നബീസുമ്മയുടെ വീടെന്ന ചിതലരിച്ച സ്വപ്നം യാഥാര്‍ഥ്യമാകുന്നു

Posted on: July 1, 2018 10:46 am | Last updated: July 1, 2018 at 10:49 am
SHARE
വടക്കഞ്ചേരി കാരയന്‍ങ്കാട് പള്ളി വീട്ടില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനു മുമ്പില്‍ നബീസുമ്മയും മകനും

വടക്കഞ്ചേരി: വടക്കഞ്ചേരി കാരയന്‍ങ്കാട് പള്ളി വീട്ടില്‍ നബീസുമ്മയുടേയും, മകന്‍ അശ്‌റഫിന്റേയും സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് തുടങ്ങിയിരിക്കുന്നു. തന്റെ കാലശേഷം ആരേയും ഭയക്കാതെ പൊന്നുമോന്റെ ജീവിതം അടച്ചുറപ്പുള്ള ഒരു വീട്ടിലായിരിക്കണമെന്ന നബീസുമ്മയുടെ വര്‍ഷങ്ങളുടെ പഴക്കമുള്ള ചിതലരിച്ച ഒരു സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. പ്രവാസ ലോകത്തെ നന്മയുടെ പ്രതീകം ഫാസില്‍ മുസ്തഫയുടെ നേതൃത്വത്തിലാണ് ഈ സ്വപനം സഫലീകരിച്ചു നല്‍കുന്നത്. ജന്മനാ ശ്രവണ ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട മകന്‍ അഷറഫുമായി 30 വര്‍ഷത്തോളം പഴക്കമുള്ള മണ്‍ചുമരുകള്‍ കൊണ്ട് നിര്‍മിച്ച, ഏത് സമയവും തകര്‍ന്നു വീഴാവുന്ന മേല്‍ക്കൂരക്ക് കീഴിലാണ് നബീസുമ്മയും മകനും ഏതാനം മാസംമുമ്പ് വരെ ഭീതിയോടെ ജീവിതം തള്ളിനീക്കിയത്. ഇവരുടെ ഭര്‍ത്താവ് അസീസ് രണ്ട് വര്‍ഷം മുമ്പാണ് ഇവരെ വിട്ട് മരണത്തിന് കീഴടങ്ങിയത്. ബീഡി തെറുപ്പ് തൊഴിലാളിയായിരിക്കേ തളര്‍വാതം പിടിപെട്ട് വര്‍ഷങ്ങളോളം ശരീരം തളര്‍ന്ന് കിടന്ന ശേഷമാണ് അസീസ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വേര്‍പാടും,പ്രായത്തിന്റെ അവശതകളും രോഗങ്ങളും നബീസുമ്മാനേയും വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് തന്റെ ജീവന്റെ ജീവനായ മകനെ വിട്ട് പിരിയും മുമ്പ് സുരക്ഷിതമായ ഒരു ഭവനത്തിലിരുത്തണമെന്ന സ്വപനം മ നസ്സില്‍ ഉടലെടുത്തത്. ഇതിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലം കണ്ടില്ല. രേഖകളിലെ പ്രശ്‌നങ്ങളും, സ്ഥലപരിമിതിയും വിലങ്ങുതടിയായി. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തകനും വടക്കഞ്ചേരി മാണിക്കപ്പാടം സ്വദേശിയുമായ ഫാസില്‍ മുസ്തഫ കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോഴാണ് നബീസുമ്മയുടെ ദുരിത ജീവിതങ്ങളും സങ്കടങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ നബീസുമ്മയുടെ കണ്ണീര്‍ തുള്ളികള്‍ നിറഞ്ഞ വാക്കുകള്‍ കണ്ടും, കേട്ടും മനസ്സിലാക്കിയ നിരവധി നല്ല മനസ്സുകളായ സുഹൃത്തുക്കളും ഫാസിലിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കൂടേ കൂടുകയായിരുന്നു. രേഖകളിലെ പാകപിഴവുകളെല്ലാം ശരിയാക്കി ചിതലരിച്ച വീട് പൊളിച്ച് മാറ്റി പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചുശേഷമാണ് ഫാസില്‍ മുസ്തഫ വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങിയത്. ചുമരുകളുടെ കെട്ട് കഴിഞ്ഞ് സണ്‍ സൈഡ് വാര്‍ക്കലിന്റെ ഘട്ടത്തിലാണ് ഇപ്പോള്‍ വീടിന്റെ നിര്‍മാണം എത്തിയിരിക്കുന്നത്. ഫാസിലിന് പൂര്‍ണ പിന്തുണയുമായി വടക്കഞ്ചേരി മുഹിയദ്ദീന്‍ ഹനഫി ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും നാട്ടിലെ സുഹൃത്തുക്കളും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ട്. ഒപ്പം നബീസുമ്മയുടെ അയല്‍വാസികളും. അറ് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന 500 സ്‌ക്വര്‍ ഫീറ്റ് വരുന്ന ഭവനം കുന്നത്ത് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് നിര്‍മിക്കുന്നത്. ഇതിലേക്കാവശ്യമായ ഇലക്ട്രിക്കല്‍ പ്ലംബിംഗ് വര്‍ക്കുകള്‍ കാരയന്‍ങ്കാട് പടിഞ്ഞാറേക്കളം ആഷിക്കാണ് ചുരുങ്ങിയ ചിലവില്‍ പണിതു നല്‍കുക. നബീസുമ്മയുടെ സ്വപനം സഫലമാക്കാന്‍ തന്റെ കൂടെ ഒരു പാടു നല്ല മനസ്‌കരായ സുഹൃത്തുക്കള്‍ കൂട്ടിനുണ്ടെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവനും പൂര്‍ത്തീകരിച്ച് ഡിസംബറോടെ നാട്ടിലെത്തി ഉദ്ഘാടനം നടത്താനാണ് ആഗ്രഹമെന്നും ഫാസില്‍ മുസ്തഫ സിറാജിനോട് പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ നടത്തുന്ന ഒരു മഹത്തായ യാത്രയാണ്. നബീസുമ്മയേപോലെ ചിതലരിച്ച സ്വപനങ്ങള്‍ കണ്ടു കഴിയുന്ന ഒരു പാട് പേര്‍ക്ക് സ്വാന്തനം പകരാന്‍ വേണ്ടിയുള്ള തന്റെ യാത്രയില്‍ കൂട്ടുകൂടാന്‍ ഇനിയും ഒരുപാട് പേരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭവനമെന്ന തന്റെ സ്വപനം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നതിന്റെ അതിരില്ലാത്ത സന്തോഷത്തിലാണിപ്പോള്‍ നബീസുമ്മയും മകന്‍ അഷറഫും.

LEAVE A REPLY

Please enter your comment!
Please enter your name here