ക് ഉമ്മയേയും. കുട്ടിയെ തിരഞ്ഞു വന്നവരോട് കുഞ്ഞാമിനയുമ്മ പറഞ്ഞു, എന്താ ചെയ്യാ അവള്‍ പോരുന്നില്ല, എനിക്കാണെങ്കില്‍ അവളെ പിരിയാനാവുകയുമില്ല. കുട്ടിയെ എവിടെ നിന്നാണ് കിട്ടിയതെന്നതിനെക്കുറിച്ച് ആ സ്ത്രീയും പുരുഷനും ആ ഉമ്മയോട് മുമ്പ് സ്വകാര്യം പറഞ്ഞിട്ടുണ്ട്. ആ ഉമ്മ അത് ഇന്നുവരെ ആരോടും പറഞ്ഞിട്ടില്ലെന്ന് മാത്രം. ഏതായാലും അവരുടെ കുട്ടിയല്ലെന്ന് കുഞ്ഞാമിനയുമ്മക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ വലിയ നിര്‍ബന്ധമൊന്നും പിടിക്കാതെ അവര്‍ സ്ഥലം വിട്ടു.

പിന്നെ ഷാബാനയുടെയും കുഞ്ഞാമിനയുമ്മയുടെയും ജീവിതം. പാല്‍ അയല്‍ വീടുകളിലൊക്കെ കൊണ്ടുപോയി ഷാബാന സഹായിക്കും. ഏഴാം ക്ലാസ് കഴിഞ്ഞതോടെ ഷാബാനയുടെ ജീവിതച്ചെലവുകളൊക്കെ കൂടി. തളിപ്പറമ്പിലെ അല്‍ മഖര്‍റുസ്സുന്നിയ്യയെക്കുറിച്ച് ആ ഉമ്മ എവിടെ നിന്നോ കേട്ടറിഞ്ഞു. ഒരു ദിവസം ആ സ്ഥാപനം തേടിയിറങ്ങി. ഷാബാനയുടെയും തന്റെയും വിവരങ്ങളൊക്കെ സ്ഥാപനാധികാരികളെ പറഞ്ഞു ബോധ്യപ്പെടുത്തി. അല്‍ മഖര്‍ ഷാബാനയെ ഇരുകൈകളും കൂട്ടി സ്വീകരിച്ചു. പിന്നെ അല്‍ മഖറിന്റെ ലോകത്തായി ഷാബാന. മാനേജര്‍ കെ എം കെ എന്ന കുഞ്ഞിമുഹമ്മദ് മാഷും അവരുടെ സഹധര്‍മിണിയും അധ്യാപികയുമായ ലൈലയോടുമൊപ്പമായി ഷാബാനയുടെ നാളുകള്‍. അവധി ദിവസങ്ങളില്‍ കുഞ്ഞാമിനയുമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും.

മറ്റൊരു ഭാഗത്ത്

തലശ്ശേരി വടക്കുമ്പാട്ടെ ഖദീജ ഉമ്മ അല്‍ മഖറിലെ നിത്യ സന്ദര്‍ശകയായിരുന്നു. മഖറിലെ ദുആ സദസ്സുകളിലെ സ്ഥിര സാന്നിധ്യം. അവര്‍ക്ക് പത്ത് മക്കളാണുണ്ടായിരുന്നത്. ഏഴ് ആണും മൂന്ന് പെണ്ണും. ഒരു ദിവസം ഖദീജ ആണ്‍മക്കളോട് പറഞ്ഞു. നിങ്ങളിലാരെങ്കിലുമൊരാള്‍ അല്‍ മഖറിലെ ഏതെങ്കിലുമൊരു അനാഥക്കുട്ടിയെ വിവാഹം ചെയ്യണം, എന്റെ ഒരാഗ്രഹമാണത്. അന്ന് അജ്മലിന് വെറും പതിനേഴ് വയസ്സ്. ഉമ്മയുടെ ആഗ്രഹം സഫലീകരിക്കണമെന്ന് അജ്മലിന് വല്ലാത്തൊരാശ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ അജ്മല്‍ ഈയൊരാവശ്യവുമായി അല്‍ മഖറിന്റെ പടി കയറി. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഷാബാനയെക്കുറിച്ചായിരുന്നു സ്ഥാപനാധികാരികള്‍ അജ്മലിനോട് പറഞ്ഞത്. ആരോരുമില്ലാത്ത പാവം പെണ്‍കുട്ടി. പഠിക്കാന്‍ മിടുമിടുക്കി. അവളെ മതിയെന്നായി അജ്മല്‍. പിന്നെ കല്യാണാലോചന. കല്യാണരാവില്‍ അല്‍ മഖറിന്റെ മുറ്റത്ത് വിവാഹ പന്തലുയര്‍ന്നു. ബാപ്പയും ഉമ്മയും ആരെന്നറിയാത്ത എവിടെയെന്നറിയാത്ത ഷാബാന വിവാഹിതയാവുന്നു. കൂട്ടുകാരികള്‍ ചുറ്റുമിരുന്ന് ഒപ്പനപ്പാട്ടുകള്‍ പാടി. എന്നാല്‍, ഷാബാനയുടെ മനസ്സ് എന്തൊക്കെയോ ആലോചിച്ചിരുന്നു. അതേക്കുറിച്ച് അവള്‍ എഴുതിത്തന്ന കുറിപ്പിലിങ്ങനെ: വിവാഹ വേദിയിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുന്ന എന്നരികില്‍ സ്വന്തം ഉപ്പയും ഉമ്മയും ഇല്ലാത്ത വിഷമം, അവരെവിടെയെന്നറിയാത്ത സങ്കടപ്പാട്. ദുഃഖസാഗരം എന്റെ മനതാരില്‍ അലയടിച്ചുയര്‍ന്നു. ഒരു നിമിഷം ഞാന്‍ സങ്കടക്കടലിലേക്ക് വീണു. പെട്ടെന്നതാ എന്റെ കൂട്ടുകാരികള്‍ ഒപ്പനപ്പാട്ടുമായി ചുറ്റിലും. ഞാന്‍ പിന്നെ….

