Connect with us

Articles

ഇതായിരുന്നു അല്ലേ ജി എസ് ടി ?

Published

|

Last Updated

രാജ്യത്ത് ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് – ജി എസ് ടി) നടപ്പാക്കിയത് നികുതി ഘടന ലഘൂകരിക്കാനും ജനങ്ങള്‍ക്കു മേലുള്ള ഭാരം കുറക്കാനുമാണെന്നാണ് പൊതുവില്‍ വിശദീകരിക്കപ്പെട്ടത്. പല തലങ്ങളില്‍ നികുതി ചുമത്തപ്പെടുകയും അത് നികുതിക്കു മേല്‍ നികുതി ഈടാക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത്, മൂല്യ വര്‍ധിത നികുതി (വാല്യു ആഡഡ് ടാക്‌സ് – വാറ്റ്) നടപ്പാക്കിയ ശേഷവും തുടര്‍ന്നിരുന്നു. അത് പൂര്‍ണമായും ഒഴിവാക്കപ്പെടും ജി എസ് ടിയിലൂടെ എന്നും അത് ഉത്പന്നങ്ങളുടെ വില കുറയാന്‍ സഹായിക്കുമെന്നുമായിരുന്നു പ്രതീക്ഷ. നികുതി ഒടുക്കുന്നതിന്റെ രീതി ലളിതമാകുന്നു, നികുതിവെട്ടിപ്പിനുള്ള സാധ്യത കുറയുന്നു, രാജ്യത്തെമ്പാടും ഒരു നികുതിയാകയാല്‍ കമ്പോളത്തില്‍ മത്സരം ശക്തമാകുന്നു, നികുതി നിരക്കുകളില്‍ അടിക്കടി മാറ്റമുണ്ടാകുന്ന സ്ഥിതി മാറുന്നു അങ്ങനെ പലകാരണങ്ങളാല്‍ പുതിയ സമ്പ്രദായം ഗുണകരമാകുമെന്ന് ജി എസ് ടിയെ പിന്തുണച്ചവരൊക്കെ പറഞ്ഞിരുന്നു. രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചിരുന്നുവെന്നതും ജി എസ് ടിയുടെ പ്രത്യേകതയായിരുന്നു.

