ഡല്‍ഹിയില്‍ 11പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ക്രൂരക്യത്യത്തിന് കാരണം അന്ധവിശ്വാസമോയെന്ന് സംശയം

Posted on: July 2, 2018 11:02 am | Last updated: July 2, 2018 at 11:02 am
SHARE

ന്യൂഡല്‍ഹി: ബുറാരിയിലെ ഒരു വീട്ടില്‍ കുട്ടികളടക്കം കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹതയേറുന്നു. വീട്ടിനകത്തുനിന്നും ലഭിച്ച ചില കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇ്‌പ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്. ശരീരം സ്ഥായിയല്ലെന്നും വായും കണ്ണും കെട്ടിയാല്‍ ഭയത്തെ അതിജീവിക്കാമെന്നുമുള്ള വാക്കുകളാണ് കുറിപ്പിലുള്ളത്. ഈ സാഹചര്യത്തില്‍ ദുര്‍മന്ത്രവാദത്തിന്റേയൊ അന്ധവിശ്വാസത്തിന്റേയോ പരിണിത ഫലമായിരിക്കാം കൊലപാതകങ്ങളെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

പോലീസ് കണ്ടെടുത്ത മ്യതദേഹങ്ങളില്‍ വായും കണ്ണും മൂടിക്കെട്ടിയ നിലയിലായിരുന്നു. തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണെന്നും പിന്നീട് കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ വീട്ടില്‍ നിന്നും ലഭിച്ച കുറിപ്പിലുള്ള വാചകങ്ങള്‍ വിചിത്ര മതാചാരത്തെ സൂചിപ്പിക്കുന്നതാണെന്നാണ് കണ്ടെത്തല്‍.മരിച്ച 11 പേരില്‍ രണ്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു.