Connect with us

Articles

അവസാനിക്കുന്നില്ല, അതിര്‍ത്തിയിലെ അയിത്തങ്ങള്‍

Published

|

Last Updated

ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒട്ടേറെ നവോത്ഥാനമുന്നേറ്റങ്ങള്‍ നടന്ന നാടാണ് കേരളം. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും അടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി നമ്മുടെ നാട് ഹീനമായ ഇത്തരം പ്രവണതകളില്‍ നിന്ന് മുക്തമായെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ മറ്റു ഭാഗങ്ങളില്‍ ജാതീയമേധാവിത്വത്തിന്റെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും പഴയ കാലഘട്ടത്തെ അപേക്ഷിച്ച് കുറവായിരിക്കാം. എന്നാല്‍ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാതീയ ഉച്ചനീചത്വങ്ങള്‍ രാക്ഷസ ഭാവത്തോടെ കൊടികുത്തിവാഴുന്ന കാഴ്ചയാണ് ഇന്നുമുള്ളത്.
കേരള- കര്‍ണാടക അതിര്‍ത്തി മേഖലകളായ ആദൂര്‍, ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജാതിപീഡനങ്ങള്‍ക്ക് ഇരകളായി വലിയൊരു ജനസമൂഹം ഇപ്പോഴും ദുരിതമനുഭവിക്കുന്നുണ്ട്. ഇവരുടെ ദുരിതങ്ങള്‍ കാണാനും കേള്‍ക്കാനും ഇവിടത്തെ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും നേരമില്ല. ആദിവാസികളും ദളിതരും അടക്കമുള്ള പട്ടികജാതി പിന്നോക്ക വിഭാഗങ്ങള്‍ സവര്‍ണ ജാതിപ്രമാണിമാരില്‍ നിന്നും നേരിടുന്ന അയിത്തവും വിലക്കും ജീര്‍ണിച്ച ജാതിവ്യവസ്ഥ താണ്ഡവമാടിയ പഴയ കാലഘട്ടത്തെയാണ് ഓര്‍മപ്പെടുത്തുന്നത്.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളാണ് ആദൂരും ബദിയടുക്കയും. അതുകൊണ്ടുതന്നെ കന്നഡ ഭാഷയുടെ സ്വാധീനം രണ്ടുമേഖലകളിലുമുണ്ട്. കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ ജാതിഭ്രാന്തും അയിത്തവും നടമാടുന്ന സംസ്ഥാനമാണ് കര്‍ണാടക. അതിന്റെ അനുരണനങ്ങള്‍ കന്നഡ ഭാഷക്ക് സ്വാധീനമുള്ള കേരളത്തിലെ പ്രദേശങ്ങളിലും പ്രകടമാവുക സ്വാഭാവികം. എന്നാല്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അയിത്ത വ്യവസ്ഥക്കുമെതിരെ ഏറ്റവും കൂടുതല്‍ പോരാട്ടങ്ങള്‍ നടക്കുകയും അതിന്റെ ഫലമായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അടക്കമുള്ള ജാതിവെറിയുടെ അധമവാസനകള്‍ ഏറെക്കുറെ തുടച്ചുനീക്കപ്പെടുകയും ചെയ്ത കേരളത്തില്‍ വടക്കേയറ്റത്തിന്റെ ചില കോണുകളിലാണെങ്കില്‍ പോലും ഇത്തരം അരുതായ്മകള്‍ ശക്തമായി നിലനില്‍ക്കുന്നത് നമ്മുടെ നാടിന് അപമാനകരം തന്നെയാണ്.

