Connect with us

Articles

ആ ചിത്രത്തിലേക്ക് ഇന്ന് നോക്കുമ്പോള്‍

Published

|

Last Updated

വിദേശ നേതാക്കളെ കാണുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കെട്ടിപ്പിടിക്കല്‍ ലോക പ്രസിദ്ധമായിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ പ്രശസ്തമാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈപിടിച്ച് ഞെരിക്കലും. എല്ലു തകര്‍ന്നു പോകും വിധമാണ് അദ്ദേഹത്തിന്റെ ഷേക്ക് ഹാന്‍ഡ്. കൃത്യം ഒരു വര്‍ഷം മുമ്പ്, 2017 ജൂണ്‍ 27ന് വൈറ്റ്ഹൗസിലെ പുല്‍ത്തകിടിയില്‍ ഈ രണ്ട് നേതാക്കളും സംഗമിച്ചപ്പോഴാണ് ഇത്തരം അരോചകമായ സ്‌നേഹപ്രകടനം അതിന്റെ എല്ലാ സവിശേഷതകളോടെയും ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞത്. കൊച്ചു കുഞ്ഞിനെപ്പോലെ ട്രംപിന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു മോദി. ട്രംപാകട്ടേ കരുണാമയനായ രക്ഷിതാവിന്റെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് നിന്നു. അഭിനയം അസ്സലായി. പക്ഷേ, ഈ ജൂണില്‍ ആ ചിത്രത്തിലേക്ക് ഒന്നു കൂടി നോക്കുമ്പോഴാണ് അതെത്ര അശ്ലീലമായിരുന്നുവെന്ന് വ്യക്തമാകുന്നത്. ശാസനകളേറ്റ് തളരുകയാണ് മോദിയുടെ ഇന്ത്യ ഇപ്പോള്‍. കത്തുന്ന കോപമാണ് രക്ഷിതാവിന്റെ കണ്ണുകളില്‍. ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുത്. റഷ്യയുമായി പ്രതിരോധ കരാര്‍ പാടില്ല. ഇറക്കുമതി തീരുവ സ്വയം തീരുമാനിക്കരുത്. കാര്‍ബണ്‍ പുറന്തള്ളുന്ന വിഷയത്തിലടക്കം പറയുന്നത് കേട്ട് മിണ്ടാതിരിക്കണം. വെനിസ്വേലയോട് മിണ്ടരുത്. എച്ച് വണ്‍ ബി വിസയില്‍ ഇന്ത്യന്‍ ടെക്കികള്‍ അങ്ങനെയങ്ങ് അമേരിക്കയില്‍ വരേണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അരോചകമായ നിലയിലാണെന്ന് ചുരുക്കം. ഇന്ത്യ മുട്ടിടിച്ച് നില്‍ക്കുന്നത് കൊണ്ട് പ്രത്യക്ഷ പൊട്ടിത്തെറിയില്ലെന്ന് മാത്രം. ഇന്ത്യ ഇപ്പോഴും യു എസിന്റെ “പ്രധാന പ്രതിരോധ പങ്കാളി”യാണല്ലോ.
