സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടല്‍:  ജോലിക്കിടെ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ചോരപ്പണം ലഭിച്ചു

Posted on: June 29, 2018 6:30 pm | Last updated: June 29, 2018 at 6:30 pm
SHARE
മരണപ്പെട്ട മുസ്തഫയുടെ മകന്‍ സിറാജിന് രണ്ട് ലക്ഷം ദിര്‍ഹമിന്റെ ചെക്ക് അഡ്വ. അബ്ദുല്‍ അസീസ് അല്‍ അമരി കൈമാറുന്നു

അബുദാബി: ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരണപ്പെട്ട മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി മുസ്തഫയുടെ കുടുംബത്തിന് രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം രണ്ട് ലക്ഷം ദിര്‍ഹം ചോരപ്പണം ലഭിച്ചു. പ്രമുഖ നിയമ വിദഗ്ദ്ധന്‍ ബല്‍റാം വഴി അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് പട്ടാമ്പി നടത്തിയ സജീവ ഇടപെടലാണ് ചോരപ്പണം ലഭിക്കാന്‍ കാരണം. അബുദാബിയിലെ കെട്ടിട നിര്‍മ്മാണ കമ്പനിയിലെ സഹായിയായിരുന്ന മുസ്തഫ. രണ്ട് വര്‍ഷം മുമ്പ് 2016ല്‍ അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ പെയിന്റ് ജോലിചെയ്യുന്നതിനിടയിലാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരണപ്പെട്ടത്.

വളരെ ദരിദ്രമാണ് മുസ്തഫയുടെ കുടുംബം, 15 വര്‍ഷമായി പെയിന്ററായി ജോലി ചെയ്തിരുന്ന മുസ്തഫക്ക് മരണപ്പെടുന്നത് വരെ തുച്ഛമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. 15 വര്‍ഷത്തെ സര്‍വീസും ആവശ്യമായ നഷ്ടപരിഹാരവും നല്കണമെന്നവശ്യവുമായി കുടുംബം മുസ്തഫ ജോലി ചെയ്ത കമ്പനിയെ സമീപിച്ചെങ്കിലും മരണപെടുന്ന മാസത്തെ ശമ്പളം ഉള്‍പ്പെടെ 8500 ദിര്‍ഹം മാത്രമാണ് കമ്പനി നല്‍കിയതെന്ന് മുസ്തഫയുടെ മകന്‍ സിറാജ് വ്യക്തമാക്കി.
അറബ് വംശജരുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനി മുസ്തഫ മരണപ്പെട്ടതിന് ശേഷം കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്കാതിരുന്നതാണ് കുടുംബം കോടതിയെ സമീപിക്കാന്‍ കാരണം.

15 വര്‍ഷത്തെ സര്‍വീസ് ഉള്‍പ്പെടെ ആവശ്യമായ നഷ്ട്ടപരിഹാരം കമ്പനിയില്‍ നിന്നും വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്തഫയുടെ കുടുംബം നിയമ ഉപദേശകന്‍ ബല്‍റാം വഴി അഡ്വക്കറ്റ് അബ്ദുല്‍ അസീസ് അല്‍ അമരി മുഖേന ക്രിമിനല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ ലഭിച്ചത് ചോരപ്പണം മാത്രമാണെന്നും ആവശ്യമായ നഷ്ടപരിഹാരത്തിന് വീണ്ടും കോടതിയെ സമീപിച്ചതായും അഡ്വക്കറ്റ് അബ്ദുല്‍ അസീസ് അല്‍ അമരി അറിയിച്ചു. വളരെ ദരിദ്രമായ മുസ്തഫയുടെ കുടുംബത്തിന് ചോരപ്പണം വലിയ മുതല്‍ കൂട്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here