കെഎസ്അര്‍ടിസി ബസില്‍ രണ്ട് കോഴികള്‍ക്ക് ടിക്കറ്റെടുപ്പിച്ച് കണ്ടക്ടര്‍; അന്തംവിട്ട് ദരിദ്ര കര്‍ഷകന്‍

Posted on: July 2, 2018 1:30 pm | Last updated: July 2, 2018 at 3:18 pm

ബെംഗളുരു: കെഎസ്ആര്‍ടിസിയില്‍ രണ്ട് കോഴികളുമായി യാത്ര ചെയ്ത കര്‍ഷകന് കോഴികള്‍ക്കും ടിക്കറ്റെടുക്കേണ്ടിവന്നു. കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം.

150 രൂപ കൊടുത്ത വാങ്ങിയ രണ്ട് കോഴികളുമായി ഗൗരിബിദാനൂരില്‍നിന്നും പെദാനഹള്ളിയിലേക്കായി ഞായറാഴ്ച രാവിലെയാണ് കര്‍ഷകനായ ശ്രീനിവാസ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറിയത്. 30 മിനുട്ട് ദൈര്‍ഘ്യമുള്ള യാത്രക്ക് ഒരാള്‍ക്ക് 24 രൂപയാണ് ടിക്കറ്റ് ചാര്‍ജ് . എന്നാല്‍ 50 രൂപ കൊടുത്ത ശ്രീനിവാസിന് കണ്ടക്ടര്‍ 24 രൂപ ബാക്കി കൊടുക്കുന്നതിന് പകരം മൂന്ന് ടിക്കറ്റും രണ്ട് രൂപയുമാണ് കൊടുത്തത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഓരോ കോഴിക്കും അരടിക്കറ്റ് എടുക്കണമെന്നാണ് കണ്ടക്ടര്‍ മറുപടി നല്‍കിയത്. ടിക്കറ്റിന് പുറത്ത് കോഴികള്‍ക്ക് അരടിക്കറ്റ് വീതം എടുത്തതായി കന്നഡയില്‍ എഴുതിക്കൊടുക്കുകയും ചെയ്തു കണ്ടക്ടര്‍.

ആറ് വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കെ പകുതി ടിക്കറ്റിനായി പണം നല്‍കേണ്ടതുള്ളുവെന്ന നിയമം നിലനില്‍ക്കെയാണ് കോഴികള്‍ക്ക് കണ്ടക്ടര്‍ പണം ഈടാക്കിയത്. 150 രൂപയുടെ കോഴികള്‍ക്ക് ടിക്കറ്റ് എടുപ്പിച്ച സംഭവത്തില്‍ അന്തംവിട്ടിരിക്കുകയാണ് ശ്രീനിവാസെന്ന ദരിദ്ര കര്‍ഷകന്‍.