കസാനില്‍ അര്‍ജന്റീനയുടെ കണ്ണീര്‍; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ 4-3

Posted on: June 30, 2018 9:32 pm | Last updated: July 1, 2018 at 1:47 am

കസാന്‍: കസാനില്‍ അര്‍ജന്റീനയുടെ കണ്ണുനീര്‍. ആവേശപ്പോരാട്ടത്തില്‍ മെസ്സിപ്പടയെ 4-3ന് പരാജയപ്പെടുത്തി ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഫ്രഞ്ച് പടയെ കീഴ്‌പ്പെടുത്താന്‍ അര്‍ജന്റീനക്കായില്ല.

ഗ്രീസ്മാന്റെ പൈനല്‍റ്റി ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. 13ാം മിനുട്ടിലായിരുന്നു ഗോള്‍. ബോക്‌സില്‍ വെച്ച് എംബാപ്പെയെ റോഹോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പിന്നീട് 41ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ മിന്നുന്ന ഗോളില്‍ അര്‍ജന്റീന സമനില പിടിക്കുകയായിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് ഡി മരിയ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഫ്രഞ്ച് ഗോളിയെ മറികടന്ന് ബലയില്‍ ചെന്ന് കയറി. ഫ്രഞ്ച് പ്രതിരോധത്തിന്റെ വീഴ്ചയാണ് ഗോളില്‍ കലാശിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 1-1.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ലീഡെടുത്തു. മെസിയുടെ ഇടംകാല്‍ ഷോട്ട് മെക്കാര്‍ഡോയുടെ കാലില്‍ തട്ടി വലയില്‍ കയറി. എന്നാല്‍. തൊട്ടുപിന്നാലെ ബെഞ്ചമിന്‍ പൊവാര്‍ഡ് ഫ്രാന്‍സിന്റെ സമനില ഗോള്‍ നേടി. സ്‌കോര്‍: 2-2. പിന്നീട്, എംബാപ്പെ രണ്ട് തവണ വലകുലുക്കിയതോടെ ഫ്രാന്‍സ് 4-2ന് മുന്നിലെത്തി. അവസാന ഘട്ടത്തിലേക്ക് കടക്കവേ അഗ്യൂറോ മൂന്നാം ഗോള്‍ നേടി അര്‍ജന്റീനക്ക് ആശ്വാസം പകര്‍ന്നൈങ്കിലും പിന്നീട് ഫ്രഞ്ച് പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല.