Connect with us

Articles

ഈ ഭേദഗതി ജനങ്ങളുടെ അഭിലാഷം

Published

|

Last Updated

പശ്ചിമേഷ്യന്‍ അധിനിവേശ കാലത്ത് അമേരിക്കന്‍ പ്രസിഡന്റുമാര്‍ യുദ്ധത്തില്‍ തങ്ങളോടൊപ്പം ചേരാത്ത രാജ്യങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണം സാമ്രാജ്യത്വത്തിന്റെ കച്ചവട രസതന്ത്രത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു: “ഞങ്ങളുടെ കൂടെയില്ല എങ്കില്‍ അതിനര്‍ഥം നിങ്ങള്‍ അവരുടെ കൂടെയാണ്”. കമ്പോളവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഈ കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുന്നുണ്ട്. പക്ഷേ, കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും ഗൗരവപൂര്‍ണമായ ജനാധിപത്യ സംവാദങ്ങള്‍ക്ക് വേദിയാകുന്ന സംസ്ഥാനമാണ്. ഏകശിലാ ഘടനാശാഠ്യങ്ങളെ കണ്ണടച്ച് സ്വീകരിക്കുന്നവരല്ല മലയാളികള്‍. മറ്റെല്ലാറ്റിലുമെന്ന പോലെ നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും സംവാദ ങ്ങളും വിവാദങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ബഹുസ്വരതയുടെ മഴവില്ല് തെളിയുന്ന രാഷ്ട്രീയ വിഹായസ്സാണ് കേരളത്തിന്റേത്. 60 വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തിന് തന്നെ മാതൃകയായ നിലയിലേക്ക് കേരളമെത്തിയത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്ന ശാഠ്യങ്ങളില്ലാതെ സന്തുലിതമായ വികസനത്തിനു വേണ്ടി വിവിധ സര്‍ക്കാറുകള്‍ ഇവിടെ നടത്തിയ ഭരണ നടപടികളിലൂടെയും അതിനനുസൃതമായ നിയമ നിര്‍മാണങ്ങളിലൂടെയും ആയിരുന്നു.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാറിന്റെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ തൊട്ട് ഇക്കഴിഞ്ഞ 25-ാം തീയതി കേരള നിയമസഭ പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം വരെയുള്ളവയില്‍ വ്യക്തമായി പ്രതിഫലിക്കുന്നത് ജനങ്ങളുടെ അഭിലാഷമാണ്. 1990-കളില്‍ കൃഷിയിടങ്ങളും നെല്‍വയലുകളും പരിസ്ഥിതിയും ജലസ്രോതസ്സുകളും ഭക്ഷ്യോത്പാദനവും ഒക്കെ തകര്‍ത്തു കൊണ്ട് കേരളത്തിലാകെ വികലമായ വികസന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുള്ള ഒട്ടേറെ പ്രവര്‍ത്തികള്‍ നടന്നു. ഒടുവില്‍ അന്നത്തിനായി അന്യസംസ്ഥാന ലോറികളെ കാത്തു നില്‍ക്കുന്ന സ്ഥിതിയിലേക്ക് മലയാളി എത്തി. സുസ്ഥിരമല്ലാത്ത വികസന മാതൃകകളെ തള്ളിക്കളയാനുള്ള ജനാഭിലാഷമാണ് ഈ ഘട്ടത്തില്‍ ചരിത്രപരമായ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കാന്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിനെ 2008-ല്‍ പ്രേരിപ്പിച്ചത്. 2008-ന് ശേഷം ഉണ്ടായിരുന്ന നെല്‍വയലുകളെയെങ്കിലും ഒരു പരിധി വരെ സംരക്ഷിക്കാന്‍ ഈ നിയമത്തിന് കഴിഞ്ഞു.
ഇപ്പോള്‍ പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ ഭക്ഷ്യോത്പാദനം, കാര്‍ഷിക വികസനം, കര്‍ഷക ക്ഷേമം, ഭൂവിതരണം, ഭവന നിര്‍മാണം, പരിസ്ഥിതി സംരക്ഷണം, ജല ലഭ്യത തുടങ്ങി വിവിധ മേഖലകള്‍ക്ക് സാര്‍ഥകമായ മെച്ചമുണ്ടാക്കുന്ന ഒരു നിയമ നിര്‍മാണ പ്രക്രിയയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങളെയാണ് ഈ ബില്‍ അഭിസംബോധന ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ പൊതു നന്മയെ ലാക്കാക്കിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി കണ്ടെത്തുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. വളരെ അത്യന്താപേക്ഷിതമായ ഗെയില്‍ പോലെയുള്ള വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുമെന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. പൊതുആവശ്യം എന്ന നിര്‍വചനത്തില്‍ പദ്ധതികള്‍ എന്ന വാക്കിനോടൊപ്പം പ്രോജക്റ്റുകള്‍ എന്നുകൂടി ചേര്‍ത്ത് പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്രകാരം ഒഴിച്ചുകൂടാന്‍ പറ്റാത്ത പദ്ധതികള്‍ക്ക് നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് കാലാനുസൃതവും വികസന താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതുമായ ഭേദഗതിയാണ്.

അതേസമയം നെല്‍കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയുന്ന മുഴുവന്‍ പാടങ്ങളിലും കൃഷി വ്യാപിപ്പിച്ച് നെല്‍കൃഷി മൂന്ന് ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2015-16 ല്‍ 1.96 ലക്ഷം നെല്‍കൃഷിയാണ് സംസ്ഥനത്ത് ഉണ്ടായിരുന്നത്. 2017-18ല്‍ ഇത് 2.2 ലക്ഷം ഹെക്ടറായി വര്‍ധിച്ചിട്ടുണ്ട്. ആക്ടിലെ 16-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് തരിശ്ശിട്ടിരിക്കുന്ന നെല്‍വയലുകള്‍ ഉടമസ്ഥന്റെ അനുമതി ഇല്ലെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊണ്ടോ കുടുംബശ്രീ യൂനിറ്റുകളെ കൊണ്ടോ പാടശേഖര സമിതികളെ കൊണ്ടോ ഏറ്റെടുപ്പിച്ച് കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. അപ്പോഴും ഭൂഉടമയുടെ ഉമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് കൃഷിയുടെ ലാഭത്തിന്റെ 25 ശതമാനം ഉടമക്ക് തന്നെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. ഒപ്പം തന്നെ നിലം നികത്തുന്നതിനെതിരെ ആര്‍ക്കും പോലീസില്‍ പരാതി കൊടുക്കാന്‍ കഴിയുന്ന കോഗ്നൈസബിള്‍ ഒഫന്‍സ് ആക്കി മാറ്റിക്കൊണ്ട് നിലം നികത്തിയാലുള്ള ശിക്ഷ രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കി വര്‍ധിപ്പിച്ചു വ്യവസ്ഥ ചെയ്തു.
2008ന് മുമ്പ് നികന്നുകിടക്കുന്നതും ഭൂ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയതും ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നു. മറ്റെവിടെയും ഭൂമിയില്ലാത്തവര്‍ക്ക് വീട് വെച്ചു താമസിക്കുന്നതിന് അനുവാദം ലഭിക്കും. പത്ത് സെന്റിനു മുകളിലാകട്ടെ ക്രമവത്കരണത്തിന് ജലസംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിശ്ചിത വ്യവസ്ഥകളുണ്ട്. തരം മാറ്റുന്ന ഭൂമി 50 സെന്റില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം ജലസംരക്ഷണ നടപടികള്‍ക്കായി മാറ്റിവെക്കണം. അപ്രകാരം സ്വഭാവ വ്യതിയാനം വരുത്തുന്നത് അടുത്തുള്ള നെല്‍വയലുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്നും ഉറപ്പാക്കണം. തരംമാറ്റല്‍ അനുവദിക്കുന്ന ഭൂമിയെ സംബന്ധിച്ച് വില്ലേജ് റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തി നല്‍കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ നിലവില്‍ വന്ന 1967 ജൂലൈ നാലിന് ശേഷവും 2008ന് മുമ്പും നികന്നു കിടക്കുന്നതോ നികത്തിയതോ ആയ ഭൂമി സംബന്ധിച്ച് റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിന്‍മേല്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുന്ന അപ്പീലിനുള്ള ഫീസാണ് 500 രൂപ എന്ന് നിജപ്പെടുത്തിയിട്ടുള്ളത്. 1967 ജൂലൈ നാലിന് മുമ്പ് നികന്നുകിടക്കുന്ന ഭൂമി തരംമാറ്റുന്നതിന് യാതൊരു ഫീസും ആവശ്യമില്ല.

നെല്‍കൃഷി വികസനം മുന്നില്‍ കണ്ട് കാര്‍ഷിക അഭിവൃദ്ധി ഫണ്ട് രൂപവത്കരിക്കാന്‍ വ്യവസ്ഥയുണ്ട്. ചുരുക്കത്തില്‍ ഒരുതുണ്ട് നെല്‍വയല്‍ പോലും നികത്തപ്പെടരുത് എന്ന ജനാഭിലാഷവും ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും സാങ്കേതികത്വത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ജനകീയ ആവശ്യവും നാം കൈവരിച്ച സാമൂഹിക വികസനം സാമ്പത്തിക രംഗത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്നുള്ള ജനങ്ങളുടെ പ്രതീക്ഷയും സന്തുലിതമായി സമന്വയിച്ച നിയമ നിര്‍മാണമാണ് 2018-ലെ ഈ ഭേദഗതി നിയമം. മറിച്ചുള്ള ആശങ്കകളിലെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നു. എന്നാല്‍, ദുരുദ്ദേശ്യപരമായ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്യുന്നു.

റവന്യൂ മന്ത്രി