വിദേശരാജ്യങ്ങളിലേക്കുള്ള യു എ ഇ സ്ഥാനപതിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Posted on: July 2, 2018 11:38 am | Last updated: July 2, 2018 at 11:38 am
SHARE

ദുബൈ: വിദേശരാജ്യങ്ങളിലേക്കുള്ള യു എ ഇയുടെ സ്ഥാനപതിമാര്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു ചടങ്ങ്. ഇതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളിലെ യു എ ഇയിലേക്കുള്ള സ്ഥാനപതിമാര്‍ തങ്ങളുടെ അധികാരപത്രം ശൈഖ് മുഹമ്മദിന് കൈമാറി.

യു എ ഇ അംബാസിഡര്‍മാരായി ഈസ സാലിം അല്‍ ദാഹിരി (അഫ്ഗാനിസ്ഥാന്‍), റാശിദ് മുഹമ്മ് അല്‍ മന്‍സൂരി (ടുണീഷ്യ), ഖലീഫ അബ്ദുര്‍റഹ്മാന്‍ അല്‍ മര്‍സൂഖി (ടാന്‍സാനിയ), സാലിം റാശിദ് അല്‍ ഉവൈസ് (കൊളംബിയ), ഡോ. നവാല്‍ ഖലീഫ അല്‍ ഹുസ്‌നി (അന്താരാഷ്ട്ര പുനരുപയുക്ത ഊര്‍ജ ഏജന്‍സി-ഐ ആര്‍ എന്‍ എയിലെ യു എ ഇയുടെ സ്ഥിരം പ്രതിനിധി), ജുമ റാശിദ് ഖമീസ് അല്‍ റുമൈതി (കോസ്റ്റാറിക്ക) എന്നിവരാണ് ശൈഖ് മുഹമ്മദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

ബ്രൂണെ, ഘാന, ബഹ്‌റൈന്‍, ചാഡ്, സെര്‍ബിയ, ഗ്രീസ്, ദക്ഷിണാഫ്രിക്ക, ഗാംബിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യു എ ഇയില്‍ പുതിയ സ്ഥാനപതിമാരെത്തിയത്. ഇവരെ ശൈഖ് മുഹമ്മദ് യു എ ഇയിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്തു.
ചടങ്ങില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.