ഓക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ബില്‍ ഉടന്‍;ഇടനിലക്കാരെ പൂട്ടും

Posted on: July 2, 2018 10:35 am | Last updated: July 2, 2018 at 11:03 am
SHARE

തിരുവനന്തപുരം:മത്സ്യമേഖലയിലെ അനാരോഗ്യ പ്രവണതകള്‍ക്ക് മൂക്കുകയറിടാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഓക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് നിയമം ഉടന്‍. കരട് ബില്‍ തയ്യാറായെങ്കിലും നിയമസഭാ സമ്മേളനം ചേരാന്‍ വൈകുകയാണെങ്കില്‍ ഓര്‍ഡിനന്‍സായി ഇറക്കാനാണ് നീക്കം. തൊഴിലാളികള്‍ക്ക് ന്യായവിലയും മത്സ്യത്തിന് ഉയര്‍ന്ന ഗുണമേന്മയും ഉറപ്പ് വരുത്താന്‍ പുതിയ നിയമം സഹായിക്കും. ജനപ്രതിനിധികള്‍ക്ക് കൂടി പ്രാതിനിധ്യമുള്ള സംഘങ്ങള്‍ക്കും ഈ രംഗത്ത് ഇടപെടാന്‍ വഴിതുറക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഫിഷ്‌ലാന്‍ഡിംഗ് സെന്ററുകള്‍, ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ ശുചിത്വം ഉള്‍പ്പെടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ചുമതലയും ഈ സംഘങ്ങള്‍ക്കായിരിക്കും.
മത്സ്യങ്ങളിലെ മായം കണ്ടെത്തി നടപടിയെടുക്കാന്‍ നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് അധികാരം.

ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇത് പരിശോധിക്കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമല്ലാത്തതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധന മുന്നോട്ടുകൊണ്ടുപോകാന്‍ പരിമിതികളുണ്ട്. ഫിഷറീസ് വകുപ്പിന് കൂടി ഇതിന് അവസരം ലഭിക്കുന്നതോടെ മത്സ്യങ്ങളില്‍ മായത്തിനെതിരെ നടപടി കര്‍ക്കശമാക്കാന്‍ കഴിയും. മായം കണ്ടെത്തിയാല്‍ ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് നടപടിയെടുക്കാനുള്ള അധികാരം.
മത്സ്യ വില്‍പ്പനയിലെ ഇടനിലക്കാരെ പൂര്‍ണമായി നിയന്ത്രിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് തുച്ഛമായ എന്തെങ്കിലും നല്‍കി ഇവരില്‍നിന്ന് മത്സ്യം ഇടനിലക്കാര്‍ കൈക്കലാക്കി കൊള്ളവിലക്ക് വില്‍ക്കുകയാണ് പതിവ്. ഇതിന് മാറ്റം വരുത്തി മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വില്‍പ്പനയെന്ന സ്ഥിതി വരും.

എല്ലാ മത്സ്യബന്ധന തുറമുഖങ്ങളിലും ഫിഷ്‌ലാന്‍ഡിംഗ് സെന്ററുകളിലും മാര്‍ക്കറ്റുകളിലും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കും. ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള ചുമതല ഈ സംഘങ്ങള്‍ക്കായിരിക്കും. മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായാണ് സമിതി വരിക. പ്രാദേശിക തലത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ അധ്യക്ഷന്‍മാരാകും സംഘത്തിന്റെ ചെയര്‍മാന്‍. മത്സ്യബന്ധന ഹാര്‍ബറുകളില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം.

മത്സ്യ ലേലം പൂര്‍ണമായി ഈ കമ്മിറ്റികളുടെ നിയന്ത്രണത്തിലാക്കും. മത്സ്യ വില്‍പ്പനക്കും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ വരും. നിലവില്‍ കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ് തുറമുഖങ്ങള്‍. ഈ സ്ഥിതി മാറുന്നതോടെ മത്സ്യത്തൊഴിലാളികളുടെ സംഘങ്ങള്‍ക്ക് തന്നെ ലേലം ചെയ്യാനുള്ള അവസരം ലഭിക്കും. അവരുടെ തന്നെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനത്തിന് മാര്‍ക്കറ്റ് വിലക്ക് മീന്‍ വില്‍പ്പന നടത്താം. നിലവില്‍, മീന്‍പിടിക്കുന്ന തൊഴിലാളികള്‍ക്ക് ലേലത്തിലോ വില്‍പ്പനയിലോ യാതൊരു അധികാരവുമില്ല. ലേലക്കാര്‍ കച്ചവടക്കാരുമായി ഒത്തുകളി നടത്തി ചൂഷണം ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഇത് പൂര്‍ണമായി മാറ്റിയെടുക്കും. നിലവിലുള്ള ലേലക്കാര്‍ക്ക് തുടരണമെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ലേല കമ്മീഷന്‍ എത്രവരെയാകാമെന്നതും നിജപ്പെടുത്തും. നിലവില്‍ രണ്ട് ശതമാനം മുതല്‍ 25 ശതമാനം വരെ കമ്മീഷന്‍ പറ്റുന്നവരുണ്ട്. പുതിയ നിയമം വരുന്നതോടെ ഒരു പരിധിക്കപ്പുറം കമ്മീഷന്‍ വാങ്ങാനും കഴിയില്ല.

ബില്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി മത്സ്യത്തൊഴിലാളി സംഘടനകള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുമായി നാലുതവണ ചര്‍ച്ച നടത്തിയിരുന്നു. നിയമനിര്‍മാണത്തിനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയതാണെങ്കിലും മത്സ്യങ്ങളില്‍ വ്യാപകമായി ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടികള്‍ക്ക് വേഗം കൂട്ടിയത്.