ചില വേനലവധിക്കാല കാഴ്ചകള്‍

Posted on: June 30, 2018 6:50 pm | Last updated: June 30, 2018 at 6:50 pm
SHARE

ഗള്‍ഫില്‍ വേനലവധിയായി. ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക് . ചിലര്‍ മടങ്ങി വരില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി,വലച്ചതിനാല്‍ കുടുംബമായി ഗള്‍ഫില്‍ തുടരാന്‍ പ്രയാസമാണത്രെ .
കുറേക്കാലം ഗള്‍ഫ് ജീവിതം ആസ്വദിച്ചവരില്‍ പലര്‍ക്കും നാട്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടുക എളുപ്പമല്ല. ഉറ്റവരെ പിരിഞ്ഞാല്‍ കുറേ പേര്‍ക്ക് മനസ്സംഘര്‍ഷം ഉറപ്പ്.
നാട്ടില്‍ അവര്‍ എന്തു ചെയ്യുകയാവും എന്ന വേവലാതി ഇവിടെയുള്ളവര്‍ക്ക് . നാട്ടിലേതിനേക്കാള്‍ സാമൂഹികമായ സുരക്ഷിതത്വം ഗള്‍ഫിലാണ്. ഏത് പാതി രാത്രിയിലും ഒറ്റയ്ക്കും തെറ്റയ്ക്കും ഇറങ്ങി നടക്കാം. പിടിച്ചു പറി, മാന ഭംഗം തുലോം കുറവ്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ പഠന നിലവാരം താരതമ്യേന മെച്ചം. ഇത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് നാട്ടിലേക്കുള്ള മടക്കം. പച്ചപ്പ്, മഴ,സംസ്‌കാരം എന്നൊക്കെ ആവേശത്തിന് പറയാം. പക്ഷെ അവക്കുള്ളിലെ വൈരുധ്യങ്ങള്‍ ഏറെ. വര്‍ഗീയത, രാഷ്ട്രീയ തിമിരം, ഹര്‍ത്താല്‍, സാമ്പത്തിക ചൂഷണം, സ്ത്രീ വിരുദ്ധത എന്നിങ്ങനെ പലതിനോടും ഏറ്റു മുട്ടേണ്ടി വരും. ഉള്‍ വലിയലും രക്ഷയാകണമെന്നില്ല. വിഷമില്ലാത്ത ഉത്പന്നങ്ങള്‍ കിട്ടാനില്ല. മത്സ്യത്തില്‍ പോലും ഫോര്‍മാലിന്‍. ആരോഗ്യം ക്ഷയിക്കാന്‍ മറ്റൊന്നും വേണ്ട.
നാട്ടില്‍ മാറ്റങ്ങളുണ്ടെന്നത് മറക്കുന്നില്ല; ഭരണകൂട സംവിധാനങ്ങള്‍ക്ക് കുറേശ്ശെയായി ഉത്തരവാദിത്ത ബോധം വരുന്നുണ്ടെന്നതും . ഒറ്റപ്പെട്ടു പോകുന്ന ആളുകളുടെ കൈ പിടിക്കാന്‍ സമൂഹം തയാറാകുന്നുണ്ട്.
കുട്ടികളുടെ അരക്ഷിതാവസ്ഥയാണ് ഇനിയും മാറാത്തത്.
വീട് വിട്ടു വിദ്യാലയത്തിലേക്കോ കമ്പോളത്തിലേക്കോ പോയാല്‍ കഴുകന്‍ കണ്ണുകള്‍ പിന്തുടരും. എവിടെ നിന്നാണ് പ്രലോഭനങ്ങളും ആക്രമണങ്ങളും വരികയെന്ന് പറയുക വയ്യ. പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മനുഷ്യക്കടത്താണെന്നു ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 867 കുട്ടികളെ കാണാതായി. 567 പേരെ കണ്ടെത്താന്‍ കഴിഞ്ഞു. ബാക്കിയുള്ളവര്‍ എവിടെ?ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭിക്ഷാടനക്കാരാണ് പ്രതിക്കൂട്ടില്‍ .
ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും പ്രതികൂലമായി ബാധിച്ചത്, ഗള്‍ഫ് മലയാളി കുടുംബങ്ങളെ. ഗള്‍ഫില്‍ വരുമാനം കുറഞ്ഞു. ചെലവ് കൂടി. രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും നാട്ടിലേക്ക് പണമയക്കാന്‍ കഴിയാത്ത എത്രയോ പേരുണ്ട്. നാട്ടിലാണെങ്കില്‍ വിലക്കയറ്റം രൂക്ഷം. ഇന്ധന വില വാണം പോലെ. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില വര്‍ധിച്ചു. നാട്ടില്‍ അദ്ധ്വാനിക്കുന്നവര്‍ക്കു ആനുപാതികമായി വരുമാന വര്‍ദ്ധനവുണ്ട്. ഗള്‍ഫ് മലയാളികള്‍ക്കില്ല.
സ്വകാര്യ വിദ്യാലയങ്ങള്‍ കഴുത്തറുപ്പന്‍ ഫീസ് ആണ് ഈടാക്കുന്നത്. പഠന ചെലവ് ഏതാണ്ട് ഗള്‍ഫിലേതിന് തുല്യമായി വരുന്നു. വൈകാരികമായ തിരിച്ചടി വേറെ.
എന്നാണെങ്കിലും നാട്ടിലേക്ക് മടങ്ങേണ്ടതല്ലേ ?ഇപ്പോഴേ ആയേക്കാം എന്നതാണ് ന്യായം. ഉന്നത പഠന സാധ്യത കൂടുതല്‍ നാട്ടിലാണ്.

ഇതിനിടയില്‍, പതിവു പോലെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി. ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് ശരാശരി 400 ദിര്‍ഹം ആയിരുന്നത് ഇരട്ടിയായി. രൂപയുടെ മൂല്യമിടിവ് കണക്കിലെടുത്താല്‍ പിന്നെയും നഷ്ടമാണ്. ആകെയുള്ള ആശ്വാസം സ്വര്‍ണ വില കുറഞ്ഞതാണ്. വലിയ സാമ്പത്തിക പ്രയാസം ഇല്ലാത്തവര്‍ കുടുംബത്തെ ഗള്‍ഫില്‍ തുടരാന്‍ അനുവദിക്കുന്നതാണ് ഉചിതം. കൂട്ടിക്കിഴിക്കല്‍ നടത്തിയാല്‍ ഗള്‍ഫാണ് ലാഭകരം. ഇന്ധന വില കൂടിയതിനാല്‍ ഗള്‍ഫ് സാമ്പത്തികമായി മെച്ചപ്പെടും. വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. സമൂഹത്തില്‍,പണ ലഭ്യത ക്രയവിക്രയം വര്‍ധിക്കും.

സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിക്കപ്പെട്ടതോടെ വാഹന വ്യാപാരം കുത്തനെ കൂടുന്ന കാലമാണ് വരാന്‍ പോകുന്നത്. ഡ്രൈവര്‍ തസ്തിക കുറയുന്നത് നാമ മാത്രമായിരിക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യു എ ഇ, സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. വിസ നിയമങ്ങള്‍ ഉദാരമാക്കിയതിനാല്‍ വന്‍തോതില്‍ വിദേശികള്‍ എത്തിപ്പെടുകയാണ്. ഇതൊക്കെ കൊണ്ട് പ്രതീക്ഷയുടെ നാളുകളാണ് വരുന്നത്. കുടുംബത്തെ നാട്ടിലാക്കാന്‍ തീരുമാനിച്ചവര്‍ പുനര്‍ വിചിന്തനം നടത്തുക.