നിക്ഷേപകര്‍ക്ക്, കച്ചവടക്കാര്‍ക്ക്, ജനങ്ങള്‍ക്ക് ഒക്കെ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സ് കൂടുതല്‍ വിശാലമാക്കുന്ന, വലിയ പരിഷ്‌കാരമെന്ന നിലക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നതിന് ശേഷം അര്‍ധരാത്രിയില്‍ പാര്‍ലിമെന്റ് സമ്മേളിക്കുന്ന നാടകീയതയുണ്ടായിരുന്നു ജി എസ് ടി പ്രാബല്യത്തിലാക്കുന്നതിന്. അല്ലെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തിയ ശേഷം നാടകീയതക്ക് പഞ്ഞമുണ്ടായിട്ടില്ല. അവകാശപ്പെട്ടത് പോലെ സ്വാതന്ത്ര്യം വിപുലമാക്കുകയാണോ നിയന്ത്രിക്കുകയാണോ ജി എസ് ടി ചെയ്യുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ കുറച്ചധികം വര്‍ഷങ്ങള്‍ വേണ്ടിവരും. നിയന്ത്രിക്കപ്പെടുകയാണെന്നതിന്റെ സൂചനകളാണ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലഭിക്കുന്നത്.
കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് പൂര്‍ണമായി മാറുന്നതിന് രാജ്യമൊരു ഏകീകൃത വ്യവസ്ഥയിലേക്ക് മാറേണ്ട ആവശ്യമുണ്ടായിരുന്നു. അത് സാധ്യമാക്കുകയും വിപണിയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിച്ച് മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂട്ടുക എന്നതായിരുന്നു ഉദ്ദേശ്യം. ദീര്‍ഘകാലത്തില്‍ മാത്രം നേടാവുന്ന ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ചെറുകിട – ഇടത്തരം വ്യാപാര, വ്യവസായങ്ങളും ഏറ്റവും വലിയ തൊഴില്‍ദാതാവായ അസംഘടിത മേഖലയും അതിജീവിക്കുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. അത്തരം മേഖലകളെയാകെ തുടച്ചുനീക്കി കമ്പോളത്തിന് മേല്‍ ആധിപത്യം ഉറപ്പിക്കുന്ന കുത്തകകള്‍ക്ക് കൂടുതല്‍ സഹായം ചെയ്യുന്നതാകും ജി എസ് ടി എന്ന് നിശ്ചയമായും കരുതണം.
2017 ജൂലൈ ഒന്നിന് ജി എസ് ടി പ്രാബല്യത്തിലാക്കിയപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വസ്ത്ര നിര്‍മാണ – വ്യാപാര മേഖലയില്‍ നിന്നായിരുന്നു ഏറ്റവും രൂക്ഷം. അതില്‍ തന്നെ ഗുജറാത്തിലെ സൂറത്തില്‍ നിന്ന്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്ക് പിറകെ വന്ന ജി എസ് ടി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തിരുന്നു. കറന്‍സി ക്ഷാമം ഇല്ലാതായിട്ടും ദുരവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ലെന്നാണ് സൂറത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
“”എനിക്കൊപ്പം ജോലിചെയ്തിരുന്നവരൊക്കെ തൊഴിലില്ലാതെ വീട്ടിലേക്ക് മടങ്ങി. തിരികെ വരട്ടെ എന്ന് അവര്‍ ചോദിക്കുന്നുണ്ട്. തൊഴിലില്ലാതെ വന്നിട്ട് എന്താണ് കാര്യം? പണമില്ല, നല്ല ഭക്ഷണവുമില്ല. തൊഴിലാളികള്‍ ദുരിതത്തിലാണ്”” – എംബ്രോയിഡറി തൊഴിലാളിയായ ഭോല സിംഗ് പറയുന്നു.
“”എനിക്ക് 38 തറികള്‍ ഇവിടെയുണ്ടായിരുന്നു. 115 എണ്ണം മറ്റൊരിടത്തും. ഇതെല്ലാം കിട്ടിയ വിലക്ക് വില്‍ക്കുകയാണ്. ലക്ഷങ്ങള്‍ വിലവരുന്ന തറി, 20,000 രൂപക്കാണ് വിറ്റൊഴിയുന്നത്. ബേങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുന്നു. നോട്ട് പിന്‍വലിക്കലും ജി എസ് ടിയും നേരായവഴിക്ക് കച്ചവടം ചെയ്യാന്‍ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. ഒന്നുമുണ്ടായില്ല. ലാഭമുണ്ടായില്ലെങ്കിലും ഉത്പന്നം വിറ്റഴിക്കാന്‍ സാധിക്കുമായിരുന്നു മുമ്പ്. ഇപ്പോള്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നഷ്ടത്തിനു മേല്‍ നഷ്ടം”” – സിദ്ധുഭായ് പട്ടേല്‍ പറയുന്നു.
“”യന്ത്രത്തറികളുടെ യൂനിറ്റുണ്ടായിരുന്നു എനിക്ക്. വായ്പയെടുത്താണ് 36 തറികള്‍ വാങ്ങിയത്. ജി എസ് ടി വന്നതോടെ എല്ലാം നശിച്ചു. തറികളെല്ലാം വിറ്റു. രണ്ട് ലക്ഷത്തിനുമേല്‍ നഷ്ടമുണ്ടായി. ഇപ്പോള്‍ ഉപജീവനത്തിനായി ചായക്കച്ചവടം നടത്തുകയാണ്”” – നികുല്‍ പട്ടേലിന്റേതാണ് ഈ വാക്കുകള്‍.

ഇത് സൂറത്തിലെ മാത്രം സ്ഥിതിയല്ല. രാജ്യത്തെ തുണി വ്യവസായ കേന്ദ്രങ്ങളുടെയൊക്കെ അവസ്ഥയാണ്. ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുന്നതാണ് ചെറുകിട – ഇടത്തരം യൂനിറ്റുകളെ പ്രതിസന്ധിയിലാക്കുന്നത്. അത്രയും നികുതി കൂടിചേര്‍ത്തുള്ള വില നല്‍കി ഉത്പന്നം വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറല്ല. സ്വാഭാവികമായും ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ചെറുകിട – ഇടത്തരം ഉത്പാദകര്‍ നിര്‍ബന്ധിതരാകും. അതവരെ കടക്കെണിയിലേക്ക് നയിക്കും. അതുകൊണ്ടാണ് തറികള്‍ വിറ്റൊഴിയാനും യൂനിറ്റുകള്‍ പൂട്ടാനും ഇവര്‍ നിര്‍ബന്ധിതരാകുന്നത്. ഇത്തരം യൂനിറ്റുകളില്‍ തൊഴിലെടുത്തിരുന്നവര്‍ തൊഴിലില്ലാത്തവരായി മാറുകയും ചെയ്യും. വന്‍കിട മില്ലുകള്‍ക്ക് കുറഞ്ഞ തൊഴില്‍ശേഷി ഉപയോഗപ്പെടുത്തി കൂടുതല്‍ ഉത്പാദനം നടത്താനാകും. അതുകൊണ്ട് തന്നെ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ചെറുകിടക്കാര്‍ക്കും വന്‍കിടക്കാര്‍ക്കും നികുതിയൊന്നാണല്ലോ! ചെറുകിട – ഇടത്തരം യൂനിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് നികുതി കുറച്ചുനല്‍കി, അവയെ സംരക്ഷിക്കുന്ന കാലം ഇനിയുണ്ടാകുകയുമില്ല.

