Connect with us

Gulf

മോട്ടോര്‍ സൈക്കിള്‍ അപകടം: അഞ്ച് വര്‍ഷത്തിനിടെ യു എ ഇ യില്‍ പൊലിഞ്ഞത് 42 ജീവനുകള്‍

Published

|

Last Updated

അബുദാബി: അഞ്ച് വര്‍ഷത്തിനിടെ യു എ ഇയില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 42 പേര്‍ക്കെന്ന് അബുദാബി പോലീസ്. മൊത്തം 682 ഓളം മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2013-17 കാലഘട്ടത്തില്‍ നടന്ന അപകടങ്ങളില്‍ 89 ഓളം ബൈക്ക് യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗതാഗത നിയമങ്ങളെപ്പറ്റിയും അനുവര്‍ത്തിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അബുദാബിയിലെ അമേച്വര്‍ മോട്ടോര്‍സൈക്കിള്‍ ഉപയോക്താക്കളുമായി പോലീസ് നടത്തിയ യോഗത്തിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ കവചകങ്ങള്‍ ഉപയോഗിക്കാതെ വാഹനമോടിക്കുന്നത് അപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കാന്‍ കാരണമാവാം. യുവാക്കളുടെ അമിതവേഗം അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതാണ്. ചെറിയ റോഡുകളില്‍ നിന്ന് ഹൈവേകളിലേക്ക് അശ്രദ്ധമായി പ്രവേശിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. വാഹനങ്ങളുടെയും ഓടിക്കുന്നവരുടെയും സുരക്ഷയുറപ്പ് വരുത്തി മാത്രമേ ബൈക്കുകളുമായി നിരത്തിലിറങ്ങാന്‍ പാടുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

ശൈഖ് സുഹൈല്‍ ഹാഷിര്‍ അല്‍ മഖ്തും, അബുദാബി ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി, ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അബ്ദുല്ല അല്‍ സെഹി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.