കഴിഞ്ഞ ജൂണില്‍ മോദി അമേരിക്കയില്‍ പോയപ്പോള്‍ തീരുമാനിച്ച 2പ്ലസ് 2 ചര്‍ച്ച ഒരിക്കല്‍ കൂടി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭാഗത്ത് നിന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും അമേരിക്കന്‍ ഭാഗത്ത് നിന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമാണ് ജൂലൈ ആറിന് വാഷിംഗ്ടണില്‍ ചര്‍ച്ച നടത്താനിരുന്നത്. അവസാന നിമിഷം മൈക് പോംപിയോ വിളിച്ച് സുഷമയോട് പറഞ്ഞിരിക്കുകയാണ്, പുറപ്പെടേണ്ട; ചര്‍ച്ച നടക്കില്ലെന്ന്. ഈ വര്‍ഷമാദ്യം നിശ്ചയിച്ച ചര്‍ച്ച അന്ന് മാറ്റിവെച്ചതാണ്. റെക്‌സ് ടില്ലര്‍സണെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായിരുന്നു അന്ന് പറഞ്ഞ കാരണം. ഇന്ന് പറയുന്നത് “അണ്‍ അവോയിഡബിള്‍ റീസണ്‍” എന്ന് മാത്രമാണ്. പാക്കിസ്ഥാനെ തീവ്രവാദത്തിന്റെ അച്ചു തണ്ടായും വിശ്വസിക്കാന്‍ കൊള്ളാത്തവരായും പ്രഖ്യാപിക്കുന്ന ട്രംപിന്റെ പഞ്ചാര കെണിയില്‍ ഇന്ത്യ വീഴരുതെന്ന് അന്നേ ബുദ്ധിയുള്ളവര്‍ ഉപദേശിച്ചതാണ്. ഇപ്പോള്‍ അത് അച്ചട്ടായി പുലരുമ്പോള്‍ അന്തം വിട്ട് നില്‍ക്കാനേ സാധിക്കൂ. ശത്രു രാജ്യത്തോടെന്ന പോലെയാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഇന്ത്യയോട് പെരുമാറുന്നത്.
മുതലാളിത്ത ഭരണവ്യവസ്ഥയുടെ അടിസ്ഥാന ഭാവം തന്നെയാണത്. അവര്‍ക്ക് ആരെയും ആക്രമിക്കാം. സൈനികമായും സാമ്പത്തികമായും. തിരിച്ച് ചെറിയൊരു നീക്കമുണ്ടായാല്‍ സഹിക്കില്ല. പുറത്ത് നിന്നു വരുന്ന ഉരുക്കിനും അലൂമിനിയത്തിനും നൂറ് ശതമാനം തീരുവ ചുമത്തി ട്രംപ് തുടങ്ങിവെച്ച പ്രൊട്ടക്ഷനിസ്റ്റ് വ്യാപാര നയത്തിനെതിരെ ഇന്ത്യ ഒരു ചുവടേ വെച്ചിട്ടുള്ളൂ. ചെറുവിരലൊന്നനക്കിയെന്ന് പറയാം. ചൈനയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും എല്ലാ പ്രധാന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ 29 വസ്തുക്കള്‍ക്ക് മാത്രം ചുങ്കം ഉയര്‍ത്തി ആഗോള പ്രതിരോധത്തില്‍ പങ്കാളിയായെന്ന് വരുത്തുകയായിരുന്നു. ഈ നീക്കം അമേരിക്കക്ക് പരമാവധി 24 കോടി ഡോളറിന്റെ ബാധ്യത മാത്രമേ സൃഷ്ടിക്കുകയുള്ളൂ. എങ്കിലും പിന്നില്‍ നമുക്കും നട്ടെല്ലുണ്ടെന്ന് ഇന്ത്യയുടെ പ്രഖ്യാപനമായി അതിനെ ആഘോഷിക്കുക തന്നെയാണ് വേണ്ടത്. കാരണം അപൂര്‍വമായേ ഇത്തരം പ്രതികരണങ്ങളെങ്കിലും സാധ്യമാകാറുള്ളൂ. ഇതോടെ എല്ലാ കെട്ടിപ്പിടിത്തങ്ങളും മറന്ന് ഡൊണാള്‍ഡ് ട്രംപ് ഉഗ്ര രൂപിയായി. കിട്ടാവുന്ന എല്ലാ വേദിയിലും ഇന്ത്യയെ ചീത്ത വിളിച്ചു.

