Connect with us

Gulf

യു എ ഇ ഹൈദരാബാദില്‍ പുതിയ കോണ്‍സലേറ്റ് തുടങ്ങും

Published

|

Last Updated

അബുദാബി: ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ യു എ ഇ പുതിയ കോണ്‍സുലേറ്റ് ഓഫീസ് തുറക്കും.
യു എ ഇ യുടെ മൂന്നാമത് കോണ്‍സലേറ്റ് ഓഫീസാണ് ഹൈദരാബാദില്‍ തുടങ്ങുന്നത്. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവവും തമ്മില്‍ നടത്തിയ കൂടിക്കഴ്ചയിലാണ് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ പുതിയ യു എ ഇ കോണ്‍സുലേറ്റ് തുറക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നതായി ചര്‍ച്ചയില്‍ ശൈഖ് അബ്ദുല്ല വ്യക്തമാക്കി. യു എ ഇയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഹൈദരാബാദിലെ കോണ്‍സുലേറ്റ് ജനറല്‍ ഉടന്‍ തുടങ്ങുമെന്നും രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് യു എ ഇ എന്നും പുതിയ കോണ്‍സുലേറ്റ് തുറക്കുന്നതിന് ആവശ്യമായ സജ്ജീകരണത്തിന് അനുമതി ലഭിച്ചതായും ശൈഖ് അബ്ദുല്ല വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ശൈഖ് അബ്ദുല്ലയും, കെ ചന്ദ്രശേഖര റാവവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കോണ്‍സുലേറ്റ് കെട്ടിട നിര്‍മാണത്തിനായി സ്ഥലം വിട്ടുകൊടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോണ്‍സുലേറ്റ് തുറക്കുന്നതോടെ സംസ്ഥാന സര്‍ക്കാരും യു എ ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ മേഖലകളില്‍ തെലങ്കാന സംസ്ഥാനം നേടിയ പുരോഗതിയെ ശൈഖ് അബ്ദുല്ല പ്രശംസിച്ചതായി മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബന്ന, കേരളത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ അല്‍ സാബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest