പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ചു; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി

Posted on: July 1, 2018 1:31 pm | Last updated: July 1, 2018 at 7:16 pm
SHARE

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചുവച്ചുവെന്നാണ് പരാതി. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് കര്‍ദിനാളിനെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്. പീഡനം പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചെന്നും പീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നും എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

2014 മെയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൗസില്‍ വച്ച് തന്നെ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

രാത്രി പതിനൊന്നോടെ മഠത്തിലെത്തിയ ബിഷപ്പിനെ കന്യാസ്ത്രീ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചു. പിന്നീട് ളോഹ ഇസ്തിരിയിട്ട് തരാന്‍ ബിഷപ്പ് ആവശ്യപ്പെട്ടു.
ഇസ്തിരിയിട്ട ളോഹയുമായി എത്തിയപ്പോള്‍ തന്നെ കടന്നുപിടിച്ചെന്നും തൊട്ടടുത്ത ദിവസവും ഇത് തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ 14 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ഇതേക്കുറിച്ച് ഇവര്‍ പിന്നീട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബിഷപ്പിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്.