ആദിവാസികള്‍ അടക്കമുള്ള അയിത്തജാതിക്കാര്‍ തീണ്ടാപ്പാടകലെ നില്‍ക്കണമെന്നതായിരുന്നു പൂര്‍വകാല ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ഉഗ്രശാസനം. ഉന്നത ജാതിയില്‍പെട്ടവര്‍ വരുമ്പോള്‍ അവരുടെ മുന്നില്‍ പെടാതെ ദൂരെ മാറിനില്‍ക്കണം. ഉടുമുണ്ട് താഴ്ത്തിവെക്കണം. തലയില്‍ തോര്‍ത്ത് ചുറ്റിയിട്ടുണ്ടെങ്കില്‍ അത് അഴിച്ച് തോളത്തിട്ട് തൊഴുത് വളഞ്ഞുകുത്തി നില്‍ക്കണം. ബഹുമാനസൂചകമായ സംബോധന കൊണ്ട് സവര്‍ണരെ തൃപ്തിപ്പെടുത്തണം. ഇത്തരം വ്യവസ്ഥിതികള്‍ക്കെതിരെ ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും നമ്മളില്‍ അഭിമാനം ഉയര്‍ത്തുന്നുണ്ട്. അവരുടെ പോരാട്ടങ്ങളുടെ ഫലമായി അയിത്ത ജാതിക്കാര്‍ തീണ്ടാപ്പാടകലെ നില്‍ക്കണമെന്ന സവര്‍ണ ജാതിനിയമം കേരളത്തില്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് ആശ്വസിക്കുന്നുണ്ടെങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരമൊരു ജാതീയസംസ്‌കാരം നിലനില്‍ക്കുന്നുവെന്നറിയുമ്പോള്‍ അയിത്തത്തിനെതിരെ ആയുധം താഴെ വെക്കാന്‍ സമയമായിട്ടില്ലെന്നാണ് ഇവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍ പഞ്ചായത്തില്‍ ദളിതര്‍ക്കും മറ്റ് പിന്നാക്കജാതിക്കാര്‍ക്കും സവര്‍ണരായ ഭൂപ്രമാണിമാര്‍ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാത്തത് വളരെ ഗൗരവമാര്‍ന്ന സാമൂഹിക പ്രശ്‌നമാണ്.

ആദിവാസികള്‍, കൊറഗര്‍, ചെറുമന്‍മാര്‍, വേട്ടുവ മലവേട്ടുവവിഭാഗങ്ങള്‍, മാവിലന്‍മാര്‍ തുടങ്ങി വിവിധ പിന്നോക്കജാതിക്കാര്‍ അടക്കമുള്ളവര്‍ കൂടി അധിവസിക്കുന്ന മേഖലയാണ് ബെള്ളൂര്‍ പഞ്ചായത്ത്. കോളനികളായി താമസിക്കുന്നവരാണ് ഇവിടങ്ങളിലെ പിന്നോക്കവിഭാഗങ്ങളില്‍ ഏറെയും. ഇവര്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ ആശുപത്രികളില്‍ പോകാന്‍ വാഹനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണുളളത്. കോളനി വാസികള്‍ക്ക് സഞ്ചരിക്കാനുള്ള വഴികളെല്ലാം ഭൂപ്രമാണിമാര്‍ അടച്ചിരിക്കുകയാണ്. മുമ്പ് കോളനിവാസികള്‍ ഉപയോഗിച്ചിരുന്ന പൊതുവഴികള്‍ പോലും അവര്‍ കയ്യടക്കിയിരിക്കുന്നു. കോളനിവാസികള്‍ക്ക് സഞ്ചരിക്കാനുള്ള റോഡ് നിര്‍മിക്കുന്നതിനു പോലും തടസമുണ്ടാക്കാനുള്ള സ്വാധീനം ഇവിടത്തെ ജന്‍മിമാര്‍ക്ക് അധികാരകേന്ദ്രങ്ങളിലുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരയായ ദളിത് കുടുംബത്തിലെ ഒരു സ്ത്രീ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ട സംഭവമാണ് ഇവിടത്തെ ജാതിപ്രമാണിമാരുടെ ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ഈ സ്ത്രീയുടെ മൃതശരീരം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു ബെള്ളൂരിലേക്ക് കൊണ്ടുവന്നെങ്കിലും വീട്ടിലെത്തിക്കാന്‍ വാഹനസൗകര്യം ഉണ്ടായിരുന്നില്ല. വാഹനങ്ങള്‍ കടന്നുപോകുന്ന വഴികളെല്ലാം ജന്‍മിമാര്‍ അടച്ചിരുന്നു. തങ്ങളുടെ സ്ഥലത്തുകൂടി അയിത്ത ജാതിക്കാര്‍ പോകാന്‍ പാടില്ലെന്ന മനോഭാവത്തിലൂന്നിയാണ് ഹീനമായ ഇത്തരം പ്രവര്‍ത്തികള്‍ ഇവര്‍ തുടരുന്നത്. മരിച്ച സ്ത്രീയുടെ മൃതശരീരം കിലോമീറ്ററുകള്‍ ചുമന്നാണ് ഒടുവില്‍ ബന്ധുക്കള്‍ വീട്ടിലെത്തിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്.

നമ്മുടെ പുരോഗമനകേരളത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറയുമ്പോള്‍ നാം ഇപ്പോഴും ജാതിപ്പിശാചുക്കള്‍ വിഹരിച്ച ഇരുണ്ടയുഗത്തിന്റെ വാതില്‍പ്പടിയിലൂടെ പുറത്തു കടന്നിട്ടില്ലെന്നുതന്നെ വിലയിരുത്തേണ്ടിവരും.
കഴിഞ്ഞ വര്‍ഷവും ബെള്ളൂരില്‍ ജാതിഭ്രാന്തിന്റെ ഇരയായി ഒരു മനുഷ്യന്റെ വിലപ്പെട്ട ജീവന്‍ പൊലിഞ്ഞിരുന്നു. സവര്‍ണജാതിയില്‍ പെട്ട ഭൂവുടമയുടെ തോട്ടത്തില്‍ പണിക്കുവന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ജോലിക്കിടെ ദളിതനായ ഈ യുവാവിന് പാമ്പുകടിയേറ്റു. എന്നാല്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ഭൂവുടമ വാഹനം വിട്ടുകൊടുത്തില്ല. ദളിതനെ തന്റെ വാഹനത്തില്‍ കയറ്റാന്‍ കഴിയില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. യുവാവിന്റെ ബന്ധുക്കള്‍ ജന്‍മിയോട് കരഞ്ഞുപറഞ്ഞിട്ടും അയാളുടെ മനസ് അലിഞ്ഞില്ല. പിന്നീട് ബന്ധുക്കള്‍ ഏറെ പാടുപെട്ട് വേറൊരു വാഹനം വിളിച്ചുവരുത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. ചികിത്സ വൈകിയതു കാരണം യുവാവ് മരണപ്പെടുകയും ചെയ്തു. ഇത്രക്കും മനഷ്യത്വഹീനമായ സംഭവം ഉണ്ടായിട്ടും കേരളത്തില്‍ ഇതിനെതിരെ വലിയ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്ന സംഭവത്തിലും ബഹുജനമനഃസാക്ഷി മരവിച്ച സ്ഥിതിയിലായിരുന്നു. അതിര്‍ത്തിഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനങ്ങളും അയിത്തവും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരുടെ നിലപാടുകള്‍. ജന്‍മികുടുംബങ്ങളുടെ വോട്ടുവേണം. അതോടൊപ്പം ദളിത്പിന്നോക്കവിഭാഗങ്ങളുടെയും. ഇക്കാരണത്താല്‍ രണ്ടു വിഭാഗങ്ങളെയും പിണക്കാതിരിക്കുകയെന്ന ഇരട്ടത്താപ്പ് നയങ്ങളുമായി രാഷ്ട്രീയക്കാര്‍ മുന്നോട്ടുപോകുന്നു. അതിര്‍ത്തിഗ്രാമങ്ങളിലെ ദൈന്യമായ അരികുജീവിതങ്ങളുടെ മനുഷ്യാവകാശപ്രശ്‌നങ്ങളിലേക്ക് ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കണം. പരിഹാരനടപടികള്‍ വേണം.