Connect with us

Gulf

രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയില്‍; ധനവിനിമയ സ്ഥാപനങ്ങളില്‍ തിരക്ക്

Published

|

Last Updated

ദുബൈ: രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയില്‍. വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞ് ഡോളറിനു 69 രൂപയിലെത്തി. ഇന്നലെ രാവിലെ 69.10 രൂപ ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പം മെച്ചപ്പെട്ടു. ഇതിന് ആനുപാതികമായി ദിര്‍ഹത്തിനും വില കൂടി. ദിര്‍ഹമിന് 18.76 രൂപ വരെയെത്തി. ഇന്ത്യയില്‍ ഡോളറിനുള്ള ആവശ്യം വര്‍ധിച്ചതാണ് രൂപയെ സമ്മര്‍ദത്തിലാക്കിയത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടത് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതും വിനിമയ നിരക്കിലെ വര്‍ധനവിന് ആക്കം കൂട്ടിയ ഘടകമാണ്.

2013 ഓഗസ്റ്റ് 28ന് 68.80 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. ക്രൂഡ് ഓയില്‍ നിരക്കിലെ വര്‍ധനയും വിനിമയ നിരക്കിലെ ഇടിവും ഇന്ത്യക്ക് ഒരേ സമയമുള്ള രണ്ടു കനത്ത ആഘാതങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഡോളറുമായുള്ള രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞതോടെ പണം അയക്കുന്നതിന് ധനവിനിമയസ്ഥാപനങ്ങളില്‍ വന്‍ തിരക്ക്. രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും കമ്പനികളില്‍ ശമ്പളം ലഭ്യമായതുമാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. ഇറക്കുമതിക്കാര്‍ നല്ല തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്. ഈ മാസം ഇതുവരെ വിദേശ ധനസ്ഥാപനങ്ങള്‍ 18,000 കോടി രൂപയുടെ വില്‍പന നടത്തി. ഇതിനു പുറമെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി താഴുന്നതും രൂപക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നു.ഈ വര്‍ഷം ആദ്യം 63.62 നിലവാരത്തിലായിരുന്നു രൂപയുടെ നിരക്ക്. അഞ്ചു മാസംകൊണ്ടു രൂപയുടെ മൂല്യത്തില്‍ 6.5 ശതമാനം ഇടിവാണുണ്ടായത്.

അടുത്ത ദിവസവും രൂപയുടെ മൂല്യം താഴേക്ക് പോകാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
രൂപയുടെ ഇപ്പോഴത്തെ ഇടിവിന് പ്രധാന കാരണം ഉയര്‍ന്ന് വരുന്ന ഇന്ധന വില വര്‍ധനവും സ്റ്റോക്ക് മാര്‍ക്കറ്റിലെ ഇടിവുമാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹ്മദ് പറഞ്ഞു. ഇതിനു പുറമെ യു എസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന രാജ്യങ്ങള്‍ തമ്മില്‍ തുടര്‍ന്ന് വരുന്ന വ്യാപാര യുദ്ധം രൂപയെ ബാധിച്ചു. ഇന്നലെ ദിര്‍ഹത്തിനെതിരെ രൂപ 18.80 കടന്നു. ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 2016 നവംബറില്‍ 18.74 ആയിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ രൂപ കൂടുതല്‍ ഇടിയുമെന്നാണ് സൂചന.

രൂപയുടെ മൂല്യം താഴ്ന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷകരമായ വര്‍ത്തയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും യു എ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി ഇ ഒയുമായ പ്രമോദ് മങ്ങാട്ട്. 2016 നവംബറിന് ശേഷം ദിര്‍ഹമിന് ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ദിര്‍ഹമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലെ രാവിലെ 18.63 ആയിരുന്നു രൂപയുടെ മൂല്യം, ഇത് 2016 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. മാസം തോറുമുള്ള ചെലവുകള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസി രൂപയുടെ തകര്‍ച്ച ഏറ്റവും സന്തോഷം നല്‍കും. 2018 ന്റെ ആരംഭം മുതല്‍ 7.5 ശതമാനത്തില്‍ കൂടുതല്‍ ഇടിവുണ്ടായി അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യത്തെ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും പണം അയക്കുന്നത് പത്ത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സി ഇ ഒ ഒസാമ അല്‍ റഹ്മ വ്യക്തമാക്കി. സാമ്പത്തികമായി ഉന്നതയിലുള്ള ഇന്ത്യക്കാരായ ജീവനക്കാര്‍ തകര്‍ച്ച മുതലെടുത്ത് രൂപക്ക് മൂല്യച്യുതി സംഭവിക്കുന്ന സമയത്ത് രാജ്യത്തേക്ക് രണ്ട് പ്രാവശ്യം പണമയക്കുന്നുണ്ട്.

Latest