ജി എസ് ടി:കൊമ്പുകോര്‍ത്ത് മോദിയും ചിദംബരവും

Posted on: July 2, 2018 11:17 am | Last updated: July 2, 2018 at 11:17 am
SHARE

ന്യൂഡല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജി എസ് ടി) പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനത്തില്‍ കൊമ്പു കോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ധനമന്ത്രി പി ചിദംബരവും. എല്ലാ വസ്തുക്കള്‍ക്കും ഒറ്റ നികുതി നിരക്ക് എന്നത് അസാധ്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി രാജ്യത്ത് വളര്‍ച്ചയും സുതാര്യതയും കൊണ്ടുവരാന്‍ ജി എസ് ടിക്ക് സാധിച്ചുവെന്ന് അവകാശപ്പെട്ടു. മെഴ്‌സിഡസ് കാറിനും പാലിനും ഒരേ നികുതി ചുമത്താന്‍ സാധിക്കില്ല. എല്ലാ വസ്തുക്കള്‍ക്കും 18 ശതമാനം ഏകീകൃത നികുതി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം നടപ്പായാല്‍ വിലക്കയറ്റമായിരിക്കും ഫലം.

ഒരു വര്‍ഷം കൊണ്ട് പരോക്ഷ നികുതിയുടെ വ്യാപ്തി 70 ശതമാനത്തിലധികം വര്‍ധിച്ചു. ചെക്‌പ്പോസ്റ്റുകള്‍ ഇല്ലാതെയായി. 17 നികുതിയിനങ്ങളും 23 സെസ്സുകളും ഒറ്റ നികുതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ജി എസ് ടി പോസിറ്റിവായ മാറ്റമാണ് കൊണ്ടുവന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണിത്. രാജ്യത്ത് ‘ഇന്‍സ്‌പെക്ടര്‍ രാജി’ന് അന്ത്യം കുറിച്ചത് ജി എസ് ടിയിലൂടെയാണ്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ജി എസ് ടി സഹായിച്ചു. ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും ജി എസ് ടി ഗുണമായി മാറിയെന്നും മോദി വ്യക്തമാക്കി.

അതേസമയം, ജി എസ് ടി എന്നത് സാധാരണ ജനങ്ങള്‍ക്ക് ഒരു മോശം വാക്കായി മാറിയെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി എസ് ടി ദുരന്തം മാത്രമാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ് ചെയ്യുന്നതെന്ന് നോട്ട് നിരോധനത്തേയും ജി എസ് ടിയേയും സൂചിപ്പിച്ച് അദ്ദേഹം പരിഹസിച്ചു. ജി എസ് ടിയുടെ രൂപരേഖ, ഘടന, അടിസ്ഥാന സൗകര്യങ്ങള്‍, നിരക്ക് എന്നിവയിലും അത് നടപ്പിലാക്കിയതിലും പിഴവ് വരുത്തിയതിനാലാണ് ജനങ്ങള്‍ക്കിടയില്‍ അതൊരു മോശം പദമായി മാറിയതെന്നും ചിദംബരം പറഞ്ഞു.
ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട മുഖ്യ സാമ്പത്തിക ഉപദേഷടാവിന്റെ ഉപദേശം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതായും ചിദംബരം കുറ്റപ്പെടുത്തി.