പ്രണയ ബന്ധം ഉപേക്ഷിച്ചു; പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം

Posted on: July 1, 2018 12:06 am | Last updated: July 1, 2018 at 12:06 am
SHARE

കൊട്ടാരക്കര: പ്രണയബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ഇന്നലെ ഉച്ചക്ക് രണ്ടിന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുനലൂര്‍ മണിയാര്‍ ബിന്ദുജ ഭവനില്‍ ബിജിനി (18) ക്കാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. ട്രെയിനില്‍ അടുത്ത സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആസിഡ് ആക്രമണം നടത്തിയ പുനലൂര്‍ പ്ലാത്തറ കളിയിലുവിള വീട്ടില്‍ അരുണി (18) നെ നാട്ടുകാര്‍ പോലീസിന് കൈമാറി. കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോയ ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഇരുന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് മുഖം മറച്ചെത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന കൊല്ലം അഷ്ടമുടി മണലികട വാഴകൂട്ടത്തില്‍ വീട്ടില്‍ അലോഷ്യസിനും പൊള്ളലേറ്റു.

ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയെയും സഹയാത്രികനെയും യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു. താലൂക്കാശുപത്രിയില്‍ പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അലോഷ്യസിന്റെ പരുക്ക് സാരമല്ല. ആസിഡ് ആക്രമണത്തിനു ശേഷം പ്രതി ഷര്‍ട്ട് ഉപേക്ഷിച്ച് ട്രെയിനില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
പുനലൂര്‍ സ്വദേശികളായ യുവാവും യുവതിയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു. പ്രതിയെ റെയില്‍വേ പോലീസിന് കൈമാറുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.