രൂപയുടെ മൂല്യം ഇനിയും കുറയും

Posted on: June 30, 2018 4:38 pm | Last updated: June 30, 2018 at 4:38 pm
SHARE

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും കുറയാന്‍ സാധ്യത. ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യമാണ് കാരണം. അസംസ്‌കൃത എണ്ണ വില വര്‍ധിക്കുകയും വന്‍ രാഷ്ട്രങ്ങള്‍ സംഘര്‍ഷത്തിലാവുകയും ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്. ഇതിനു പരിഹാരം അടുത്തൊന്നും ഉണ്ടാവുകയില്ല. അത് കൊണ്ട് തന്നെ ഏഷ്യന്‍ കറന്‍സികള്‍ സമ്മര്‍ദത്തിലാകുന്നത് തുടരും. ഡോളര്‍ നല്‍കിയാല്‍ 70 രൂപ ലഭിക്കുന്ന അവസ്ഥ സംജാതമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ ഡോളറിന് 69 ഉം ദിര്‍ഹത്തിന് 18.73 ഉം രൂപ ആയി. 2016 നവംബറില്‍ ഡോളറിന് 68.86 രൂപ ആയിരുന്നു. ഈ റെക്കോര്‍ഡ് ആണ് തകര്‍ന്നത്.

]എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന ഒപെക്കിന്റെ അറിയിപ്പ് എണ്ണ വില വര്‍ധനവിന് കടിഞ്ഞാണിടാന്‍ പര്യാപ്തമായിട്ടില്ല. അമേരിക്കന്‍ രാഷ്ട്രീയ നയങ്ങളാണ് പ്രശ്‌നമായത്. യൂറോപ്യന്‍ യൂണിയന്‍, ചൈന, ഇറാന്‍ എന്നിങ്ങനെ മിക്ക രാജ്യങ്ങളുമായും അമേരിക്ക സംഘര്‍ഷത്തിലാണ്. അമേരിക്കയുടെ അപ്രമാദിത്വം ഡോളറിനു കരുത്താവുകയാണ്. എണ്ണ വില ബാരലിന് 78.07 ഡോളര്‍ ആവുകയും ചെയ്തു. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് ഇത് ബാധ്യതയായി. ആകെയുള്ള ഗുണം ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വില കൂടില്ല എന്നത് മാത്രം.

മാസാന്ത്യത്തിലാണ് രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത്. ഇത് നാട്ടിലേക്ക് പണം അയക്കുന്ന, ശമ്പളക്കാര്‍ക്ക് അല്പം ആശ്വാസം നല്‍കും. വിദേശ കറന്‍സി നല്‍കിയാല്‍ രൂപ കൂടുതല്‍ ലഭിക്കും. പക്ഷെ നാട്ടിലെ വിലക്കയറ്റം, അന്തിമ കണക്കു കൂട്ടല്‍ വീണ്ടും തെറ്റിക്കും. നാട്ടിലേക്കു കൂടുതല്‍ പണം അയക്കേണ്ടി വരും. ഏറ്റവും നേട്ടമായത് വിദേശ ഇറാനികള്‍ക്കാണ്. ഒരു ഡോളര്‍ നല്‍കിയാല്‍ 42, 260 റിയാല്‍ ലഭിക്കും.