വന്‍കിട കമ്പനികള്‍, വിപണിയൊന്നാകെ പിടിച്ചെടുക്കുന്ന കാലം അധികം ദൂരെയല്ലെന്ന് ചുരുക്കം. ഇവിടെ കേരളത്തിലെ സ്ഥിതിയും ഭിന്നമല്ല. ഉയര്‍ന്ന നികുതി നിരക്ക് സൃഷ്ടിച്ച പ്രതിസന്ധി, സ്‌ക്കൂള്‍ യൂനിഫോം നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ കിട്ടിയതുകൊണ്ടുമാത്രമാണ് കേരളത്തിലെ കൈത്തറി മേഖല നേരിടുന്നത്. വസ്ത്ര നിര്‍മാണ – വ്യാപാര മേഖലയിലെ മാത്രം കഥയല്ല ഇത്. എല്ലാ മേഖലയിലെയും ചെറുകിട – ഇടത്തരം മേഖലകള്‍ ഈ പ്രതിസന്ധി നേരിടുന്നു. ജി എസ് ടി എല്ലാ നിലക്കുമുള്ള കേന്ദ്രീകരണമാണ് സൃഷ്ടിക്കുന്നത്. നികുതിക്കു മേലുള്ള അധികാരം മുഴുവന്‍ ജി എസ് ടി കൗണ്‍സിലിലില്‍ നിക്ഷിപ്തമാകുന്നു. ജി എസ് ടി കൗണ്‍സിലില്‍ തന്നെ കൂടുതല്‍ അധികാരം കേന്ദ്ര സര്‍ക്കാറിനാകയാല്‍, അധികാരവും അവിടെ കേന്ദ്രീകരിക്കും. വിപണിക്കു മേലുള്ള അധികാരം വന്‍കിടക്കാരിലും കേന്ദ്രീകരിക്കും. ആ പ്രക്രിയ പൂര്‍ത്തിയാകാന്‍ അല്‍പം സമയമെടുക്കുമെന്ന് മാത്രം.
ഒരു ദശകത്തിലധികം നീണ്ട ആലോചനകള്‍ക്കും കുലംങ്കുഷമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് ജി എസ് ടി പ്രാബല്യത്തിലാക്കിയത്. എന്നിട്ടും വേണ്ട മുന്നൊരുക്കമുണ്ടായില്ല. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനായാണ്. അതിന്റെ ശൃംഖല പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിരുന്നില്ല തുടക്കത്തില്‍. റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട വിധം രാജ്യത്താകെയുള്ള വ്യാപാരി – വ്യവസായികളെ പരിചയപ്പെടുത്തിയിരുന്നുമില്ല. ഇത് പ്രയാസത്തിലാക്കിയത് ലക്ഷക്കണക്കിന് വരുന്ന ചെറുകിടക്കാരെയാണ്. അവര്‍ക്ക് ഈ ജോലി ചെയ്യുന്നതിന് പ്രത്യേകെ ആളെ നിയോഗിക്കേണ്ടിവരികയോ ഏജന്‍സികളെ ആശ്രയിക്കേണ്ടിവരികയോ ചെയ്തു. റിട്ടേണുകള്‍ വൈകിയതു കൊണ്ടു തന്നെ നികുതിയിനത്തില്‍ ആദ്യം ഒടുക്കുന്നതില്‍ നിയമപരമായി അവര്‍ക്ക് തിരികെ ലഭിക്കേണ്ട വിഹിതം കിട്ടുന്നത് വൈകി. ഈ സ്ഥിതി പല സ്ഥാപനങ്ങളെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. വേണ്ട മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതിലൂടെ സൃഷ്ടിച്ച ഈ പ്രതിസന്ധി പോലും വന്‍കിടക്കാരെ സഹായിക്കാനായിരുന്നോ എന്ന് സംശയിക്കണം.
നികുതി നിരക്കുകള്‍ ഏകീകരിക്കുകയും ഭക്ഷ്യവസ്തുക്കളില്‍ പലതിന്റെയും നികുതി ഒഴിവാക്കുകയും മറ്റ് ചില നിത്യോപയോഗ വസ്തുക്കളുടെ നിരക്കുകള്‍ കുറക്കുകയും ചെയ്തപ്പോള്‍ ഉത്പന്ന വില അതിനനുസരിച്ച് താഴണമായിരുന്നു. എന്നാല്‍ അതുണ്ടായതേയില്ല. അതുവരെ വാറ്റ് കൂടി ചേര്‍ത്താണ് പരമാവധി വില്‍പ്പന വില കമ്പനികള്‍ നിശ്ചയിച്ചിരുന്നത്. ആ വിലക്ക് മുകളില്‍ ജി എസ് ടി കൂടി ചേര്‍ത്ത് കൊള്ളലാഭമുണ്ടാക്കുകയാണ് ഏതാണ്ടെല്ലാ വ്യാപാര സ്ഥാപനങ്ങളും ചെയ്തത്. വാറ്റ് കൂടി ചേര്‍ത്തുള്ള പരമാവധി വില, പിന്നീടങ്ങോട്ട് ഉത്പന്നങ്ങളുടെ വിലയാക്കി മാറ്റി, ഉത്പാദനക്കമ്പനികള്‍ കൊള്ളലാഭമെടുക്കുന്നത് തുടരുകയും ചെയ്തു. ഇതൊക്കെ തടയുന്നതിന്, കൊള്ളലാഭമെടുക്കുന്നത് തടയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ജി എസ് ടി നിയമത്തില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് വൈകിപ്പിച്ചുകൊണ്ട്, കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