2010 സെപ്തംബര്‍ 26നായിരുന്നു ആ വിവാഹം. ഇന്നേക്ക് ഏഴ് വര്‍ഷവും ഒമ്പത് മാസവും. ആ തെളിനീരില്‍ ഒഴുകിയെത്തിയത് മൂന്ന് കുസുമങ്ങള്‍. തഅലീമുസ്സിബ്‌യാന്‍ മാപ്പിള എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി ഫാതിമതുല്‍ ഷദ, ഗുരുവിലാസം സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥി മുഹമ്മദ് ഹാദില്‍, ഷാബാനയുടെ ഒക്കത്തിരുന്ന് പുഞ്ചിരി തൂകുന്ന ഫാത്തിമ സഫ.

അജ്മല്‍ പഴങ്ങളുടെ മൊത്ത വ്യാപാരിയാണ്. മുസമ്പിയും ഉറുമാനുമടക്കമുള്ളവ മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്കെത്തിക്കുന്നു. അജ്മലിന്റെ കുടുംബത്തിന്റെ കൂടി പിന്തുണയാണ് ഷാബാന ഇന്നവനൊപ്പം അണഞ്ഞുകൂടാനാവസരമൊരുക്കിയത്. സഹോദരങ്ങളും പെങ്ങന്‍മാരുമൊക്കെ ജീവിതത്തില്‍ ഷാബാനക്കും അജ്മലിനുമൊപ്പം. കുഞ്ഞാമിനയുമ്മയുടെ മകനും സഹോദരിയുടെ മകനുമടക്കമുള്ളവരുടെ പിന്തുണ വേറെയും. ജീവിതത്തില്‍ ഷാബാനക്ക് ഒരാഗ്രഹമുണ്ട്. അധ്യാപികയാവണം. അഫ്‌സലുല്‍ ഉലമ ഡിഗ്രി കോഴ്‌സ് കഴിഞ്ഞ അവള്‍ക്ക് സ്വാഭാവികമായുള്ള ഒരാഗ്രഹം മാത്രം.

കഴിഞ്ഞ വേനലവധിക്കാലത്ത് രണ്ടാഴ്ചയാണ് ഷാബാന മക്കളേയും കൂട്ടി കുഞ്ഞാമിനയുമ്മയുടെ അടുത്ത് പോയി താമസിച്ചത്. ഷാബാനയുടെ വരവ് കുഞ്ഞാമിനയുമ്മക്ക് വല്ലാത്തൊരു ആഘോഷമാണ്. എണ്‍പത് വയസ്സായെങ്കിലും അവരുടെ മനതാരില്‍ ഷാബാനക്ക് എണ്ണൂറിന്റെ സ്ഥാനമാണ്. ഷാബാനയുടെ മകള്‍ ഫാത്തിമതുല്‍ ഷദക്ക് കുഞ്ഞാമിനയുമ്മ ഉമ്മാമയാണ്.

വിധികളില്‍ അന്തര്‍മുഖരാകരുത്

വിശേഷങ്ങള്‍ കേട്ടറിഞ്ഞ് അന്വേഷിക്കാനായി ഞങ്ങള്‍ ചെന്നപ്പോള്‍ ഷാബാന പറഞ്ഞു, എന്റെ ജീവിതം പറഞ്ഞറിയിക്കാനാകില്ല, എഴുതിത്തരാം. കണ്ണീരും തേങ്ങലും മേമ്പൊടിയായി ചേര്‍ത്ത് അജ്മലിനൊപ്പം ആഘോഷപൂര്‍വം ജീവിക്കുന്ന ഷാബാന എഴുതിയ 11 പേജോളം വരുന്ന ജീവിതപ്പാടുകളില്‍ ഇങ്ങനെയും:
പ്രതിസന്ധികളില്‍ പതറരുത്, നിരാശയില്‍ കയറും വിഷവുമെടുക്കരുത്. അനിശ്ചിതമായ വിധികളോര്‍ത്ത് അന്തര്‍മുഖരാകരുത്. വേദനയിലാണ് ആനന്ദത്തിന്റെ വേരുകള്‍. ഞാന്‍ ഇന്ന് ജീവിക്കുകയാണ്, അജ്മലിക്കയുടെ നല്ല പാതിയായി, മക്കളുടെ നല്ല ഉമ്മയായി…

ഒടുക്കം
പത്രത്തില്‍ കൊടുക്കുന്നതിന് ഒരു ഫോട്ടോ തരുമോയെന്ന് ഷാബാനയോട് ചോദിച്ചുകൂടേയെന്ന് അജ്മലിനോട് ഞങ്ങള്‍ തിരക്കി. അവന്‍ പറഞ്ഞു, അവള്‍ക്കത് ഇഷ്ടമില്ല…
.

Latest