ജാഗ്രതാകാലം അവസാനിച്ചു; നിപ്പാ വൈറസ് ഉറവിടം ഇനിയും കണ്ടെത്താനായില്ല

Posted on: July 1, 2018 9:10 am | Last updated: July 1, 2018 at 9:42 am
SHARE

കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയില്‍ നിര്‍ത്തിയ നിപ്പാ വൈറസിനെതിരെയുള്ള ജാഗ്രതകാലം ഇന്നലെ അവസാനിച്ചു. അതേസമയം നിപ്പാ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐ സി എം ആര്‍) ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. മെയ് 30ന് ശേഷം നിപ്പാ രോഗം സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍12ന് അതീവ ജാഗ്രത പിന്‍വലിച്ചിരുന്നു. എന്നാല്‍ ജാഗ്രത 30 വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ നാല് പേര്‍ മെഡിക്കല്‍ കോളജില്‍ നിപ്പാ സംശയത്തെ തുടര്‍ന്ന് എത്തിയെങ്കിലും ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥരീകരിച്ചിരുന്നു.

സംസ്ഥാനം നിപ്പാവൈറസ് വിമുക്തമായതിന്റെ പ്രഖ്യാപനം ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് നടത്തും. കോഴിക്കോട്ട് നിപ്പാ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ചവരെ ഇന്ന് കോഴിക്കോട്ട് രണ്ട് പരിപാടികളിലായി ആദരിക്കുന്നുണ്ട്. രാവിലെ പത്തിന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവരെ ആദരിക്കുന്നത്. ഇതിന് ശേഷം വൈകുന്നേരം ഏഴിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന പൗരാവലിയുടെ ആദരിക്കല്‍ ചടങ്ങ്. കലക്ടര്‍മാര്‍, മറ്റ് പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, രോഗബാധയേറ്റ് മരണമടഞ്ഞ സ്റ്റാഫ് നഴ്‌സ് ലിനിയുടെ കുടുംബം എന്നിവരെ ആദരിക്കുന്നതോടൊപ്പം ഡോക്‌ടേഴ്‌സ് ദിനാചരണവും ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ രാവിലെ 10 ന് നളന്ദ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുന്നുണ്ട്. എക്‌സൈസ് തൊഴില്‍ നൈപുണ്യ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ കുടുംബക്ഷേമ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.

അതേസമയം നിപ്പാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ നിര്‍ത്തിയവരില്‍ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2469 പേരായിരുന്നു നിരീക്ഷണ പട്ടികയിലുണ്ടായിരുന്നത്.
മെയ് അഞ്ചിന് പേരാമ്പ്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചത്. മെയ് 17നാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പേരാമ്പ്രയില്‍ ആദ്യം മരിച്ചയാളില്‍ നിന്ന് വൈറസ് ബാധയേറ്റ 16 പേരാണ് മരിച്ചത്. 18 പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും രണ്ട് പേര്‍ക്ക് രോഗം പിന്നീട് ഭേദമായി. ആസ്‌ത്രേലിയയില്‍ നിന്നുള്ള മരുന്നാണ് ഇവര്‍ക്ക് ചികിത്സിച്ചത്. നിപ്പായുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ മരുന്ന് മെഡിക്കല്‍ കോളജില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നേരത്തെ പ്രാണിതീനി വവ്വാലുകളിലും പഴംതീനി വവ്വാലുകളിലും പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇവയിലൊന്നും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ഉറവിടം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ രോഗം എവിടെ നിന്നെത്തിയെന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here