Connect with us

Ongoing News

കുതിപ്പിന് ക്രൊയേഷ്യ, തടയാന്‍ ഡെന്‍മാര്‍ക്ക്

Published

|

Last Updated

നിഷ്‌നി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത് തേടി ക്രൊയേഷ്യയും ഡെന്‍മാര്‍ക്കും പോരിനിറങ്ങുന്നു. നിലവിലെ ഫോമില്‍ ക്രൊയേഷ്യക്കാണ് സാധ്യത. എന്നാല്‍, ഡെന്‍മാര്‍ക്കിന് അട്ടിമറികള്‍ നടത്താനുള്ള വിഭവങ്ങള്‍ കൈയ്യിലുണ്ട്.
അര്‍ജന്റീനയെ തറപറ്റിച്ചതിന്റെ ആവേശം ക്രൊയേഷ്യക്ക് നോക്കൗട്ട് റൗണ്ടില്‍ മുതല്‍ക്കൂട്ടാകും. പരിചയ സമ്പന്നരായ മരിയോ മാന്‍ഡുകിച്, ഇവാന്‍ റാകിറ്റിച്, ദെയാന്‍ ലോറന്‍ എന്നിവര്‍ വിശ്രമത്തിന് ശേഷം ക്രൊയേഷ്യയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ തിരിച്ചെത്തും. ഡെന്‍മാര്‍ക്ക് നിരയില്‍ വില്യം വിസ്റ്റ് കളിക്കുമെന്ന് അസിസ്റ്റന്റ് കോച്ച് ജോന്‍ഡാല്‍ തോമസന്‍ വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പെറുവിനെ നേരിടുമ്പോള്‍ പരുക്കേറ്റ് കളം വിട്ട താരമാണ് വില്യം വിസ്റ്റ്. ഒരു മത്സരത്തിലെ വിലക്ക് പൂര്‍ത്തിയാക്കിയ വിംഗര്‍ യൂസഫ് പോള്‍സനും ഡെന്‍മാര്‍ക്ക് ടീമില്‍ തിരിച്ചെത്തി.

നേര്‍ക്കുനേരെ ഏറ്റമുട്ടിയതിന്റെ കണക്കെടുത്താല്‍ ഒപ്പത്തിനൊപ്പം. അഞ്ച് കളികളില്‍ രണ്ട് വീതം ജയം. ഒരു സമനില. അവസാനമായി ഏറ്റുമുട്ടിയത് 2004 യൂറോ കപ്പിന് മുന്നോടിയായി നടന്ന സന്നാഹത്തില്‍. ക്രൊയേഷ്യ 2-1ന് ജയിച്ചു. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഒരിക്കല്‍ മാത്രമാണ് ഏറ്റുമുട്ടിയത്. 1996 യൂറോ കപ്പില്‍. ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യ 3-0ന് ജയിച്ചു. ഡെവര്‍ സുകേര്‍ ഇരട്ട ഗോളുകള്‍ നേടി താരമായി. സുകേര്‍ ഇപ്പോള്‍ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.
ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുകയാണ്. ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ ക്രൊയേഷ്യ നേടിയതില്‍ ആറ് ഗോളുകളും രണ്ടാം പകുതിയിലാണ്.

ആദ്യ പകുതിയില്‍ എതിരാളിയെ പഠിക്കുകയും രണ്ടാം പകുതിയില്‍ ഗോളടിക്കുകയും ചെയ്യുന്ന ക്രൊയേഷ്യയെ ഡെന്‍മാര്‍ക്ക് ഭയക്കുന്നുണ്ട്.
ക്രൊയേഷ്യയുടെ ക്യാപ്റ്റന്‍ ലൂക മോഡ്രിച് ഇന്നൊരു റെക്കോര്‍ഡിനൊപ്പമെത്തും. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മേജര്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ കളിച്ച ഡരിയോ സര്‍നയുടെ റെക്കോര്‍ഡിനൊപ്പമാണ് മോഡ്രിച് എത്തുക. യൂറോ കപ്പിലും ലോകകപ്പിലുമായി മോഡ്രിചിന്റെ പതിനേഴാം മത്സരമാണ് ഇന്നത്തേത്. നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് ഇത്രയും മത്സരങ്ങളില്‍ മോഡ്രിചിന്റെ റെക്കോര്‍ഡ്.
അഞ്ച് തവണ ലോകകപ്പ് കളിച്ചപ്പോള്‍ നാല് തവണയും നോക്കൗട്ട് റൗണ്ടിലെത്തിയ ഡെന്‍മാര്‍ക്ക് മികച്ച പ്രതിരോധ നിരയുമായിട്ടാണ് ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്നത്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും ഡെന്‍മാര്‍ക്ക് ഗോള്‍ വഴങ്ങിയിട്ടില്ല.