ചരക്ക് സേവന നികുതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നികുതി വരുമാനം കൂടുകയും ചെയ്തു. ജി എസ് ടി പ്രാബല്യത്തില്‍ വന്ന 2017 ജൂലൈയില്‍ 93,590 കോടി രൂപ സര്‍ക്കാര്‍ ഖജാനയിലെത്തിയപ്പോള്‍ 2018 ഏപ്രിലില്‍ അത് 1,03,458 കോടിയായി ഉയര്‍ന്നു. 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശരാശരി പ്രതിമാസ വരുമാനം 97,500 കോടിയാണ്. ജി എസ് ടിയ്ക്ക് മുമ്പ് ഇത് 90,000 കോടി മാത്രമായിരുന്നു. രജിസ്‌ട്രേഷന്‍ കൂടുകയും ജി എസ് ടിയിലൂടെയുള്ള വരുമാനം വര്‍ധിക്കുകയും ചെയ്യുമ്പോഴും ക്രമവിരുദ്ധമായ ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. വന്‍കിട ഉത്പാദകരാണ് ഇത്തരം ഇടപാടുകള്‍ക്ക് പിറകിലും. പല കമ്പനികളുടെ പേരില്‍ രജിസ്‌ട്രേഷനെടുക്കുകയും അവയിലൂടെയൊക്കെ ഇടപാടുകള്‍ നടത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. പല പേരുകളില്‍ രജിസ്‌ട്രേഷനെടുക്കുന്നതിന് യാതൊരു തടസ്സവും നിലവിലില്ല. രജസ്‌ട്രേഷനെടുക്കുന്നവര്‍ യഥാര്‍ഥ കച്ചവടക്കാരാണോ എന്ന് പരിശോധിക്കാന്‍ സംവിധാനവുമില്ല. അഞ്ച് കോടിയുടെ ഇടപാട് ഒരു മാസം നടത്തുന്ന ഒരു സ്ഥാപനം അഞ്ച് വ്യത്യസ്ത പേരുകളില്‍ രജിസ്‌ട്രേഷനെടുത്ത് ഒരു കോടി രൂപയുടെ വീതം ഇടപാട് രേഖപ്പെടുത്തിയാല്‍ കണ്ടെത്താന്‍ പ്രയാസം. ഈ ഇടപാടില്‍ ജി എസ് ടി നിരക്കിലുള്ള വരുമാനം സര്‍ക്കാര്‍ ഖജാനയിലെത്തും. പക്ഷേ, ആദായത്തിനൊടുക്കേണ്ട നികുതി വെട്ടിക്കപ്പെടും. കള്ളപ്പണത്തിന്റെ (കണക്കില്‍പ്പെടാത്ത സമ്പാദ്യം) ഉത്പാദനത്തിന് ഒരു വഴി തുറന്നിടുക കൂടിയാണ് ജി എസ് ടി സമ്പ്രദായം.

ഏകീകൃത കമ്പോളത്തെ ലക്ഷ്യമിട്ട് ആഭ്യന്തര – വിദേശ നിക്ഷേപമെത്തുമെന്നതു കൊണ്ട് വരും വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകമായി ജി എസ് ടി മാറുമെന്ന് ഉറപ്പ്. പക്ഷേ അത് ഇപ്പോള്‍ തന്നെ വളര്‍ച്ചയിലുള്ള അസന്തുലിതാവസ്ഥയെ ഏറ്റും വിധത്തിലുള്ളതാകുമെന്ന് മാത്രം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഏതളവിലാണ് ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും കൂടുതല്‍പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തത് അതിന്റെ നിരക്ക് കൂട്ടുകയാകും ജി എസ് ടി ചെയ്യുക. അസംഘടിത – ഗ്രാമീണ മേഖലകളില്‍ കാണുന്ന തളര്‍ച്ചയോ തകര്‍ച്ചയോ ഇനിയും വലുതാകാന്‍ പോകുന്ന അസന്തുലിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest