Connect with us

Kerala

ലൈംഗികാരോപണം: ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

Published

|

Last Updated

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ് ലൈംഗികമായി പിഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ13 തവണ ബലാത്സംഗം ചെയ്തുവെന്ന് മൊഴിയില്‍ കന്യാസ്ത്രീ ആവര്‍ത്തിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ പീഡനവിവരം കാട്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടും സഭതലത്തില്‍ നടപടിയുണ്ടാകാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ പറയുന്നു.