വിപ്ലവ നായിക നൂറിന്റെ നിറവില്‍

Posted on: June 30, 2018 9:35 am | Last updated: June 30, 2018 at 9:49 am
SHARE

ആലപ്പുഴ: മലയാളികളുടെ എക്കാലത്തെയും ധീരയായ വിപ്ലവ നായിക നൂറിന്റെ നിറവില്‍. മിഥുന മാസത്തിലെ തിരുവോണ നാളില്‍ കേരളത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ നൂറിലേക്ക് കടക്കുകയാണ്. പ്രായം നൂറെങ്കിലും ചുറുചുറുക്കോടെ ഗൗരിയമ്മ മാധ്യമങ്ങളോട് വിശേഷങ്ങള്‍ പങ്കുവെച്ചു. താന്‍ ആരെയും ക്ഷണിച്ചിട്ടില്ല. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പിറന്നാളാഘോഷം സംഘടിപ്പിക്കുന്നത്. ജൂലൈ ഒന്നിന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പതിവ് തെറ്റാതെ കരിമീന്‍ പൊള്ളിച്ചതും അമ്പലപ്പുഴ പാല്‍പ്പായസവും അടങ്ങുന്ന വിഭവങ്ങളോടെ സദ്യ ഒരുക്കും. മന്ത്രിമാര്‍ ഉള്‍പ്പെടയുള്ള പല പ്രമുഖരെയും ആഘോഷ പരിപാടികള്‍ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ജെ എസ് എസ് പ്രവര്‍ത്തകര്‍. മൂന്ന് തരം പായസം ഉള്‍പ്പെടെയുള്ള വിപുലമായ സദ്യയാണ് ഒരുക്കുന്നത്. ആറ് തരം തൊടുകറികള്‍, കോഴിക്കറി, ബീഫ് വരട്ടിയത് തുടങ്ങി വരുന്നവര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കാന്‍ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

താര സംഘടനയിലെ നടിമാരുടെ രാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. ടി വി പരിപാടികള്‍ കാണാറുണ്ട്. സിനിമയും കാണാറുണ്ട്. റോഡിലൂടെ നടന്നുപോകുന്നവരെയും കാണാറുണ്ട്. സോഷ്യല്‍ സ്റ്റാറ്റസുകളിലും മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുന്ന വാര്‍ത്തകളിലും റോഡിലൂടെ നടന്നുപോകുന്ന സാധാരണക്കാരനെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോയെന്നായി ഗൗരിയമ്മ. പിന്നെ ബാല്യത്തിന്റെ സ്മരണകളിലേക്ക് ഒരെത്തിനോട്ടമെന്ന പോലെ കുട്ടിക്കാലത്തെ പിറന്നാള്‍ വിശേഷങ്ങള്‍ കൂടി ഓര്‍ത്തെടുത്തു. 12 പ്രസവിച്ച അമ്മയും ചെറുപ്പകാലം മുതല്‍ കര്‍ഷകര്‍ക്കൊപ്പമായിരുന്ന അച്ഛനും പിറന്നാള്‍ ആഘോഷങ്ങള്‍ മുടക്കിയിട്ടില്ല. 100 കൊല്ലങ്ങളുടെ ഓര്‍മകളിലേക്ക് മറന്നുപോകാത്ത പ്രിയപ്പെട്ട ഓരോ ഓര്‍മയും മനസ്സിലേക്ക് മാടിവിളിച്ച് കൂടുതല്‍ ചെറുപ്പമായ മനസ്സോടെ ഒരു റെഡ് സല്യൂട്ട് കൂടി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ കുഞ്ഞമ്മ എന്ന ഗൗരിയമ്മ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here