Connect with us

National

മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് ആരോപിച്ച് അഞ്ച് പേരെ തല്ലിക്കൊന്നു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ ജനക്കൂട്ടം അഞ്ചു പേരെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സമൂഹമാധ്യമത്തിലെ വ്യാജ സന്ദേശമാണ് ക്രൂരതക്കിടയാക്കിയത്. രാവിലെ പതിനൊന്നോടെയാണു റെയിന്‍പാഡ ഗോത്രമേഖലയിലാണ സംഭവം. ഇവിടെ ബസിറങ്ങിയ സംഘത്തിലെ ഒരാള്‍ ഒരു പെണ്‍കുട്ടിയോടു സംസാരിച്ചതോടെയാണ് അക്രമത്തിന്റെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഇവരെ വളയുകയായിരുന്നു. ഞായറാഴ്ച ചന്തയില്‍ പങ്കെടുക്കാന്‍ ധാരാളം പേര്‍ എത്തിയിരുന്ന സമയം കൂടിയായിരുന്നു.

സംഘത്തിലെ അഞ്ചു പേരെയും കല്ലും വടിയുമുപയോഗിച്ച് ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. ഇവരെ മുറിയിലടച്ചും മര്‍ദനം തുടര്‍ന്നു. സംഭവ സ്ഥലത്തു തന്നെ അഞ്ചു പേരും കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. കുട്ടികളെ തട്ടിയെടുക്കുന്ന സംഘം പ്രദേശത്തു സജീവമാണെന്ന സന്ദേശം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതാണ് അക്രമത്തിലേക്കു നയിച്ചത്. സംഭവത്തിനു പിന്നാലെ ഗ്രാമത്തിലെ 250ഓളം പേര്‍ ഗ്രാമം വിട്ടതായി ധുലെ എസ്പി എം.രാംകുമാര്‍ പറഞ്ഞു.

15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്ന് സംശയിച്ച് വ്യദ്ധയെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഉത്തരേന്ത്യയില്‍ ഇതിനു മുമ്പും സമാനമായ കൊലകള്‍ നടന്നിട്ടുണ്ട്.

Latest