Connect with us

National

സ്വിസ് ബേങ്കിലെ നിക്ഷേപം മുഴുവന്‍ കള്ളപ്പണമല്ല: ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വിസ് ബേങ്കിലെ മുഴുവന്‍ നിക്ഷേപവും കള്ളപ്പണമല്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വിസ് ബേങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടിയായാണ് ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. സ്വിസ് ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് കൈമാറുന്നതോടെ അനധികൃത നിക്ഷേപക്കാര്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും. സ്വിസ് ബേങ്കില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ച പണത്തില്‍ അമ്പത് ശതമാനത്തിലധികം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ നിക്ഷേപകരെ കുറിച്ച് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അവിടത്തെ നിയമം ഭേദഗതി ചെയ്ത ശേഷം ഇന്ത്യയുമായുള്ള കരാര്‍ നടപ്പാക്കുമെന്നും അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡുമായുണ്ടാക്കിയ കരാര്‍ പ്രകാരം സ്വിസ് ബേങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ ഇടക്കാല ചുമതലയുള്ള പീയുഷ് ഗോയലും പറഞ്ഞു. കഴിഞ്ഞ നവംബറിലുണ്ടാക്കിയ കരാര്‍ പ്രകാരം അടുത്ത വര്‍ഷം മുതലാണ് വിവരങ്ങള്‍ ലഭ്യമാകുക
അനധികൃത നിക്ഷേപകരുടെ വിവരങ്ങള്‍ നിക്ഷേപകരെ അറിയിച്ചതിനു ശേഷമാകും കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

Latest