ചൈനയെ ലാക്കാക്കിയാണ് തീരുവ യുദ്ധം തുടങ്ങിയതെങ്കിലും അതൊരു ആഗോള യുദ്ധമായി പരിണമിക്കുകയും ട്രംപ് ഏറെക്കുറെ ഒറ്റപ്പെടുകയും ചെയ്തു. അതിര്‍ത്തികള്‍ കീറി മുറിച്ച്, വസ്തുക്കളുടെയും സേവനങ്ങളുടെയും സാങ്കതിക വിദ്യയുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പ് വരുത്താന്‍ തുടങ്ങിയ ലോക വ്യാപാര സംഘടന വെറും കാഴ്ചക്കാരായി നില്‍ക്കേണ്ട സ്ഥിതിയിലായി. ഡബ്ല്യൂ ടി ഒയെ ഉപയോഗിച്ച് മേല്‍ക്കൈ നേടാമെന്ന ട്രംപിന്റെ പ്രതീക്ഷയെ തകിടം മറിച്ചത് യൂറോപ്യന്‍ യൂനിയനാണ്. ജി 7 ഉച്ചകോടിയില്‍ അമേരിക്കക്ക് അടുക്കളക്കുപ്പയില്‍ പോലും ഇലയിട്ടില്ല. ഡബ്ല്യൂ ടി ഒയില്‍ യു എസ് പണ്ടിരുന്ന ചാരു കസേര ആര്‍ട്ട് വര്‍ക്ക് ചെയ്ത് കെട്ടിത്തൂക്കിയിരിക്കുകയാണ്. കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്കയെ പിടിച്ചു പുറത്താക്കി വാതില്‍ കുറ്റിയിട്ട ശേഷമാണ് ചര്‍ച്ചകള്‍ നടന്നത്. ഇസ്‌റാഈലിന്റെ പൊയ്ക്കാലായി അധഃപതിച്ച യു എസിന് യു എന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നു. അഭിമാനക്ഷതം ചില്ലറയല്ല. പരിഹരിക്കാന്‍ രണ്ട് വഴിയാണ് ട്രംപ് തിരഞ്ഞെടുത്തത്. ഒന്ന് പരമ്പരാഗത ആയുധമായ ഉപരോധം. രണ്ട്, വിചിത്ര സഖ്യങ്ങള്‍.
പ്രത്യക്ഷ കൊളോണിയലിസത്തിന്റെ കാലം കഴിഞ്ഞ ശേഷം ഉടലെടുത്ത ഏറ്റവും ശക്തമായ മേധാവിത്വ ഉപകരണമാണ് ഉപരോധം. യു എന്‍ വഴിയാണ് ഈ ഗുണ്ടാപ്പണി ഏറ്റവും ഭംഗിയായി നിര്‍വഹിക്കാറുള്ളത്. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനായി നേരത്തേ തന്നെ അമേരിക്കയില്‍ നിയമങ്ങളുണ്ട്. ട്രംപ് വന്ന ശേഷം പാസ്സാക്കിയ ഇീൗിലേൃശിഴ അാലൃശരമ” െഅറ്‌ലൃമെൃശല െഠവൃീൗഴവ ടമിരശേീി െഅര േ(ഇഅഅഠടഅ) ഈ ജനുസ്സില്‍ പെട്ട മാരകയിനമാണ്. ആഗസ്റ്റില്‍ പാസ്സാക്കിയ നിയമം ജനുവരിയില്‍ നിലവില്‍ വന്നു. ഉപരോധിക്കപ്പെട്ട രാജ്യത്തെ സഹായിക്കുന്നവര്‍ക്ക് മേല്‍ അതേ അളവില്‍ ഉപരോധം തുടരാന്‍ ഈ നിയമം ട്രംപ് ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ട്.
അതത് കാലങ്ങളില്‍ അമേരിക്കയും സഖ്യശക്തികളും നിശ്ചയിക്കുന്ന ശത്രുക്കള്‍ക്ക് മേല്‍ ഉപരോധം വന്നു പതിക്കും. ഇപ്പോള്‍ അത് ഇറാനാണ്. 2016ല്‍ അമേരിക്കയടക്കം ആറ് രാഷ്ട്രങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച കരാര്‍ പ്രാബല്യത്തിലായതോടെ ഏറെക്കുറെ പിന്‍വലിക്കപ്പെട്ട ഉപരോധം ഒരിക്കല്‍ കൂടി ആ രാജ്യത്തെ വരിഞ്ഞു മുറുക്കുകയാണ്. ട്രംപ് വന്ന ശേഷം കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വലിഞ്ഞത് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയാണ്. കൂടെ ഒപ്പുവെച്ച രാജ്യങ്ങള്‍ക്ക് പോലും ഈ നടപടി ബോധ്യപ്പെട്ടിട്ടില്ല. ഐ എ ഇ എ അടക്കമുള്ള ഏജന്‍സികള്‍ നിരന്തരം പരിശോധിച്ച് സമാധാനപരമെന്ന് ഉറപ്പിച്ച ആണവ പരിപാടിയുടെ പേരിലാണ് ഈ ശിക്ഷയെന്നോര്‍ക്കണം. വ്യാപാര യുദ്ധത്തില്‍ തോറ്റമ്പിയ ട്രംപ് ആ ജാള്യം മറയ്ക്കാന്‍ ഇറാനെതിരെ തിരിയുന്നു. ഇന്ത്യയടക്കം ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവരോട് നവംബറിനകം അത് പൂര്‍ണമായി നിര്‍ത്താനാണ് ട്രംപിന്റെ ഉത്തരവ്.

