Connect with us

Gulf

ദേര ഗോള്‍ഡ് സൂഖിന്റെ മുഖച്ചായ മാറ്റാന്‍ നഗരസഭാ ശ്രമം

Published

|

Last Updated

ദുബൈ: ദുബൈയുടെ മുഖമുദ്രയായ ദേര ഗോള്‍ഡ് സൂഖ് നവീകരിക്കുന്നു. മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് വ്യാപാരികളുമായി നഗരസഭാധികൃതര്‍ ചര്‍ച്ച നടത്തി.
സൂഖിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ ഇരു കൂട്ടരും ഏകാഭിപ്രായം പ്രകടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സന്ദര്‍ശകരും ഇടപാടുകാരും ഉപഭോക്താക്കളും എത്തുന്ന സ്ഥലമാണിത്. നവീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ കസ്റ്റമേര്‍സ് ആന്‍ഡ് പാര്‍ട്ണര്‍ റിലേഷന്‍സ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ സന്ദര്‍ശനം നടത്തിയിരുന്നു. വ്യാപാര കേന്ദ്രത്തില്‍ എത്തി നേരിട്ടുള്ള ആശയ വിനിമയമായിരുന്നുവെന്ന് വകുപ്പ് ഉപ മേധാവി മനാല്‍ ബിന്‍ യാറൂഫ് പറഞ്ഞു.

വ്യാപാരികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആവശ്യമായ മാറ്റങ്ങള്‍ എന്തൊക്കെയെന്നു വിലയിരുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.നഗരസഭയിലോ മറ്റോ പോകുമ്പോള്‍ വ്യാപാരിക്ക് സ്ഥാപനം അടച്ചിടെണ്ടിവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ദുബൈ സെന്‍ട്രല്‍ ലബോറട്ടറിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഗുണ നിലവാരം പരിശോധിക്കാന്‍ ഏറ്റവും ആധുനിക സാമഗ്രികള്‍ ആണ് ലബോറട്ടറിക്ക് ഉള്ളതെന്ന് ഡയരക്ടര്‍ എഞ്ചി അമീന്‍ അഹ്മദ് അമീന്‍ ചൂണ്ടിക്കാട്ടി. നഗരസഭാ നിരീക്ഷണങ്ങളും വിലയിരുത്തലുകളും ശ്രദ്ധിച്ചു കേട്ടതായി നഗരസഭാ അറ്റകുറ്റ വിഭാഗം മേധാവി ജാബിര്‍ അല്‍ അലി വ്യക്തമാക്കി.

സുരക്ഷ വിഭാഗം മേധാവി ഫാരിദൂന്‍ അബ്ദുറഹ്മാന്‍ അല്‍ അവാധി, അര്‍ബന്‍ ഹെറിറ്റേജ് ഡിസൈന്‍ പദ്ധതി വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അഹമദ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. നഗര വികസനത്തിനും ആധുനികതക്കും അനുരൂപമാകും വിധം നവീകരണം വേണമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. അതേസമയം പൈതൃക സ്വഭാവം നഷ്ടപ്പെടാനും പാടില്ല. നവീകരണം പ്രത്യേക വൈദഗ്ധ്യം ഉള്ള എന്‍ജിനീയര്‍മാരെ ഏല്‍പിക്കും.ഓരോ സ്ഥാപനത്തിന്റെയും അലങ്കാരങ്ങള്‍ കണക്കിലെടുക്കും. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെട്ടിട പരിശോധന വിഭാഗം മേധാവി സയീദ് അല്‍ ഫലാസി പറഞ്ഞു.

തിരക്കുള്ള സമയങ്ങളില്‍ ഇവിടെ നിന്നു തിരിയാന്‍ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഗോള്‍ഡ് സൂഖിന്റെ മുഖം മിനുക്കാനും കൂടുതല്‍ സൗകര്യം ഏര്‍പെടുത്താനും അധികൃതര്‍ മുന്നോട്ട് വന്നത്. ഇവിടെ നടത്തിയ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ നിര്‍ദേശങ്ങള്‍ അതാത് വിഭാഗങ്ങള്‍ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരസഭ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണോ കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉറപ്പുവരുത്തും. മലയാളികളുടേതുള്‍പെടെ ഇരുനൂറോളം സ്വര്‍ണാഭരണ കടകള്‍ ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തിക്കുന്നു

Latest