ചൂട് കൂടി; ടയറുകളുടെ അവസ്ഥ പരിശോധിക്കണമെന്ന് അബുദാബി പോലീസ്

Posted on: June 30, 2018 6:35 pm | Last updated: June 30, 2018 at 6:35 pm
SHARE

അബുദാബി: ചൂടി കൂടിയതോടെ വാഹന ടയറിന്റെ ഉപയോഗക്ഷമതയില്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ടയര്‍ തകര്‍ന്നുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പോലീസിലെ ഗതാഗത വിഭാഗം അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് മുമ്പ് ടയറുകളുടെ അവസ്ഥ പരിശോധിച്ച് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പാക്കണം. പൊട്ടിയതും തേയ്മാനം വന്നതുമായ ടയറുകള്‍ ഉപയോഗിക്കരുത്. കാലപ്പഴക്കം ചെന്ന ടയറുകള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു.

വേനല്‍കാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളില്‍ അഞ്ചു ശതമാനവും ടയര്‍ തകര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നിലവാരമുള്ള ടയറുകള്‍ മാത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷം ടയര്‍ പൊട്ടിയുണ്ടായ ഇരുപത്തിയെട്ട് അപകടങ്ങളില്‍ 14 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തിവേഗ പാതകളിലൂടെ മോശം ടയറുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. റോഡില്‍ വെച്ച് വാഹനങ്ങളുടെ ടയര്‍ പൊട്ടിയാല്‍ കനത്ത പിഴ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here