പതിനൊന്ന് പേരുടെ യമന്‍ യാത്ര; മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ പോര്

Posted on: July 1, 2018 9:49 am | Last updated: July 1, 2018 at 9:49 am
SHARE

കാസര്‍കോട്: കാസര്‍കോട്ടെ രണ്ട് കുടുംബങ്ങളില്‍ പെട്ട സ്ത്രീകളും കുട്ടികളുമടക്കം 11 പേര്‍ യമനിലെത്തിയ സംഭവത്തെച്ചൊല്ലി മുജാഹിദ് വിഭാഗങ്ങളില്‍ പോര്. യമനിലെത്തിയ മൊഗ്രാല്‍ സ്വദേശി സവാദ് മുജാഹിദ് വിഭാഗത്തില്‍ നിന്ന് വിഘടിച്ചുനില്‍ക്കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തകനാണെന്നാണ് വിവരം. പരാതിക്കാരനായ സവാദിന്റെ ഭാര്യാപിതാവ് ചെമ്മനാട് മുണ്ടാംകുലം കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് മുജാഹിദ് വിഭാഗത്തില്‍ നിന്ന് വേര്‍പിരിഞ്ഞ മറ്റൊരു ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനാണ്.
ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഇത് കുടുംബത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളും പതിനൊന്ന് പേരുടെ തിരോധാനത്തിനും വിവാദങ്ങള്‍ക്കും അടിസ്ഥാന കാരണമാണ്.

ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുമ്പ് തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് മതപഠനത്തിനായി പോയ 21 പേരില്‍പെട്ടവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഹമീദില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചത്. പോലീസ് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹമീദ് പരാതി നല്‍കുകയായിരുന്നുവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് വ്യക്തമാക്കി.
എന്നാല്‍ താന്‍ പരാതി പോലീസില്‍ നല്‍കിയിട്ടില്ലെന്നും തന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചശേഷം പേപ്പറില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് എഴുതിയത് താന്‍ വായിച്ചുനോക്കിയിട്ടില്ലെന്നുമാണ് അബ്ദുല്‍ ഹമീദിന്റെ ഇപ്പോഴത്തെ നിലപാട്.

മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ എല്ലാ ഭാഗത്തു നിന്നുമുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്ദുല്‍ ഹമീദ് ഇപ്പോള്‍ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന വാദം ഉന്നയിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. അബ്ദുല്‍ ഹമീദ് നല്‍കിയ മറ്റു ചില തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്നാണ് വിവരം. സവാദും അന്‍സാറും ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച ഫോണ്‍ വിവരങ്ങളും സിമ്മും പരിശോധിക്കണമെന്ന് അബ്ദുല്‍ ഹമീദ് പോലീസിനോട് ആവശ്യപ്പെട്ടതായും പറയുന്നു.

ഖുര്‍ആന്‍ മനഃപാഠമാക്കാനാണ് കുടുംബസമേതം യമനിലേക്ക് പോയതെന്നാണ് സവാദ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദസന്ദേശത്തി ല്‍ പറയുന്നത്. ഖുര്‍ആന്‍ മനഃപാഠമാക്കണമെങ്കില്‍ നാട്ടില്‍ തന്നെ ഒട്ടനവധി പഠന കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് മതപഠനത്തിന് പോകുന്നതാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്. യമനിലുള്ള പ്രത്യേക സലഫി വിഭാഗത്തോട് ആകൃഷ്ടരായാണ് പലരും മതപഠനത്തിന് അങ്ങോട്ട് പുറപ്പെടുന്നതെന്നാണ് വിവരം.