ഈ ഉത്തരവിനോട് ഏറ്റവും വേഗത്തില്‍, ഏറ്റവും പോസിറ്റീവായി പ്രതികരിച്ചത് ഇന്ത്യയാണ്. ഇറക്കുമതി അവസാനിപ്പിക്കാനോ അല്ലെങ്കില്‍ വന്‍തോതില്‍ കുറക്കാനോ പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയതായി രണ്ട് എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നു. റിലയന്‍സടക്കമുള്ള സ്വകാര്യ കമ്പനികള്‍ ഇറാന് നേരത്തേ നല്‍കിയ ഓര്‍ഡര്‍ പോലും പിന്‍വലിച്ചുവെന്നാണ് വിവരം. എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ യോഗം പെട്രോളിയം മന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണക്ക് പകരം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
മോദി സര്‍ക്കാറില്‍ ഇതു സംബന്ധിച്ച് രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് മനസ്സിലാകുന്നത്. യു എന്‍ പിന്തുണയില്ലാത്ത ഒരു ഉപരോധവും ഇന്ത്യ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തുറന്നടിക്കുമ്പോള്‍ അങ്ങനെയൊരു ഉറച്ച ശബ്ദം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. സത്യത്തില്‍ ഇങ്ങനെ മുട്ടിലിഴയേണ്ട ഒരു കാര്യവും ഇന്ത്യക്കില്ല. നേരത്തേ ഉപരോധം വന്നപ്പോഴും ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ പങ്കാളിയാണ് ഇറാന്‍. രാഷ്ട്രീയമായി എന്ത് ഭിന്നതയുണ്ടെങ്കിലും വാണിജ്യ ബന്ധത്തില്‍ എക്കാലവും ഇന്ത്യ ശിയാ രാഷ്ട്രത്തോടൊപ്പം നിന്നിട്ടുണ്ട്. അതിന് കാരണം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയെപ്പോലെയുള്ള ഉപഭോഗ രാജ്യത്തിന് ഏറെ ലാഭകരമാണെന്നത് തന്നെയാണ്. പ്രതിദിനം 4,25,000 ബാരല്‍ ക്രൂഡാണ് ഇറാനില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. ഒരു ഘട്ടത്തില്‍ വില രൂപയില്‍ വാങ്ങി പോലും എണ്ണ തന്ന രാജ്യമാണ് ഇറാന്‍. മാത്രമല്ല, ഇറാനില്‍ നിന്നുള്ള എണ്ണയുടെ നല്ലൊരു ശതമാനം ശുദ്ധീകരിക്കുന്നത് ഇന്ത്യയിലാണ്. യുറേഷ്യയിലേക്കുള്ള ഇന്ത്യയുടെ ഗേറ്റ്‌വേയാണ് ആ രാജ്യം. പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാന്റെ പങ്കാളിത്തത്തോടെ ഇറാന്റെ വടക്ക് കിഴക്കന്‍ തീരത്ത് സ്ഥാപിക്കുന്ന ഛബര്‍ തുറമുഖം ചൈനക്കുള്ള മറുപടിയാണ്.

