യു എസ് സമ്മര്‍ദത്തിന് വഴങ്ങരുത്

Posted on: June 30, 2018 8:53 am | Last updated: June 29, 2018 at 9:54 pm
SHARE

ഭീരുത്വമാണ് അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നു ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള പെട്രോളിയം അസംസ്‌കൃത എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനോ വന്‍ തോതില്‍ കുറക്കാനോ പെട്രോളിയം മന്ത്രാലയം ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞിരിക്കയാണ്. റിലയന്‍സ് ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചിട്ടുണ്ട്. നയരാ എനര്‍ജി കമ്പനി ഇറക്കുമതി നിര്‍ത്തിവെക്കാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മാംഗലൂര്‍ റിഫൈനറീസ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ്, നയരാ എനര്‍ജി എന്നിവയാണ് ഇറാനിയന്‍ എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ മുന്നിലുള്ളത്.

ഇറാനെതിരെ ട്രംപ് പ്രഖ്യാപിച്ച ഉപരോധത്തിന് യു എന്‍ അംഗീകാരമോ ലോകരാഷ്ട്രങ്ങളുടെ പിന്തുണയോ ഇല്ല. യു എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കാത്ത ഒരു ഉപരോധവും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്. അതില്‍ നിന്നുള്ള പിറകോട്ടടിയാണ് പുതിയ തീരുമാനം. ഇന്ത്യ അതിശീഘ്രം വളര്‍ന്നു വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കൊണ്ടിരിക്കയാണെന്ന് കിട്ടുന്ന വേദികളിലെല്ലാം പ്രധാനമന്ത്രി പറയാറുണ്ട്. ആരുടെ മുമ്പിലും തലകുനിക്കേണ്ട, ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കേണ്ട അവസ്ഥ ഇന്ത്യക്കില്ല. എന്തിട്ടുമെന്താണ് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോഴേക്ക് മോദിയുടെ മുട്ടു വിറക്കുന്നത്?
ഇറാനില്‍ നിന്ന് എണ്ണ നിര്‍ത്താന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടത് ഇന്ത്യയോട് മാത്രമല്ല. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങളാണ് ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ചൈന യു എസ് ഭീഷണിയെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താനാകില്ലെന്ന് ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയെ അറിയിച്ചിരിക്കയാണ്. ഉപരോധത്തില്‍ സഹകരിക്കില്ലെന്നും ഇറാനുമായുള്ള വാണിജ്യബന്ധം തുടരുമെന്നും യു എസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എന്തിന് ഇന്ത്യ അവരുടെ ഭീഷണിക്ക് വഴങ്ങണം? ഇന്ത്യ ഏത് രാഷ്ട്രത്തില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കേണ്ടത് ഇവിടുത്തെ ഭരണകൂടമാണ്. അതില്‍ മറ്റൊരു രാജ്യം കൈകടത്തുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കൈയേറ്റമാണ്. ഇത്തരത്തില്‍ വിധേയപ്പെട്ടു കൊടുക്കുന്നത് നാണക്കേടാണ്.

രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതും ഇറാനെതിരെയുളള ഉപരോധം ശക്തമാക്കുമെന്ന പ്രഖ്യാപനവും. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹകരിച്ചെങ്കില്‍ മാത്രമേ ഉപരോധം വിജയിക്കുകയുള്ളൂവെന്നറിയുന്നത് കൊണ്ടാണ് ഉപരോധത്തില്‍ ഇന്ത്യയെ സഹകരിപ്പിക്കാന്‍ യു എസ് സമ്മര്‍ദം ചെലുത്തുന്നത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.
രാഷ്ട്രീയ, വംശീയ താത്പര്യങ്ങള്‍ക്കപ്പുറം ചില സാമ്പത്തിക താത്പര്യങ്ങള്‍ കൂടിയുണ്ട് ഇറാനെതിരായ ഉപരോധ പ്രഖ്യാപനത്തില്‍ അമേരിക്കക്ക്. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് യു എസ്. നടപ്പുവര്‍ഷം അമേരിക്കയുടെ എണ്ണ ഉത്പാദനത്തില്‍ 10 ശതമാനം വളര്‍ച്ച നേടുമെന്ന് റിസ്റ്റാഡ് എനര്‍ജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ അവരുടെ പ്രതിദിന ഉത്പാദനം 1 .10 കോടി ബാരലായി ഉയരുകയും നിലവില്‍ മുന്നിട്ടു നില്‍ക്കുന്ന സഊദിയും റഷ്യയും താഴേക്ക് പോവുകയും ചെയ്യും. അമേരിക്ക ഉത്പാദിപ്പിക്കുന്ന അധിക എണ്ണക്ക് വിപണി കണ്ടെത്തണമെങ്കില്‍, ആഗോള വിപണിയില്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്ന എണ്ണയുടെ അളവില്‍ കുറവ് വരണം.

അതേസമയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നത് സാമ്പത്തികമായി ഇന്ത്യക്ക് നഷ്ടമുണ്ടാക്കും.ഇറാനില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. സഊദിയും ഇറാഖുമാണ് മറ്റു ഇറക്കുമതി രാഷ്ട്രങ്ങള്‍. ഇവയേക്കാളും കുറഞ്ഞ വിലക്കാണ് ഇറാന്‍ ഇന്ത്യക്ക് എണ്ണ നല്‍കുന്നത്. ഇറാനില്‍ നിന്നുള്ളത് നിര്‍ത്തലാക്കി മറ്റു രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ ഈയിനത്തില്‍ ഇന്ത്യക്ക് കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. മാത്രവുമല്ല, യു എസ് സമ്മര്‍ദഫലമായി ലോക വിപണിയില്‍ എത്തുന്ന എണ്ണയില്‍ കുറവ് വരുമ്പോള്‍ ആഗോള ഇന്ധന വിപണിയില്‍ എണ്ണയുടെ മേല്‍ സമ്മര്‍ദം ഉയരുകയും സ്വാഭാവികമായി വിലയുയരാന്‍ ഇടയാക്കുകയും ചെയ്യും. ഇറാനില്‍ നിന്നുള്ള പ്രകൃതിവാതക ലൈന്‍ പദ്ധതിയെയും ഇതു ബാധിക്കും. അമേരിക്കക്ക് എന്നും അവരുടെ താത്പര്യങ്ങളാണ് മുഖ്യം. മറ്റു രാജ്യങ്ങളെ കൂടി ഇതിനായി കരുവാക്കുകയാണവര്‍. ‘നല്ല സുഹൃത്തെ’ന്ന ഭംഗിവാക്ക് പറഞ്ഞു ഇന്ത്യയെ കൂട്ടിപ്പിടിക്കുന്നതിനു പിന്നിലും കുത്സിത താത്പര്യങ്ങളാണ് ട്രംപിന്. സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങി ട്രംപിന്റെ ഉത്തരവ് അപ്പടി നടപ്പാക്കി രാജ്യത്തെ നാണം കെടുത്തരുത് മോദി സര്‍ക്കാര്‍. ഈ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഇന്ത്യക്കായില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഇടപെടലിന് അമേരിക്കക്ക് അവസരമേകും.

LEAVE A REPLY

Please enter your comment!
Please enter your name here