Connect with us

Gulf

അധ്യാപകരുടെ തൊഴില്‍ നഷ്ടം: പ്രശ്‌ന പരിഹാര ശ്രമത്തിനായി പ്രമുഖരും സംഘടനകളും

Published

|

Last Updated

അജ്മാന്‍: തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ അധ്യാപകവൃത്തിയില്‍ നിന്നും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന പ്രശ്‌നത്തില്‍ പരിഹാര ശ്രമങ്ങളുമായി സംഘടനകളും പ്രമുഖ വ്യക്തികളും കൈകോര്‍ക്കുന്നു. മത-സാംസ്‌കാരിക സംഘടനകളും യു എ ഇയിലെ പ്രമുഖ വ്യവസായികളും തങ്ങളാല്‍ സാധ്യമാകുന്നവിധം സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ തൊഴില്‍ ഭീഷണി നേരിടുന്ന അധ്യാപകരുടെ കുടുംബങ്ങള്‍ താത്കാലിക ആശ്വാസത്തിലാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെയും കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും മാനവ വിഭവശേഷിവകുപ്പുകളുടെയുമെല്ലാം ശ്രദ്ധയില്‍ ഈ പ്രശ്‌നം കൊണ്ടുവരാനും പരിഹാരത്തിനായി ശ്രമിക്കാനുമാണ് പലവിധ കോണുകളില്‍ നിന്നാരംഭിച്ചിട്ടുള്ളത്.
യു എ ഇയിലെ വിദ്യാഭ്യാസ വകുപ്പുമായും ഇടപെട്ട് വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിദ്യാഭ്യാസ വിഭാഗം അധ്യാപകരുടെയും അവരുടെ സ്‌കൂളുകളുടെയുമെല്ലാം പേരു വിവരങ്ങള്‍ ഫോണ്‍ വിളിച്ച് ശേഖരിക്കുകയും ചെയ്തിരുന്നു. നാനൂറിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്.

യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് നല്‍കാനാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറയുന്നത്. അതെസമയം പ്രസ്തുത വിവരങ്ങള്‍ നേരത്തെ കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും വീണ്ടും വിവരം ശേഖരിക്കുന്നത് ആശയകുഴപ്പമുണ്ടാക്കിയതോടെ പലരും വിവരം നല്‍കാന്‍ മടിക്കുകയാണ്.
കേരളത്തില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും വിദേശ രാജ്യങ്ങളില്‍ അവക്ക് യോഗ്യതയില്ലാതാകുകയും ചെയ്യുന്ന വിഷയത്തില്‍ അടിയന്തിരമായി വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ട് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി. പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, സെക്രട്ടറി ഈസ അനീസ് തുടങ്ങിയ പ്രതിനിധികള്‍ ഒപ്പിട്ട നിവേദനമാണ് ഇന്നലെ സമര്‍പിച്ചത്.
ഐ സി എഫ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, റാസ് അല്‍ ഖൈമ കേരള സമാജം, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ തുടങ്ങിയ സംഘങ്ങളും സഹായഹസ്തം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയും വിഷയത്തില്‍ പരിഹാരത്തിനായി ശ്രമിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അടുത്ത മാസം എട്ടിന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഉദ്ഘാടനത്തോടനത്തിന് വരുമ്പോള്‍ അദ്ദേഹവുമായും ബന്ധപ്പെട്ടവരുമായും പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന പ്രതീക്ഷയിലാണ് അധ്യാപകരുടെ പ്രതിനിധികള്‍.

Latest