‘കാര്‍ഷിക രംഗത്ത് മേഖല: രാജ്യങ്ങള്‍ തമ്മില്‍ ദൃഢബന്ധം വേണം’

Posted on: July 2, 2018 4:35 pm | Last updated: July 2, 2018 at 4:35 pm
SHARE
മറിയം ബിന്‍ത് മുഹമ്മദ് അല്‍ മിഹൈരി

ദുബൈ: കാര്‍ഷിക രംഗവും ഭക്ഷ്യോത്പന്ന മേഖലയും കേന്ദ്രീകരിച്ച് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ദൃഢബന്ധം ഭാവിയില്‍ യു എ ഇയിലെ ഭക്ഷ്യസുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്ന് യു എ ഇ ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ബിന്‍ത് മുഹമ്മദ് അല്‍ മിഹൈരി. മധ്യപൗരസ്ത്യ മേഖലയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഭക്ഷ്യസുരക്ഷയുടെ ഭാവി, മേഖലയിലെ സുശക്തമായ സാമ്പത്തിക-വ്യാപാര സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മറിയം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനവും മിന മേഖലയില്‍ പൊതുവായി നേരിടുന്ന വെല്ലുവിളികളും മറികടക്കാന്‍ ഉന്നത നിലയിലുള്ള സഹകരണമാണ് വേണ്ടത്. വിവിധ രാജ്യങ്ങളിലുള്ള സ്വകാര്യ മേഖലയിലെ കമ്പനികളെയും ഇക്കാര്യത്തില്‍ മന്ത്രി പങ്കാളിത്തത്തിന് ക്ഷണിച്ചു.
ഭക്ഷ്യസുരക്ഷാ മേഖലയില്‍ യു എ ഇയുമായി മികച്ച ബന്ധമുള്ള ഈജിപ്തില്‍ അടുത്തിടെ മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഭക്ഷ്യസുരക്ഷയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈജിപ്ത് ഉന്നതോദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു.
ലോകത്തെ തന്നെ ഏറ്റവും വലിയ വെര്‍ട്ടിക്കല്‍ ഫാമിംഗ് രീതി ദുബൈയില്‍ നടപ്പാക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ദുബൈ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപമായാണ് ഫാം സജ്ജീകരിക്കുന്നത്.