സ്‌പെയിന്‍ ഇന്ന് റഷ്യക്കെതിരെ

Posted on: July 1, 2018 9:32 am | Last updated: July 1, 2018 at 12:16 pm

മോസ്‌കോ: ആതിഥേയരായ റഷ്യയും മുന്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിനും ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് നേര്‍ക്കുനേര്‍. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലുമായി എട്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്ത റഷ്യക്കെതിരെ സ്‌പെയ്‌നിന് ജയം എളുപ്പമാകില്ല. പ്രതിരോധനിരയിലെ പിഴവുകള്‍ സ്‌പെയിന്‍ പരിഹരിച്ചിട്ടുണ്ടാകണം.

ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയ ക്ലബ്ബ് ഫുട്‌ബോളിലെ നമ്പര്‍ വണ്‍ ആണ്. പക്ഷേ, ലോകകപ്പില്‍ ഗിയയുടെ ചില പിഴവുകള്‍ സ്‌പെയിനിന് തിരിച്ചടിയായിരുന്നു. പോര്‍ച്ചുഗലിനെതിരെ ആയിരുന്നു ഗിയ നിറം കെട്ടത്. ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോള്‍ ഗിയയുടെ ജാഗ്രതക്കുറവായിരുന്നു.
ക്രിസ്റ്റിയാനോയുടെ ഇടതു കാല്‍ ഷോട്ട് ഗിയ തടഞ്ഞെങ്കിലും ദുര്‍ബലമായതു കാരണം വലയില്‍ കയറി. മൊറോക്കോക്കെതിരെ രണ്ട് ഗോളുകളിലും ഗിയയുടെ വീഴ്ച കാണാം. ഇതോടെ, ഡി ഗിയക്ക് പകരം കെപ അരിസബലാഗയെ ഇറക്കാനുള്ള സാഹചര്യം ഒരുങ്ങി. കോച്ച് ഫെര്‍നാന്‍ഡോ ഹിയറോ റഷ്യക്കെതിരെ പുതിയ ഗോളിയെ പരീക്ഷിക്കില്ലെന്ന് തന്നെ കരുതാം.

ഗ്രൂപ്പ് റൗണ്ടില്‍ കളിച്ച എട്ട് താരങ്ങളും പ്രീക്വാര്‍ട്ടര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലുണ്ടാകുമെന്ന് ഹിയറോ വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ തലേ ദിവസം കോച്ച് യുലെന്‍ ലോപെടെഗ്യുവിനെ പുറത്താക്കിയ സ്‌പെയിന്‍ താത്കാലികമായി ഫെര്‍നാണ്ടോ ഹിയറോയെ പരിശീലകനാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇത് വരെയും യഥാര്‍ഥ ഫോമിലേക്ക് സ്‌പെയിന്‍ ഉയര്‍ന്നിട്ടില്ല. പുറത്താക്കപ്പെട്ട കോച്ച് യുലെന് കീഴില്‍ അപരാജിതരായിരുന്ന സ്‌പെയ്‌നിന്റെ മികവ് പുതിയ കോച്ചിന് കീഴില്‍ കാണാന്‍ സാധിക്കുന്നില്ല.

ആരാധകരെ ആനന്ദത്തിലാറാടിക്കുന്ന തുടക്കമിട്ട ശേഷം ഉറുഗ്വെയോട് നിലംപൊത്തിയതാണ് റഷ്യക്കേറ്റ ഏക തിരിച്ചടി. ഇത് വലിയ തോതില്‍ വിമര്‍ശത്തിനിടയാക്കി. നോക്കൗട്ട് മത്സരം ജയിക്കാനുള്ള പ്രതിരോധ നിര റഷ്യക്കില്ലെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ എഴുതി. ഇതോടെ, ഡിഫന്‍സില്‍ മുപ്പത്തെട്ടുകാരനായ സെര്‍ജി ഇഗ്നാഷെവിചിനെ തിരികെ കൊണ്ടുവരാന്‍ കോച്ചിന് മേല്‍ സമ്മര്‍ദമേറി. മുന്നേറ്റത്തില്‍ ഡെനിസ് ചെറിഷേവും ആര്‍ടെ സ്യൂബയും ഒരുമിച്ചിറങ്ങും. തിയഗോ അല്‍കന്റാരക്ക് പകരം കോകെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലുണ്ടാകും. റയലിന്റെ യുവതാരം മാര്‍കോ അസെന്‍സിയോ ആദ്യലൈനപ്പില്‍ ഇടം പിടിച്ചേക്കില്ല.
ആന്ദ്രെ ഇനിയെസ്റ്റ, ഇസ്‌കോ, ഡേവിഡ് സില്‍വ എന്നിവര്‍ മധ്യനിരയില്‍ തന്ത്രം മെനയും.