ഇതൊന്നും വേണ്ട. യു എസിന്റെ ഉപരോധ ഉത്തരവിനോട് ജപ്പാനും ദക്ഷിണ കൊറിയയും സ്വീകരിച്ച നിലപാട് നോക്കിയാല്‍ മതി. ഇന്ത്യയേക്കാളേറെ അമേരിക്കക്ക് വിലപ്പെട്ട സുഹൃത്തുക്കളാണ് ഈ രണ്ട് രാജ്യങ്ങളും. പക്ഷേ അവര്‍ വ്യക്തമാക്കിയിരിക്കുന്നത് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ലെന്നാണ്. ഉപരോധത്തില്‍ ഇളവ് വേണം. മുമ്പും അതുണ്ടായിട്ടുണ്ട്. ഇത്രയെങ്കിലും ഇന്ത്യക്കും പറയാമായിരുന്നു. പാക്കിസ്ഥാനോടുള്ള നിര്‍മിത ശത്രുതയും ട്രംപിനോടുള്ള പ്രത്യയ ശാസ്ത്ര ചാര്‍ച്ചയും നരേന്ദ്ര മോദിയെ വെറും സാമന്തനാക്കിയിരിക്കുന്നു. ചിലര്‍ പറയുന്നുണ്ട്, ഇറാന്റെ എണ്ണ വില്‍പ്പന തകര്‍ക്കുന്നത് അമേരിക്കയുടെ ഷേല്‍ എണ്ണക്ക് വിപണിയുണ്ടാക്കാനാണെന്ന്. അതില്‍ ശരിയുണ്ടാകാം. എന്നാല്‍ വലിയ ശരി അതല്ല. സൗഹൃദത്തിന്റെ പുതിയ ദിശ സൃഷ്ടിക്കുകയാണ് യഥാര്‍ഥ ലക്ഷ്യം. സഊദിയില്‍ നിന്ന് ബരാക് ഒബാമ നടന്നകന്ന അത്രയും ദൂരം ട്രംപ് അടുക്കുകയാണ്. കൂടുതല്‍ തുറന്ന് വെക്കുന്ന സഊദിയില്‍ വലിയ സാധ്യതകള്‍ അദ്ദേഹം കാണുന്നുണ്ട്. (സ്ത്രീകള്‍ കാറോടിക്കുന്നത് വലിയ പുരോഗമനമായി ആഘോഷിക്കുമ്പോള്‍ വലിയൊരു വിപണിയാണ് തുറക്കുന്നതെന്ന സത്യം മറച്ചു വെക്കുകയാണല്ലോ). ജയിക്കാനായി താന്‍ സ്വന്തം നാട്ടില്‍ പയറ്റിയ വംശീയത അതിജീവനത്തിനായി വിദേശത്തും പ്രയോഗിക്കുകയാണ് ട്രംപ്. ഒരേ സമയം ഇസ്‌റാഈലിനെയും സഊദിയെയും തഴുകുന്ന ട്രംപ് ഇറാനെ പൊതിരെ തല്ലുന്നു. വെനിസ്വേലയെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു.
അടുത്ത നാല് വര്‍ഷം കൂടി അധികാരത്തില്‍ തുടരാനുള്ള തന്ത്രങ്ങള്‍ ഇപ്പോഴേ പയറ്റുകയാണ് അദ്ദേഹം. ഉ. കൊറിയക്ക് കൈകൊടുത്ത് സൗഹൃദം നടിക്കും. അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പുറത്തിറങ്ങും. അമേരിക്ക അപകടത്തില്‍ എന്ന പ്രതീതിയുണ്ടാക്കും. രക്ഷകന്റെ വേഷം നന്നായി അഭിനയിക്കും. അതിര്‍ത്തി കടന്ന് വരുന്ന കുട്ടികളെ അമ്മമാരില്‍ നിന്ന് അകറ്റി ജയിലിലിടും. വൈറ്റ് സൂപ്പര്‍മാസിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്ന ഭ്രാന്തന്‍ നയങ്ങള്‍ മാത്രമേ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. ആ ഭ്രാന്തിന് ഇന്ത്യയെന്തിന് കീഴടങ്ങണം? യു എസിനെതിരെ ശക്തമായി നിലകൊള്ളുന്ന ചൈനയുമായി പരമാവധി അടുക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഇന്ത്യാ, ചൈനാ ഭായി, ഭായി. ഒപ്പം റഷ്യയുമായുള്ള നിര്‍ദിഷ്ട മിസൈല്‍ പ്രതിരോധ കരാര്‍ എന്ത് വിലകൊടുത്തും പാലിക്കണം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്