Connect with us

Kerala

ആക്രമിക്കപ്പെട്ട നടിക്കും ഡബ്യുസിസിക്കും പിന്തുണയേറുന്നു; ചലച്ചിത്ര മേഖലയിലെ നൂറോളം പേര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്ത്

Published

|

Last Updated

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയേറുന്നു. ചലച്ചിത്ര മേഖലയിലെ നൂറോളം പേര്‍ ഒപ്പുവെച്ച ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ പ്രസ്താവന പുറത്തുവന്നു. ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് അമ്മയെന്ന സംഘടന ദിലീപിനെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. നടന്‍ വിനായകന്‍, രേവതി, പാര്‍വതി, ആശിഖ് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ദിലീഷ് പോത്തന്‍, കമല്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ചലചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്.അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.